ഒരു സ്വർണ്ണക്കള്ളക്കടത്തിന് ഇത്രയൊക്കെ പ്രാധാന്യമേയുള്ളൂ?
മനോജ് കെ പുതിയവിള
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ വഴി 15 തവണയായി നൂറുകിലോ സ്വർണ്ണം ഇൻഡ്യയിലേക്കു കടത്തി എന്നാണു പത്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ക്യാരിയർമാർക്ക് ഓരോ കടത്തലിനും 10 മുതൽ 25 വരെ ലക്ഷം രൂപയായിരുന്നത്രേ പ്രതിഫലം. ഗ്രാമിനു 4,540 രൂപ എന്ന ഇന്നത്തെ വിലനിരക്കിൽ നൂറുകിലോ സ്വർണ്ണത്തിന് 45.5 കോടി രൂപ വിലവരും. ഇപ്പോൾ ഒറ്റത്തവണ 30 കിലോ കൊണ്ടുവന്നസ്ഥിതിക്ക് ബാക്കി 14 തവണയുംകൂടി കൊണ്ടുവന്നത് 70 കിലോയേ വരികയുള്ളോ? ശരാശരി അഞ്ചുകിലോവീതം മാത്രം? ആവോ, ആയിരിക്കാം. അതൊന്നും നമുക്ക് അറിയാൻ വഴിയില്ലല്ലോ. അധികൃതർ പറയുന്നത് മുഖവിലയ്ക്കെടുക്കാം.
സ്വർണ്ണം തിരുച്ചിയിലാണ് എത്തിയതെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അതിന്റെ കൂടുതൽ വിവരങ്ങൾ വരട്ടെ. അതിനുമുമ്പ് മാദ്ധ്യമപ്രവർത്തനെന്ന നിലയിലും ഒരു സാധാരണക്കാരൻ എന്ന നിലയിലും ചില ആശങ്കകൾ പങ്കുവയ്ക്കട്ടെ! ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നത് ഈ വിവാദസ്വർണ്ണക്കടത്തിനെപ്പറ്റിയല്ല. ഓരോ സ്വർണ്ണക്കടത്തുവാർത്തയും വായിക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യത്തെപ്പറ്റിയാണ്. മിക്കപ്പൊഴും പിടിക്കപ്പെടുന്നത് ക്യാരിയർമാരാണ്. അത് ഒരു നാലുകോളം വാർത്തയായൊക്കെ വരും.
ഒന്നോരണ്ടോ ദിവസം ചിലപ്പോൾ പത്രങ്ങൾ ഫോളൊ അപ് ചെയ്തെന്നുംവരാം. അവിടെ കഴിയും. എന്നാൽ, നമ്മുടെ സമ്പദ്ഘടനയിലേക്ക് ഇങ്ങനെ അനധികൃതമായി സ്വർണ്ണമോ ധനമോ വരുന്നത് എത്ര അപകടകരമായ കാര്യമാണ്! പലപ്പോഴും ദേശസുരക്ഷയെത്തന്നെ അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കോ ഭീകരപ്രവർത്തനങ്ങൾക്കോ ഒക്കെയാകും ഇവ വരുന്നത്. കള്ളപ്പണം പിടിക്കാനെന്നുപറഞ്ഞ് ഇരുട്ടടിപോലെ നടപ്പാക്കിയ നോട്ടുനിരോധനത്തിൽ സമ്പദ്ഘടന തകർന്നടിഞ്ഞ ഒരു രാജ്യത്തു ജീവിക്കുന്ന നാം ചിന്തിക്കേണ്ടത് ആ ഹിമാലയൻ വിഢിത്തം ഫലമൊന്നും ചെയ്തില്ലെങ്കിലും അത്രവലിയ വിലകൊടുക്കേണ്ടിവന്ന ഒരു വിഷയമാണു കള്ളപ്പണം എന്നതാണ്. അത്രയ്ക്ക് ആപത്ക്കരമായ ഈ കള്ളക്കടത്ത്, കള്ളപ്പണക്കേസുകളിൽ എന്തുകൊണ്ടാണു നാം കാര്യമായി ഉത്ക്കണ്ഠപ്പെടാത്തത്?
ഏതെങ്കിലും കള്ളക്കടത്തുകേസിൽ സ്വർണ്ണം ആർക്കുവേണ്ടിയാണു കൊണ്ടുവന്നതെന്നോ ആരാണ് അയച്ചതെന്നോ ഇക്കാലമത്രയും ഒരു മാദ്ധ്യമവാർത്തയിലും കണ്ടതായി എന്റെ ഓർമ്മയിലില്ല. ഒന്നുകിൽ കേസുകൾ അത്രത്തോളം എത്തുന്നില്ല; ക്യാരിയർമാരെ ബലിയാടാക്കി അവസാനിപ്പിക്കുന്നു. അതല്ലെങ്കിൽ ആ കേസുകളുടെ അത്തരം അന്ത്യം അന്വേഷണയേജൻസികൾ മാദ്ധ്യമങ്ങൾക്കു നല്കുന്നില്ല; അല്ലെങ്കിൽ മാദ്ധ്യമങ്ങൾ അന്വേഷിച്ചറിയുന്നില്ല.
മൂന്നാമത്തെ സാദ്ധ്യത, അക്കാര്യങ്ങൾ അറിഞ്ഞാലും തങ്ങൾക്കു കോടികളുടെ പരസ്യം തരുന്ന സ്വർണ്ണവ്യവസായികളുടെ പേരു പറയാൻ മാദ്ധ്യമങ്ങൾക്കു താത്പര്യമില്ല; അല്ലെങ്കിൽ അവർ തടയപ്പെടുന്നു. യഥാർത്ഥകാരണം ഇവയിൽ ഏതാണെന്ന് എനിക്ക് അറിയില്ല. ഇപ്പോഴത്തെ കേസിലും മറിച്ചൊന്നും സംഭവിക്കും എന്ന് എനിക്കു പ്രതീക്ഷയില്ല. സ്വർണ്ണം തരക്കേടില്ലാത്ത അളവിൽ ഉള്ളതുകൊണ്ടും ഇത്രയേറെ മാദ്ധ്യമവാർത്തയും ജനതാത്പര്യവും വന്നതുകൊണ്ടും ചിലപ്പോൾ കുറച്ചുദിവസംകൂടി അന്വേഷണവാർത്തകൾ വന്നേക്കാം.
തങ്ങളുടെ രാഷ്ട്രീയാജൻഡയിൽനിന്ന് അന്വേഷണം അകന്നുപോകുന്നു എന്നു കണ്ടാൽ ചിലപ്പോൾ വഴിക്ക് ഉപേക്ഷിക്കാനും മതി.സ്വർണ്ണം ആര് അയച്ചു? ആർക്കുവേണ്ടി? എന്തിനുവേണ്ടി? – ഇതാണ് ഏതു സ്വർണ്ണക്കടത്തിലും കണ്ടെത്തേണ്ട വസ്തുത. ഈ അടിസ്ഥാനപ്രശ്നത്തിൽനിന്ന് ഈ കേസിനെ വഴിമാറ്റിവിടാനുള്ള യഥാർത്ഥകുറ്റവാളികളുടെ ആവശ്യത്തിനു നമ്മുടെ മാദ്ധ്യമങ്ങൾ ചട്ടുകങ്ങളായിരിക്കുന്നു എന്നതാണു നാം കാണുന്ന ദുഃഖകരമായ വസ്തുത.
അതിനായി ആ താത്പര്യമുള്ളവർ ആസൂത്രിതശ്രമം നടത്തുക സ്വാഭാവികമാണല്ലോ. സ്വർണ്ണം പിടിക്കപ്പെടുന്ന നിമിഷം അവർ രക്ഷാമാർഗ്ഗങ്ങൾ തേടും. ഓപ്പറേഷനുകൾ തുടങ്ങും. അതിനവർ ആരെയും ഉപയോഗിക്കും – രാഷ്ട്രീയക്കാരെയും പത്രക്കാരെയും അന്വേഷണോദ്യോഗസ്ഥരെയുമൊക്കെ.ഈ കേസിന്റെ പോക്കു പരിശോധിച്ചപ്പോൾ എനിക്കു തോന്നിയ ഒരു കാര്യം പറയാം. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാനലിലൂടെ, കേന്ദ്രസർക്കാരിന്റെ വിദേശമന്ത്രാലയത്തിനു കീഴിലുള്ള രണ്ട് ഓഫീസുകൾ തമ്മിൽ, അതിൽ ഒരു ഓഫീസിലെ അറ്റാഷെ എന്ന ഉയർന്ന ഉദ്യോഗസ്ഥന്റെ/യുടെ പേരിൽ, ഡിപ്ലോമാറ്റിക് ബാഗേജായി അതിന്റെ എല്ലാ പരിരക്ഷയോടെയും, എല്ലാ സുരക്ഷാക്കടമ്പകളും കടന്ന്, ഇൻഡ്യയിൽ എത്തിയ 30 കിലോ സ്വർണ്ണം.
അത് ഏറ്റുവാങ്ങാൻ കോൺസുലേറ്റിന്റെ ഔദ്യോഗികനിയോഗപത്രവുമായി ആള് എത്തുന്നു. ഈ വിഷയത്തിൽ സംഭവിച്ചത് ഇതാണ് – ബിജെപി സംസ്ഥാനാദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് കസ്റ്റംസ് ഉദ്യോഗസ്ഥരെ കേരളമുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു വിളിച്ചു എന്ന് ആരോപിക്കുന്നതുവരെ.
സുരേന്ദ്രന്റെ ആ തക്കസമയത്തെ ഇടപെടൽ നടന്നില്ല എന്നു സങ്കല്പിക്കുക. വാർത്ത എങ്ങനെ പോകുമായിരുന്നു? കേന്ദ്രഭരണകൂടത്തിനും അതിനു നേതൃത്വം നല്കുന്ന പാർട്ടിക്കും എതിരായ ദേശീയപ്രാധാന്യമുള്ള ‘മെഗാ’വാർത്തയായി അതു മാറുമായിരുന്നു. ബിജെപിയെ ശക്തമായി പ്രതിരോധിക്കുന്ന സിപിഐ(എം) അതു വലിയൊരു വിഷയമായി ഏറ്റെടുത്ത് പ്രചാരണവും പ്രക്ഷോഭം പോലുമോ സംഘടിപ്പിച്ചേനെ. ഇടതുപക്ഷക്കാർ സമൂഹമാദ്ധ്യമങ്ങളിൽ ഈ സംഭവം ആളിക്കത്തിച്ചേനെ. രാജ്യത്തെ വലിയൊരു രാഷ്ട്രീയാരോപണമായി അതു മാറിയേനെ. എന്നാൽ, അതിനെല്ലാം അവസരം ഉണ്ടാകുമ്മുമ്പ് ആ ഇടപെടൽ വന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷേധിച്ച, അവർ ഒരിക്കൽപ്പോലും മാദ്ധ്യമങ്ങളിൽ അരോടും പറയാത്ത ഒരു ആരോപണം. അതോടെ സംഗതി മുഴുവൻ മേല്പറഞ്ഞ കേന്ദ്രസർക്കാർസംവിധാനങ്ങളിലൊന്നും ഒരു റോളുമില്ലാത്ത ഒരു സംസ്ഥാനസർക്കാരിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു കേന്ദ്രീകരിച്ചു. രാജ്യത്തു കലാപം ഉണ്ടാക്കാനോ മറ്റു വിദ്ധ്വംസകപ്രവർത്തനങ്ങൾക്കോ എന്തെനെന്നു നമുക്കറിയാത്ത ആ സ്വർണ്ണക്കള്ളക്കടത്തിനു പിന്നിലെ യഥാർത്ഥ കുറ്റവാളികൾ ആ വിവാദത്തിന്റെ മറവിൽ രക്ഷപ്പെടുകയും ചെയ്യുന്നു.
ഇതിലെ ദുരൂഹതയെപ്പറ്റി ഒരു ‘ഉത്തരവാദപ്പെട്ട’ മാദ്ധ്യമപ്രവർത്തകരും ഉത്ക്കണ്ഠപ്പെടുന്നുമില്ല!ഏതു കേസും അട്ടിമറിക്കാൻ നമ്മുടെ നാട്ടിൽ നിലവിലുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് അതിനെ അധികാരരാഷ്ട്രീയവുമായി ബന്ധിപ്പിക്കുക എന്നത്. അതിനു നമുക്കുമുന്നിൽ എത്രയോ ഉദാഹരണങ്ങളുണ്ട്!
കേരളം റ്റൈറ്റാനിയം സ്പഞ്ച് നിർമ്മിക്കുന്ന അഞ്ചാമത്തെ ലോകകേന്ദ്രമായി മാറാനുള്ള സാദ്ധ്യത ഓരോതവണ തെളിയുമ്പോഴും അതിനു തുരങ്കം വയ്ക്കാൻ രാഷ്ട്രീയക്കാരെയടക്കം തത്പരക്ഷികൾ ഉപയോഗപ്പെടുത്തി നടത്തുന്ന അട്ടിമറികൾ നാം എത്രയോ കണ്ടു! വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു വിവിധ രാജ്യങ്ങളുടെയും തുറമുഖക്കമ്പനികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ ചട്ടുകമാക്കപ്പെട്ടത് രാഷ്ട്രീയനേതാക്കളും മാദ്ധ്യമപ്രവർത്തകരുമല്ലേ?
ഒന്നും നാടിന്റെ താത്പര്യത്തിൽ ആയിരുന്നില്ല. എന്നല്ല, എതിരെ ആയിരുന്നുതാനും. ഇന്നും അല്പം മുമ്പ് ഒരു ചാനലിൽ കേട്ടു, കോവിഡിന്റെ സമൂഹവ്യാപനം ഇല്ലാത്ത രാജ്യങ്ങളിൽ മുന്നിലുള്ള ഇൻഡ്യ എന്ന്! അതേ ചാനലുകളാണ് കേരളത്തിൽ സമൂഹവ്യാപനമായി എന്നു വരുത്തിത്തീർക്കാൻ അശ്രാന്തപരിശ്രമം നടത്തുന്നത്.
എവിടേക്കാണീ പോക്ക്! മറ്റ് ഏതു തൊഴിലിനെയും പോലെ കമ്പനിയുടെ ലാഭവും നമ്മുടെ ശമ്പളവും എന്നതുമാത്രമാണോ മാദ്ധ്യമപ്രവർത്തനത്തിന്റെയും ലക്ഷ്യം? എന്നാണു നാം റെസ്പോൺസിബിൽ ജേർണലിസത്തിലേക്ക് ഉയരുക! ഒന്നുമില്ലെങ്കിലും നല്ല അന്താരാഷ്ട്രമാദ്ധ്യമങ്ങൾ വാർത്തകളെ സമീപിക്കുന്ന രിതി ഒന്നു പരിശോധിക്കാനെങ്കിലും വല്ലപ്പോഴും നാം തയ്യാറാകണം.
സ്ഥാപനങ്ങൾ ജേർണലിസ്റ്റുകൾക്ക് അതിന് അവസരം നല്കണം. അതേപ്പറ്റിയൊക്കെ ചർച്ചകൾ സംഘടിപ്പിക്കണം. മാദ്ധ്യമവിദ്യാഭ്യാസസ്ഥാപനങ്ങളും സിലബസിൽ ഇതിനൊക്കെ ഇടം കണ്ടെത്തണം. അല്ലെങ്കിൽ വരും തലമുറയും അർണബിനെയൊക്കെപ്പോലെ അധഃപതിച്ചുപോകും.
ഇപ്പോൾ മാദ്ധ്യമങ്ങൾ രണ്ടുമൂന്നു ദിവസമായി ഈ കേസു കൊണ്ടാടുന്നതിന്റെ കാരണം അതിൽ ദൃശ്യവ്യാപാരസാദ്ധ്യതയുള്ള സുന്ദരിമാർ ഉൾപ്പെട്ടതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരിൽ പ്രതിപക്ഷം ആരോപണം ഉയർത്തിയതും മാത്രമാണ്. എന്നാൽ, അതിനപ്പുറമുള്ള താത്പര്യം എല്ലാ കള്ളക്കടത്തുകേസിലും ആവശ്യമല്ലേ?
ഉന്നതബ്യൂറോക്രാറ്റുകളോ രാഷ്ട്രീയ-ഭരണനേതൃത്വങ്ങളോ കള്ളക്കടത്തിൽ ഉൾപ്പെടുകയോ അവരാരെങ്കിലും അവിഹിതമായി ഇടപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ സ്വാഭാവികമായും അന്വേഷണത്തിൽ പുറത്തുവരുമല്ലോ. വിശേഷിച്ച്, അപ്രകാരം ആരോപിക്കപ്പെട്ടവർക്കൊന്നും ഒരു സ്വാധീനവുമില്ലാത്ത കേന്ദ്രസർക്കാരിന്റെ ഏജൻസികൾ അന്വേഷണം നടത്തുമ്പോൾ.
അപ്പോൾ, ഈ കേസിലെ യഥാർത്ഥകുറ്റവാളികൾ പിടിക്കപ്പെടുകയും രാജ്യത്തിന് അപകടമായ ഈ പ്രവണത നിയന്ത്രിക്കുകയുമാണു നമ്മുടെ ആവശ്യമെങ്കിൽ നാം ചെയ്യേണ്ടത് അന്വേഷണോദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാതെ സ്വതന്ത്രമായി അന്വേഷിക്കാനുള്ള സാഹചര്യം ഒരുക്കുകയും ആ അന്വേഷണത്തിന്റെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ ജാഗ്രത പുലർത്തുകയുമാണ്.
അതുകൊണ്ട്, ഉയർത്തപ്പെടേണ്ട ചോദ്യങ്ങൾ സ്വർണ്ണം അയച്ചതാര്, ആർക്ക്, എന്ത് ആവശ്യത്തിന് എന്നതാണ്. അതിലേക്ക് അന്വേഷണം കൃത്യമായി എത്തിയാൽ അതുമായി ബന്ധമുള്ളവരും അതിൽ ഇടപെട്ടവരുമൊക്കെ തനിയെ പുറത്തുവന്നുകൊള്ളും. അല്ലാതെ കാടും പടലും തല്ലലല്ല പത്രപ്രവർത്തനം.
Comments are closed.