സ്ത്രീകളായ കുറ്റാരോപിതരുടെ മുലയിലും മൂട്ടിലും മാത്രം തുറിച്ചുനോക്കുന്ന കുറ്റാന്വേഷക മാദ്ധ്യമങ്ങൾ
പ്രമോദ് പുഴങ്കര
“സ്വപ്നസുന്ദരി ഉന്നതരുടെ ഇഷ്ടതോഴിയോ ” എന്നാണ് ഏഷ്യാനെറ്റ് news hour ൽ ചോദിക്കുന്നത്. ചാരക്കഥയിലെ രതിരാവുകളുടെ വർണ്ണന തന്നെയാണ് ഇപ്പോഴും മലയാള മാദ്ധ്യമ പ്രവർത്തനത്തിലെ ഒന്നാം ഉപപാഠ പുസ്തകം എന്ന് മനസിലാക്കുന്നു. ഇങ്ങനെയൊരു ചർച്ചാ തലക്കെട്ട് മിടുക്കാണെന്നു ആത്മാർത്ഥമായി ധരിക്കുന്ന വിധത്തിലുള്ള മാധ്യമ ബോധം മാത്രമല്ല, സാമൂഹ്യബോധമേ ഉള്ളു എന്നത് പരിതാപകരമാണ്.
എങ്ങനെയാണ് കുറ്റാരോപിതയായ സ്ത്രീയുടെ വിശേഷണം ‘സ്വപ്ന സുന്ദരി’ എന്നാകുന്നത്? എങ്ങനെയാണ് അവർ ‘ഉന്നതരുടെ ഇഷ്ടതോഴി’ എന്ന ദ്വയാർത്ഥ പ്രയോഗത്തിലേക്ക് പെട്ടന്ന് മാറ്റപ്പെടുന്നത്? അവർ കുറ്റവാളിയാണ് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ നിയമനടപടികൾക്ക് വിധേയയാക്കണം. അവരെ മാത്രമല്ല അവരുടെ കൂട്ടുപ്രതികളെയും.
തീർച്ചയായും രണ്ടു പേർ മാത്രം വിചാരിച്ചാൽ നടക്കാവുന്ന ഒരു കുറ്റകൃത്യമല്ല ഈ സ്വർണക്കടത്ത്. കോൺസുലേറ്റ് ബന്ധവും മറ്റ് ഉദ്യോഗസ്ഥ ഇടപാടുകളും അന്വേഷിക്കണം. പക്ഷെ അപ്പോഴും എങ്ങനെയാണ് അവർ സ്വപ്നസുന്ദരി ആകുന്നത്.. ആരുടെ സ്വപനത്തിൽ? ഒരു സ്ത്രീ കുറ്റകൃത്യം ചെയ്താൽ, അവർക്ക് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടായാൽ ഉടനെ എങ്ങനെയാണ് അത് ലൈംഗികബന്ധത്തെ സൂചിപ്പിക്കുന്ന വാചകങ്ങളിൽ മാദ്ധ്യമ വിശേഷണം വരുന്നത്?
സ്വപ്നസുന്ദരന്മാരായി ഒരു ആൺ കുറ്റവാളിയും വിശേഷിപ്പിക്കപ്പെടാറില്ല. ഒരു സ്ത്രീ പ്രതിയായാൽ ഉടനെ അവരുടെ Gender ഒരു ഘടകമാവുകയും അവരുടെ ആരോപിത സൗന്ദര്യം ഒരു നിരന്തര വിശേഷണവുമായി വരുന്നത് മഞ്ഞപത്രപ്രവർത്തനത്തിന്റെ കുറച്ചുകൂടി ധനികമായൊരു പതിപ്പെന്നു വേണം പറയാൻ.
മുമ്പൊരു മാതൃഭൂമി ചർച്ചയിൽ അവതാരകൻ പി സി ജോര്ജിനോട് പ്രതികരണം ആരായുകയും അയാൾ തന്റെ എതിരാളിയുടെ തന്തക്ക് വിളിക്കുമ്പോൾ അവതാരകനും രാഷ്ട്രീയകക്ഷികളുടെ വക്താക്കളും മുതിർന്ന മധ്യമപ്രവർത്തകനും കുലുങ്ങിച്ചിരിക്കുകയുമാണ്. ആ തന്തക്ക് വിളി അത്രയിൻ ചിരിയുണർത്തുന്ന ഒന്ന് മാത്രമാണ് അവർക്ക്. അത്രയേയുള്ളൂ ഒരു മാദ്ധ്യമ സംവാദത്തിന്റെ നിലവാരത്തെക്കുറിച്ചു അവർക്കുപോലുമുള്ള ധാരണ.
സ്ത്രീകളായ കുറ്റാരോപിതരുടെ മുലയിലും മൂട്ടിലും മാത്രം തുറിച്ചുനോക്കുന്ന കുറ്റാന്വേഷക മാദ്ധ്യമങ്ങൾ ഒളിഞ്ഞുനോട്ടരതിയുടെ പുളിച്ചുതേട്ടുന്ന കാഴ്ചകളാണ് നമുക്ക് മുന്നിൽ വെക്കുന്നത്. തുള വലുതാക്കി തിക്കിത്തിരിക്കുന്ന ഒരു പൊതുസമൂഹത്തിനു വേണ്ടിയാണത് എന്നത് ആശ്വസിക്കാൻ വക നൽകുന്ന ഒന്നല്ല.
Comments are closed.