News in its shortest

രാമ ഭക്തനായ മോദിക്കുള്ള ബദല്‍ ഹനുമാന്‍ ഭക്തനായ കെജ്രിവാളല്ല

അന്നലക്ഷ്മി

ദല്‍ഹി നിയമസഭയിലേക്ക് ആംആദ്മി പാര്‍ട്ടിക്ക് ഹാട്രിക് വിജയം. തോല്‍പിച്ചത് ബിജെപിയെ. ആദ്യ തവണ കോണ്‍ഗ്രസിനെ തോല്‍പിച്ച എഎപി രണ്ടാം തവണയും മൂന്നാം തവണയും ബിജെപിയെ തോല്‍പിച്ചു. അതുകൊണ്ട് തന്നെ ദേശീയ തലത്തില്‍ ബിജെപിക്ക് ബദല്‍ ആണ് കെജ്രിവാളും എഎപിയുമെന്ന വാദം വീണ്ടും ശക്തമായി ഉയര്‍ന്ന് കഴിഞ്ഞു.

ദല്‍ഹിയിലെ കെജ്രിവാളിന്റെ ഭരണത്തെ മാതൃകയാക്കി രാജ്യമെമ്പാടും സ്വാധീനം ഉറപ്പിക്കാനുള്ള മോഹം അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യ തലസ്ഥാനത്ത് കെജ്രിവാള്‍ ഭരണകൂടം നടപ്പിലാക്കിയ നല്ല സ്‌കൂള്‍, ആശുപത്രികള്‍, വെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങളാണ് അവരുടെ തുറുപ്പ് ചീട്ട്. ഈ രംഗങ്ങളില്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും പരിതാപകരമായ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ മാതൃക ഭരണം മറ്റ് സംസ്ഥാനങ്ങളിലേക്കും പറിച്ച് നടാം എന്ന മോഹത്തിലാണ് എഎപി നേതാക്കന്‍മാര്‍.

ബിജെപിയെ നേരിടാന്‍ ഇതാണ് ഏറ്റവും നല്ല മാതൃകയെങ്കില്‍ ദല്‍ഹിയല്ല, കേരളമാണ് ബദല്‍. കാരണം, ഈ പറഞ്ഞ സൗകര്യങ്ങള്‍ പതിറ്റാണ്ടുകള്‍ മുന്ന കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും നടപ്പിലാക്കി കഴിഞ്ഞവയാണ്. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ വര്‍ഷങ്ങളായി കേരളം യൂറോപ്യന്‍ നിലവാരത്തിലാണുള്ളത്. യുഡിഎഫിനേക്കാള്‍ മികച്ച രീതിയില്‍ പൊതുജന ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് എല്‍ഡിഎഫ് ആണെന്നതും തര്‍ക്കമില്ലാത്ത വിഷയമാണ്.

മധ്യവര്‍ഗത്തിന്റെ അധികാര മോഹത്തിന്റെ സംഘടനാ രൂപം മാത്രമാണ് ആംആദ്മി പാര്‍ട്ടി. കരിയറിസ്റ്റുകളായ കുറച്ച് പേരുടെ അരാഷ്ട്രീയ കൂട്ടുകെട്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കെതിരായ സമരങ്ങളുടെ സന്തതിയാണ് ആംആദ്മി. പക്ഷേ, അതിലെ നേതാക്കളുടെ ചരിത്രം എടുത്ത് പരിശോധിച്ചാല്‍ അവര്‍ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം തിരുത്തിയെഴുതിയ മണ്ഡല്‍ കമ്മീഷന് എതിരായിരുന്നു. അതായത്, സംവരണത്തിന് എതിരാണ് അവരുടെ നിലപാട്.

സംവരണം ലഭിക്കുന്നത് ഈ സമൂഹത്തില്‍ വളരെയധികം പിന്നോക്കം നില്‍ക്കുന്ന ജാതികള്‍ക്കാണ്. ഈ ജാതിക്കാര്‍ക്ക് സമൂഹത്തില്‍ ഉയര്‍ന്ന് വരാനുള്ള അവസരം നിഷേധിക്കണം എന്ന് പറയുന്നവര്‍ നേതൃത്വം നല്‍കുന്ന ആംആദ്മി പാര്‍ട്ടിക്ക് എങ്ങനെയാണ് ബിജെപിക്ക് ബദല്‍ ആകാന്‍ കഴിയുക. ബിജെപിയും അവരുടെ മാതാവായ ആര്‍ എസ് എസും സംവരണത്തിന് എതിരാണെന്നത് കൂടെ ഓര്‍ക്കുക.

മറ്റൊന്ന് ആംആദ്മിക്ക് വോട്ട് ചെയ്യുന്ന ദല്‍ഹിക്കാര്‍ നിയമസഭയിലേക്ക് കെജ്രിവാളും ലോകസഭയിലേക്ക് മോദിയും എന്ന് പറയുന്നവരാണ്. പറയുക മാത്രമല്ല പ്രവര്‍ത്തിക്കുകയും ചെയ്തു. യുപിഎ സര്‍ക്കാരിനെ തോല്‍പിച്ച് ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ലോകസഭയില്‍ ബിജെപിക്കുവേണ്ടി കൈപൊക്കാന്‍ ഏഴ് ദല്‍ഹി എംപിമാര്‍ ഉണ്ടായിരുന്നു. രണ്ടാം മോദി സര്‍ക്കാരിലും അത് ആവര്‍ത്തിച്ചു. അത്തരമൊരു വോട്ടര്‍ സ്വഭാവമുള്ള ആംആദ്മിയെ എങ്ങനെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ആനയിക്കാനാകും.

മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസും ഇടതുപക്ഷത്തിനും പകരം ബിജെപിയെ നേരിടാന്‍ ഞങ്ങള്‍ക്കാണ് കഴിയുകയെന്ന് പറഞ്ഞ് വരുന്ന ആംആദ്മിയെ പിന്തുണയ്ക്കുന്നവര്‍ ലോകസഭയുടെ കാര്യത്തില്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ആര് കണ്ടു. ആംആദ്മിയുടെ ഈറ്റില്ലമായ ദല്‍ഹിയിലെ വോട്ടര്‍മാരെ രാഷ്ട്രീയമായി പഠിപ്പിക്കാന്‍ കഴിവില്ലാത്ത കെജ്രിവാള്‍ എങ്ങനെ ബിജെപിയെ മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപിയെ നേരിടും.

പ്രത്യേകിച്ച്, ഹിന്ദു മത രാഷ്ട്രീയ ആശയ വാദം ഉയര്‍ത്തുന്ന ബിജെപിയേയും ആര്‍ എസ് എസിനേയും എന്ത് ആശയ അടിത്തറ വച്ചാണ് ആംആദ്മി നേരിടുക. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കെജ്രിവാള്‍ ഹനുമാന്‍ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ഓടി നടക്കുകയായിരുന്നു. കെജ്രിവാള്‍ കടുത്ത ഹനുമാന്‍ ഭക്തനാണ്. ഹനുമാന്‍ ആരാണ്. രാമന്റെ ഭൃത്യന്‍. രാമന്‍ ആരാണ്. ബിജെപിയും ആര്‍ എസ് എസും വോട്ട് പിടിക്കാന്‍ ഉപയോഗിക്കുന്ന ഹിന്ദു ദൈവം. ഹനുമാന്‍ ചെയ്യുന്നത് രാമന്റെ സേവയാണ്. കെജ്രിവാള്‍ ചെയ്യുന്നതും അതാണ്. ബിജെപി സേവ. ബിജെപിക്കുവേണ്ടി കോണ്‍ഗ്രസിനെ ദല്‍ഹിയില്‍ അധികാരത്തില്‍ നിന്ന് പുറത്ത് നിര്‍ത്താന്‍ കെജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കഴിയുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഇതേ മാതൃക അവലംബിക്കുകയാണോ കെജ്രിവാളിന്റെ ലക്ഷ്യം.

ബിജെപി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കെജ്രിവാളും പാര്‍ട്ടിയും ഒരു വാക്കും ഉരിയാടിയില്ല. നിയമത്തിനെതിരെ സ്ത്രീകള്‍ സമരം ചെയ്യുന്ന ഷഹീന്‍ബാഗ് ദല്‍ഹിയിലാണ്. കഴിഞ്ഞ ഒന്നര മാസത്തിലധികമായി അവിടെ സമരം നടക്കുന്നു. ജെഎന്‍യുവിലും അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലും ജാമിയയിലും വിദ്യാര്‍ത്ഥികള്‍ ഈ നിയമത്തിനെതിരെ സമരം ചെയ്ത് പൊലീസിന്റേയും ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടേയും മര്‍ദ്ദനത്തിന് ഇരയായിരിക്കുന്നു. ഇവിടെയൊന്നും ആശ്വാസ വാക്കുകളുമായോ എന്താണ് വിഷയം എന്ന് ചോദിക്കാനോ കെജ്രിവാള്‍ എത്തിയില്ല.

കോണ്‍ഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധിയും ഇടത് നേതാവായ വൃന്ദാകാരാട്ടും എംപിമാരും മാത്രമാണ് പാതി രാത്രിയിലും വിദ്യാര്‍ത്ഥികളുടെ അടുത്ത് എത്തിയത്. കെജ്രിവാള്‍ ഇവിടെയൊന്നും പോകാതിരുന്നത് ഭൂരിപക്ഷ മത വോട്ടര്‍മാരെ പിണക്കാതിരിക്കാനാണെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് തലവേദന സൃഷ്ടിക്കാതിരിക്കാനുമാണെന്ന ആരോപണമുണ്ട്. അടവ് നയമെന്ന് പറയും. ബിജെപിയുടേയും ആര്‍ എസ് എസിന്റേയും നയങ്ങളുടെ ഇരകളാക്കപ്പെട്ടവര്‍ക്ക് അടുത്തേക്ക് പോകാതെ എങ്ങനെയാണ് കെജ്രിവാള്‍ സംഘപരിവാറിന് ബദലാകുക.

ബിജെപിയേയും ആര്‍ എസ് എസിനേയും നേരിടാന്‍ കേരളമാണ് ബദല്‍ എന്ന് പറയുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ആര്‍ എസ് എസ് പതിറ്റാണ്ടുകളായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത സംസ്ഥാനം കേരളമാണ്. ഇടതുപക്ഷ ആശയധാരയാണ് കേരള ജനതയ്ക്ക് അതിന് കരുത്ത് നല്‍കുന്നത്. ഇത്തരത്തില്‍ സംഘപരിവാറിനെതിരെ എന്ത് ആശയമാണ് ആംആദ്മി പാര്‍ട്ടിക്ക് മുന്നോട്ട് വയ്ക്കാനുള്ളത്. വികസനമെന്ന മുദ്രാവാക്യം മാത്രം ഉയര്‍ത്തി ബിജെപിയെ നേരിടാന്‍ ആകില്ല. കാരണം, വികസനമെന്ന മന്ത്രത്തിന് പിന്നാലെ പോയവരാണ് മോദിയെ അധികാരത്തിലെത്തിച്ചത്.

വികസനമെന്ന മധുര മുദ്രാവാക്യത്തിനടിയില്‍ സംഘപരിവാര്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാന്‍ അതേമുദ്രാവാക്യം കൊണ്ട് മാത്രം കഴിയില്ല. അതിന് ബദല്‍ ആശയം ഉണ്ടാകണം. കേരളത്തില്‍ ഇടതുപക്ഷം വികസനവും ആശയവും കൊണ്ട് ബദല്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ കേരള മാതൃക ദേശ വ്യാപകമാക്കുകയാണ് വേണ്ടത്.

Comments are closed.