മോദിയുടെ നാല് വാഗ്ദാന ലംഘനങ്ങള്‍, പ്രധാനമന്ത്രി ജനത്തെ വിഡ്ഢികളാക്കിയത് എങ്ങനെ?
കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളിലായി നരേന്ദ്രമോദിയും ബിജെപിയും തെരഞ്ഞെടുപ്പ് മൂഡിലാണ്. കേന്ദ്രത്തില്‍ അധികാരം പിടിച്ച് പ്രധാനമന്ത്രിയായിട്ടും മോദിയും ബിജെപിയും ഭരണത്തെക്കാള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നതിനും വിജയിക്കാത്ത ഇടങ്ങളില്‍ എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നതിനുമാണ്. അതിന് ഇടയില്‍ മോദി അനവധി വാഗ്ദാനങ്ങളാണ് ജനങ്ങളുടെ മുന്നില്‍ നിരത്തുന്നത്. അവയൊന്നും പാലിക്കാറുമില്ല. അവയില്‍ പ്രധാനപ്പെട്ട നാല് വാഗ്ദാനങ്ങളാണ് ഒരോ വര്‍ഷവും ഒരു കോടി തൊഴില്‍ അവസരങ്ങള്‍ വീതം സൃഷ്ടിക്കും, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കും, അഴിമതി കുറയ്ക്കും, അച്ചേ ദിന് അതായത് നല്ല കാലം വരുന്നു എന്നിവ. ഇവ നാലും ലംഘിക്കപ്പെട്ടുവെന്ന് മാത്രമല്ല. യുപിഎ സര്‍ക്കാരിന്റേതിനേക്കാള്‍ മോശമാകുകയും ചെയ്തു രാജ്യത്തെ സ്ഥിതി ഗതികള്‍.
2013 നവംബറില്‍ ആഗ്രയില്‍ നടന്ന ഒരു റാലിയില്‍ ആയിരുന്നു അധികാരത്തിലെത്തിയാല്‍ ഓരോ വര്‍ഷവും ഒരു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മോദി പ്രഖ്യാപിച്ചത്. 2013-14-ല്‍ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനമായിരുന്നു. 2018 ഫെബ്രുവരി അവസാനം ഈ നിരക്ക് 7.1 ശതമാനമായി വര്‍ദ്ധിച്ചു.
ഉല്പാദന ചെലവിന്റെ അമ്പതു ശതമാനം ലാഭമാണ് മോദി കര്‍ഷകര്‍ക്ക് തെരഞ്ഞെടുപ്പ് പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ വിലയിടിവ് മൂലം കര്‍ഷകര്‍ രാജ്യമെമ്പാടും ദുരിതം അനുഭവിക്കുന്നു. സമരത്തിലുമാണ്. കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. രാജ്യത്തിനുവേണ്ടി മരിക്കുന്ന സൈനികരെക്കാള്‍ അധികമാണ് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണമെന്ന് മോദി പത്താന്‍കോട്ടില്‍ 2014 ഏപ്രിലില്‍ പറഞ്ഞു. എന്നാല്‍ ഇന്ന് അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണവും കടബാധ്യത മൂലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണവും അതിവേഗം കൂടിവരികയാണ്.
അഴിമതി നടത്തില്ല. അഴിമതി നടത്താന്‍ അനുവദിക്കില്ല എന്നാണ് മോദി തന്റെ മന്ത്രമായി അമേതിയില്‍ 2014 മെയില്‍ നടന്ന യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ മോദിയുടെ അടുപ്പക്കാരുടെ സ്വത്തില്‍ വന്വര്ദ്ധനവുണ്ടാകുന്നു. ബിസിനസുകാര്‍ ബാങ്കുകള്‍ കൊള്ളയടിച്ച് രാജ്യം വിടുന്നു. ചങ്ങാത്ത മുതലാളിമാര്‍ വന്‍ലാഭം കൊയ്യുന്നു. തൊഴിലാളികളെ അടിച്ചമര്‍ത്തി ദുരിതത്തിലാക്കുന്നു. ബിജെപി പ്രസിഡന്റ് അമിത് ഷായുടെ മകന്റെ സ്വത്തില്‍ 16,000 ഇരട്ടി വര്‍ദ്ധനവാണ് ഉണ്ടായത്. നീരവ് മോദി മാത്രം പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ചത് 11,000 കോടി രൂപയാണ്.
ഏകഭാരതമെന്നും നല്ല ദിനങ്ങളെന്നുമുള്ള വാഗ്ദാനങ്ങള്‍ പാഴ് വാക്കുകളായി. മതത്തിന്റെ പേരിലെ അക്രമങ്ങളും പശുവിന്റെ പേരിലെ തല്ലിക്കൊലകളും വര്‍ദ്ധിച്ചു. സമുദായങ്ങള്‍ തമ്മിലെ പരസ്പര സംശയം വര്‍ദ്ധിച്ചു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ടെലഗ്രാഫ്ഇന്ത്യ.കോം
Comments are closed.