News in its shortest

മനുഷ്യര്‍ മാത്രമല്ല, ഉറുമ്പുകളും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നുണ്ട്‌


മുറിവേറ്റവരെ സഹായിക്കുന്ന സ്വഭാവം ഈ ഭൂമിയില്‍ മനുഷ്യര്‍ക്ക് മാത്രമാണുള്ളതെന്നായിരുന്നു ഇത്രയും നാളത്തെ വിശ്വാസം. എന്നാല്‍ ഉറുമ്പുകള്‍ക്കും ഈ സ്വഭാവ ഗുണം ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. മറ്റാബെലെ ഉറുമ്പുകള്‍ക്കിടയില്‍ പരിക്കേറ്റ ഉറുമ്പുകളെ മറ്റുള്ളവര്‍ ശുശ്രൂഷിക്കുന്നുണ്ട്. ഈ ഉറുമ്പുകള്‍ ഏറ്റവും അപകടകരമായ ജീവിതം നയിക്കുന്നവരാണ്.

ഒരു ദിവസം 200 മുതല്‍ 600 തവണ വരെ ഈ ഉറുമ്പുകളിലെ പട്ടാളക്കാര്‍ ചിതലുകളുടെ കൂടുകള്‍ ആക്രമിക്കും. ചിതലുകളെ കൂട്ടില്‍ നിന്നും വലിച്ചിറക്കി ആഹാരമാക്കാന്‍ സ്വന്തം കൂട്ടിലേക്ക് ഇവ പിടിച്ചു കൊണ്ടു പോകും. അതിനിടയില്‍ ചിതലുകള്‍ തിരിച്ചു ആക്രമിക്കുകയും ചെയ്യും. ഈ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത് കൂടാതെ ചിലപ്പോള്‍ ഉറുമ്പുകളുടെ കാലുകള്‍ നഷ്ടമാകാറുമുണ്ട്. ഇങ്ങനെ പരിക്കേല്‍ക്കുന്ന ഉറുമ്പുകളെ സഹ ഉറുമ്പുകള്‍ തിരികെ കൂട്ടിലേക്ക് എത്തിക്കാറുണ്ടെന്ന് 2017-ല്‍ ജര്‍മനിയിലെ വുസ്‌ബെര്‍ഗ് സര്‍വകലാശാലയിലെ എറിക് ഫ്രാങ്ക് കണ്ടെത്തിയിരുന്നു.

പരിക്കേറ്റവര്‍ പ്രത്യേകതരം ഫിറമോണ്‍ പുറത്തുവിട്ട് മറ്റുള്ള ഉറുമ്പുകളുടെ സഹായം അഭ്യര്‍ത്ഥിക്കും. തുടര്‍ന്ന് മറ്റു ഉറുമ്പുകള്‍ പരിക്കേറ്റ സഹപ്രവര്‍ത്തകനെ തിരികെ കൂട്ടിലേക്ക് എടുത്തു കൊണ്ടു പോകും. ഈ ഉറുമ്പുകള്‍ക്ക് കൂട്ടിനകത്ത് എന്തു സംഭവിക്കുന്നുവെന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ എറിക് ചിത്രീകരിച്ചു. പരിക്കില്‍ മറ്റു ഉറുമ്പുകള്‍ നക്കി വൃത്തിയാക്കിയാണ് ശുശ്രൂഷ നല്‍കുന്നത്. ശുശ്രൂഷ ലഭിക്കുന്ന ഉറുമ്പുകളില്‍ 90 ശതമാനവും രക്ഷപ്പെടുന്നുവെന്നും അദ്ദേഹം കണ്ടെത്തി.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസയന്റിസ്റ്റ്.കോം

Comments are closed.