തനി നാടന്‍ ഇന്റര്‍നാഷണല്‍ കുഞ്ഞപ്പന്
ജസ്റ്റിന് അബ്രഹാം
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് 5.25 ഒരു വിപ്ലവമാണ്. ഹോളിവുഡില്‍ മാത്രം കാണാന്‍ കഴിയുന്ന അന്താരാഷ്ട്ര കോണ്‍സെപ്റ്റിനെ വടക്കന്‍ കേരളത്തിലെ തനി നാടന്‍ മനുഷ്യരുടെ ജീവിതത്തിലൂടെ സംവിധായകന് അവതരിപ്പിക്കുന്നു എന്നതില്‍ തുടങ്ങുന്നു ഈ സിനിമയുടെ പ്രത്യേകതകള്‍. ലോകം അതി കൗതുകത്തോടെ ചര്‍ച്ച ചെയ്യുന്ന റോബോട്ടിക് എഞ്ചിനീയറിംഗും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മനുഷ്യ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കാമെന്നും, അതിന്റെ ദോഷങ്ങളെ കുറിച്ചും സിനിമ പറയുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറായ മകനോട് വീട്ടില്‍ വന്നു പോകാന്‍ കഴിയുന്ന ജോലിയ്ക്ക് മാത്രം പോയാല്‍ മതിയെന്ന് പറയുന്ന, മിക്സിയോ, ഗ്രൈന്‍ഡറോ, വാഷിംഗ് മെഷീനോ ഉപയോഗിക്കാത്ത അറുപഴഞ്ചനും പിടി വാശിക്കാരനുമായ ഭാസ്കരന്റെ (സുരാജ്) ജീവിതത്തെ ഹൈലി പ്രോഗ്രാമ്ഡ് ആന്‍ഡ്രോയിഡ് മെഷീന് മാറ്റിമറിയ്ക്കുന്നതാണ് സിനിമ.
അങ്ങേയറ്റം പൊളിറ്റിക്കലായ സിനിമ മനുഷ്യ മനസുകളെയും, വികാരങ്ങളെയും അതിഗംഭീരമായി, അനായാസമായ കൈയ്യടക്കത്തോടെയും അവതരിപ്പിക്കുന്നു. ഒരു സയന്‍സ് ഫിക്ഷന്‍ ജോനറിലേക്ക് വീണുപോകുമായിരുന്ന കഥാതന്തുവിനെ സാധാരണമായ ഒരു നാട്ടിന് പ്രദേശത്തെ അതിസാധാരണക്കാരായ ‘മനുഷ്യരുടെ കഥയായി പറയുന്നതിലൂടെ ഏതു തരക്കാര്‍ക്കും കണ്ടിരിക്കാന്‍ കഴിയുന്ന ഒരു എന്റര്‍ടേയ്നറായി ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ വിജയവും സംവിധായകന്റെ ഈ ബ്രില്യന്‍സാണ്.
മനുഷ്യനും മെഷീനു തമ്മിലുള്ള കഥ മാത്രം പറയുന്ന ചിത്രമല്ല ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്. എത്രയോ സങ്കീര്‍ണമായ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെ പൊളിറ്റക്കല്‍ സര്‍ക്കാസം എന്ന ടൂള്‍ ഉപയോഗിച്ച് സംവിധായകനായ രതീഷ് ബാലകൃഷ്ണന് പൊതുവാള് നിശിതമായി വിമര്‍ശിക്കുന്നു. കഴമ്പില്ലാത്ത വിശ്വാസങ്ങളുടെയും ജാതി ബോധത്തിന്റേയും പൊള്ളത്തരങ്ങളെ സര്‍ക്കാസത്തിലൂടെ സംവിധായകന് നിഷ്പ്രഭമാക്കുന്നത്.
കേവലം ആന്‍ഡ്രോയിഡ് മെഷീനായ റോബോട്ടിന് ജാതകം കുറിക്കുന്നതും, ജ്യോത്സ്യന്റെ ഉപദേശ പ്രകാരം മൃത്യുഞ്ജയഹോമം കഴിക്കാന്‍ നേരുന്നതും സര്‍ക്കാസത്തിന്റെ ഉദാഹരണങ്ങളാണ്. കീഴ്ജാതിക്കാരനായ അയല്‍വക്കക്കാരനെ വെറുക്കുന്ന എന്നാല്‍ അതേ ജാതിയില്‍പ്പെട്ട സൗദാമിനിയെ പ്രണയിക്കുന്ന ഭാസ്കരനെ, അയാളുടെ സസവര്ണ ഹുംഗിനെയും ഹിപ്പോക്രസിയേയും ഒരു മെഷീന് പോലും വെറുക്കുന്നു എന്നു കാണിക്കുന്നതിലൂടെ അത്രമാത്രം വെറുക്കപ്പെടേണ്ടതാണ് മതത്തിന്റെ പേരിലുള്ള രാഷ്ട്രീയമെന്നും ‘പൊതുവാളായ’ സംവിധായകന് പറഞ്ഞു വയ്ക്കുന്നു.
ഉന്നതകുലജാതയായ ഹരിയാനക്കാരി ഹോംനേഴ്സും, അഹിന്ദുവായ റോബോട്ടിനെ ക്ഷേത്രത്തില്‍ കയറുന്നതില്‍നിന്നും വിലക്കുന്ന പൂജാരിയും സംഘാംഗങ്ങളും എല്ലാം ജാതിമേല്‍ക്കോയ്മയുടെ കാപട്യത്തെ തുറന്നു കാണിക്കുന്നു.
എന്നാല്‍ അതേ സമയം വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടുന്ന ജീവിതങ്ങളുടെ നെടുവീര്‍പ്പും പിടച്ചിലുകളും സിനിമ പറയുന്നു. പ്രണയത്തിനു പ്രായമില്ലെന്ന കാല്പനിക ആശയം കൂടി ചിത്രം പറയുമ്പോള്‍ മാനുഷിക വികാരങ്ങളുടെ മനോഹരമായ ദൃശ്യാവിഷ്ക്കാരമായി ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് മാറുന്നു. അതേ സമയം മനുഷ്യന്റെ എല്ലാ ആവശ്യങ്ങളുടെയും കംപ്ലീറ്റ് സൊല്യൂഷന് ടെക്നോളജിയാണെന്ന മൗഡ്യത്തെയും നിശിതമായി വിമര്‍ശിക്കുന്നതിലൂടെ ശക്തമായ സന്ദേശമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് പ്രേക്ഷകരോട് പങ്കുവയ്ക്കുന്നത്.
ഇത്രയും റിസ്കിയായ കോണ്‍സെപ്റ്റിനെ ലളിതവും സരസവും എന്നാല്‍ ഡൈഡാക്ടിസത്തിന്റെ മടുപ്പില്ലാതെ സയന്‍സിന്റെ കോംപ്ലസിറ്റിയില് വീണുപോകാതെ അവതരിപ്പിച്ച സംവിധായകന് തന്നെ ഹീറോ.
Comments are closed.