ഉപയോഗിക്കാത്ത കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ പ്രത്യേക സ്ക്വാഡ്
തുരുമ്പെടുത്തും ശരിയായ രീതിയിൽ ഉപയോഗിക്കാതെയും കിടക്കുന്ന കാർഷിക യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത ഉറപ്പുവരുത്താൻ സ്ക്വാഡ് രൂപീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ പറഞ്ഞു. വെള്ളാനിക്കര കേരള കാർഷിക സർവകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ കേരളത്തിലെ കാർഷിക സേവന കേന്ദ്രങ്ങളും കർമ്മ സേനകളും എന്ന വിഷയത്തിൽ ഏകദിന സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കാർഷികരംഗത്ത് യന്ത്രവൽക്കരണം വഴി വളരെ പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിച്ചു വരുമ്പോഴും നിരവധി കൊയ്ത്ത് യന്ത്രങ്ങൾ വിവിധ കൃഷിഭവനുകൾക്കു കീഴെ ഉപയോഗശൂന്യമായി കിടക്കുന്നു. കൃഷിച്ചെലവ് വർദ്ധിക്കുന്നതിന് കാരണം യന്ത്രങ്ങളുടെ അഭാവമാണ്. തെങ്ങുകയറ്റ യന്ത്രങ്ങൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല. യന്ത്രങ്ങൾ പരിശീലിപ്പിക്കാൻ കർമ്മസേനകൾക്ക് രൂപം നൽകണം.
യന്ത്രങ്ങൾ കർഷകർക്ക് ഉപയോഗപ്പെടുന്ന രീതിയിൽ പരിഹാരം കണ്ടെത്തുകയാണ് യന്ത്രവൽക്കരണമിഷന്റെ പ്രധാന പ്രവർത്തന ലക്ഷ്യം. എത്ര യന്ത്രങ്ങൾ കാര്യക്ഷമമാണ്, എത്രയെണ്ണം പ്രവർത്തനരഹിതമാണ്, ഓരോ പഞ്ചായത്തിലും എത്ര യന്ത്രങ്ങളുണ്ട്, ഇതിൽ ഏതൊക്കെ കൃഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയും എന്നതിന്റെ കൃത്യമായ കണക്ക് കൊടുക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. കർഷക വരുമാനം ഇരട്ടിയാക്കാൻ കൂടിയ അളവിൽ കൃഷിയും കുറഞ്ഞ ഉൽപ്പാദന ചെലവും ഉൽപ്പന്നങ്ങൾക്ക് വിലയും ലഭിക്കണം. ഇതിനായി ആധുനിക മെക്കനൈസേഷൻ രീതികൾ അവലംബിക്കണം.
കർഷകർക്ക് ആവശ്യമായ സേവനങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കണം. ജീവനി പദ്ധതിക്ക് ആവശ്യമായ ഒരുകോടി തൈ ഉൽപാദനം, ജൈവ വള നിർമ്മാണം, തൈ നടീൽ എന്നിവ കാർഷിക കർമസേനകളെ ഏൽപ്പിക്കണം. സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഒരു യന്ത്രവും അനാവശ്യമായി തുരുമ്പെടുത്ത് നശിക്കാൻ ഇടവരുത്തരുത് എന്നും മന്ത്രി പറഞ്ഞു.
കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കേരള കാർഷിക സർവകലാശാലയും കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷനും സംയുക്തമായാണ് കേരളത്തിലെ കാർഷിക സേവന കേന്ദ്രങ്ങളും കർമ്മ സേനകളും എന്ന ശിൽപ്പശാല സംഘടിപ്പിച്ചത്.ഇതിൽ ഇവയുടെ പ്രവർത്തന അവലോകനം, വിജയകരമായ സംഘാടനം, മാനവവിഭവശേഷി ശാക്തീകരണം, സ്വയംപര്യാപ്തത കൈവരിക്കൽ എന്നീ വിഷയാവതരണങ്ങൾ നടന്നു. കേരള സംസ്ഥാനത്തെ കാർഷിക സേവന കേന്ദ്രങ്ങളുടെയും കർമ്മ സേനകളുടെയും നിലവിലുള്ള ഭൗതിക സാമ്പത്തിക സ്ഥിതിയും പ്രവർത്തനക്ഷമതയും വിലയിരുത്തുന്നതിനും വിശദീകരിക്കുന്നതിനും ഭാവിയിൽ സ്വാശ്രയമായി പ്രവർത്തിക്കുന്നതിന് ആവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ആർ ചന്ദ്രബാബു അധ്യക്ഷനായി. ഇന്ത്യ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നവേറ്റീവ് ഫാർമർ 2020 ജേതാവായ ഉണ്ണികൃഷ്ണനെ മന്ത്രി ആദരിച്ചു. കാർഷിക യന്ത്രവൽക്കരണ മിഷൻ സിഇഒ ഡോ. യു. ജയ് കുമാരൻ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. പതിനാല് ജില്ലകളിലെ ആത്മ പ്രോജക്ട് ഡയറക്ടർമാർ ജില്ലാതല റിപ്പോർട്ട് അവതരിപ്പിച്ചു. സർവ്വകലാശാല രജിസ്ട്രാർ ഡോ. ഡി. ഗിരിജ, ജോയിന്റ് ഡയറക്ടർ ഡോ. സ്വർണ്ണവി, ഗവേഷണവിഭാഗം മേധാവി ഡോ. പി. ഇന്ദിരാദേവി, ഗവേഷണകേന്ദ്രം മേധാവി ഡോ. എ ലത, പ്രിൻസിപ്പൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.