News in its shortest

യാത്രക്കാരുടെ എണ്ണത്തില്‍ മറ്റൊരു റെക്കോഡ് കൂടി ഭേദിക്കാന്‍ തയ്യാറെടുത്ത് ഫ്‌ളൈദുബായ്

ദുബായ്: ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വേനല്‍കാലത്തിന് തയ്യാറെടുക്കുകയാണ് ഫ്‌ളൈദുബായ്. ഈ വര്‍ഷം ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ 45 ലക്ഷം യാത്രക്കാരെയാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നതെന്ന് ചീഫ്എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘയ്ത് അല്‍ ഘയ്ത് പറഞ്ഞു.മ ുന്‍വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 30 ശതമാനം കൂടുതലാണിത്. ഫ്‌ളൈദുബായ് ഒരുക്കുന്ന മികച്ച സേവനത്തില്‍ യാത്രക്കാര്‍ക്കുള്ള വിശ്വാസം, യാത്രക്കാര്‍ക്കായി ദുബായ് ഏവിയേഷന്‍ ഹബ് ഏര്‍പ്പെടുത്തിയിട്ടുള്ള മികച്ചസൗകര്യങ്ങള്‍, ഫ്‌ളൈദുബായിയുടെ വളര്‍ന്നു വരുന്ന സര്‍വീസ് ശൃംഖല എന്നിവ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

ജൂണ്‍ 21 മുതല്‍ 9 വേനല്‍കാല സര്‍വീസുകള്‍ കൂടി തുടങ്ങുന്നതോടെ സര്‍വീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം 117 ആവുമെന്ന് ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ ഹമദ് ഉബൈദുള്ള പറഞ്ഞു. 52 രാജ്യങ്ങളിലേക്ക് നിലവില്‍ സര്‍വീസ് നടത്തുന്നു. ഈദ് ഒഴിവുകാലവും വേനലിലെ വിനോദസഞ്ചാരികളുടെ തിരക്കും കണക്കിലെടുത്ത് സീറ്റുകളുടെ എണ്ണത്തില്‍ 33 ശതമാനത്തിന്റെ വര്‍ധന വരുത്തിയിട്ടുമുണ്ട്. ഈദ് പ്രമാണിച്ച് ബാക്കു, ബെയ്‌റൂട്ട്, കൊളംബോ, മാലി, തിബിലിസി, യെരവാന്‍, സാന്‍സിബാര്‍ എന്നിവിടങ്ങളിലേക്ക് ജൂണ്‍ 24 മുതല്‍ ജൂലൈ 2 വരെയുള്ള ദിവസങ്ങളില്‍ സീറ്റുകളുടെ എണ്ണം 20 ശതമാനമാണ് വര്‍ധിപ്പിപ്പിക്കുന്നത്. ക്രാബി, മിലാന്‍- ബെര്‍ഗാമോ, നിയോം, പട്ടായ, സെന്റ്പീറ്റേഴ്‌സ്ബര്‍ബര്‍ഗ് എന്നിവിടങ്ങളിലേക്കാണ് വേനല്‍കാല സര്‍വീസുകള്‍ ഈമാസം ആരംഭിക്കുന്നത്.

യൂറോപ്പിലേക്ക് സര്‍വീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം 28 ആയി വര്‍ധിപ്പിച്ചു. ഇറ്റലിയിലെ അഞ്ചിടങ്ങള്‍ക്ക് പുറമെ ബെല്‍ഗ്രേഡ്, ബുഡാപേസ്റ്റ്, പ്രേഗ്, സാല്‍സ്ബര്‍ഗ്, വാര്‍സാ, സാഗ്രേബ് തുടങ്ങിയവ ഇതില്‍പെടും.ജൂണ്‍ ഒന്നിനും സെപ്റ്റംബര്‍ 30 നും ഇടയില്‍ പ്രതിമാസം 9400 ഫ്‌ളൈറ്റുകളാണ് സര്‍വീസ് നടത്തുക. ഓഗസ്റ്റിലാണ് ഏറ്റവും കൂടുതല്‍ സര്‍വീസ്.

ഈ വര്‍ഷം പുതിയ ഏഴ് വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ബോയിങ് 737- ന്റെ എണ്ണം ഇതോടെ 79 ആയി. കഴിഞ്ഞ ആറ് മാസത്തിനകം 560 ജീവനക്കാരെ പുതുതായി നിയമിച്ചു.

ഈസീസണില്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ (ഡിഎക്‌സ്ബി) ടെര്‍മിനല്‍ മൂന്നില്‍നിന്നും രണ്ടില്‍നിന്നും കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നതിനാല്‍ ഓണ്‍ലൈനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണ്. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തിലെത്തണം. പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ചെക്ക്- ഇന്‍ ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പാരംഭിച്ച് ഒന്നരമണിക്കൂറിന് മുന്‍പ് അവസാനിപ്പിക്കും.

പ്രത്യേകവേനല്‍കാല സര്‍വീസുകള്‍ :മൈക്കോനോസ് (ഗ്രീസ്), ജൂണ്‍ 21 ന് തുടങ്ങി സെപ്തംബര്‍ 10 ന് അവസാനിക്കും (ഡിഎക്‌സ്ബി ടെര്‍മിനല്‍ 3)
ഓല്‍ബിയ (ഇറ്റലി): ജൂണ്‍ 22 ന് തുടങ്ങി സെപ്റ്റംബര്‍ 30 ന് അവസാനിക്കും (ഡിഎക്‌സ്ബി ടെര്‍മിനല്‍3)
കോര്‍ഫു (ഗ്രീസ്): ജൂണ്‍ 24 ന് തുടങ്ങി സെപ്റ്റംബര്‍ 30 ന് അവസാനിക്കും ( ടെര്‍മിനല്‍ 3).
ടിവാറ്റ് (മോണ്ടനാനാഗ്രാ): ജൂണ്‍ 24 ന് തുടങ്ങി സെപ്റ്റംബര്‍ 9 ന് അവസാനിക്കും ( ടെര്‍മിനല്‍ 2)
ട്രാബ്‌സോണ്‍ (തുര്‍ക്കി): ജൂണ്‍ 24 ന് തുടങ്ങി സെപ്റ്റംബര്‍ 17 ന് അവസാനിക്കും ( ടെര്‍മിനല്‍2)
ബോഡ്‌റം (തുര്‍ക്കി): ജൂണ്‍ 26 ന് തുടങ്ങി സെപ്റ്റംബര്‍ 10 ന് അവസാനിക്കും ( ടെര്‍മിനല്‍2)
ദുബ്രോവ്‌നിച്ച് (ക്രൊയേഷ്യ): ജൂണ്‍ 25 ന് തുടങ്ങി സെപ്റ്റംബര്‍ 24 ന് അവസാനിക്കും ( ടെര്‍മിനല്‍2)
സാന്റോറിനി (ഗ്രീസ്): ജൂണ്‍ 25 ന് തുടങ്ങി സെപ്റ്റംബര്‍ 10 ന് അവസാനിക്കും ( ടെര്‍മിനല്‍3)
ബാത്തുമി (ജോര്‍ജിയ): സെപ്റ്റംബര്‍ 25 ന് തുടങ്ങി സെപ്റ്റംബര്‍ 10 ന് അവസാനിക്കും ( ടെര്‍മിനല്‍2).

ടിക്കറ്റുകള്‍ fly Dubai.com-ല്‍ ബുക്ക് ചെയ്യാവുന്നതാണ്.

യാത്രക്കാരുടെ എണ്ണത്തില്‍ മറ്റൊരു റെക്കോഡ് കൂടി ഭേദിക്കാന്‍ തയ്യാറെടുത്ത് ഫ്‌ളൈദുബായ്

Comments are closed.