ഫ്ലൈ ദുബായ് ലാഭം 32.7 കോടി ഡോളർ
തിരുവനന്തപുരം: 2022 ഡിസംബർ 31 ന് അവസാനിച്ച വർഷത്തിൽ ഫ്ലൈ ദുബായ് 32. 7 കോടി ഡോളർ (എമിറേറ്റ്സ് ദിറം 120 കോടി ) ലാഭം നേടി. 2021- ലേതിനേക്കാൾ 43 ശതമാനം കൂടുതലാണിത്.
വാർഷിക മൊത്ത വരുമാനം 250 കോടി ഡോളറാണ്(910 കോടി ദിറം).
2021-ൽ 140 കോടി ഡോളറായിരുന്നു വരുമാനം-72 ശതമാനത്തിന്റെ വളർച്ച.
2022-ൽ 1.06 കോടി ആളുകൾ ഫ്ലൈ ദുബായ് വിമാനങ്ങളിൽ യാത്ര ചെയ്തു. മുൻ വർഷത്തേക്കാൾ 89 ശതമാനം കൂട്ടതലാണിത്. പുതുതായി 17 വിമാനങ്ങൾ കഴിഞ്ഞ വർഷം കൂട്ടിച്ചേർത്തു. പുതുതായി 1300 ജീവനക്കാരെ നിയമിച്ചു. ഒരു വർഷക്കാലയളവിൽ ഇത്രയധികം നിയമനങ്ങൾ നടക്കുന്നത് ഇതാദ്യമാണ്.
ഫ്ലൈദുബായിയുടെ ശക്തമായ ബിസിനസ് മാതൃകയോടൊപ്പം വെല്ലുവിളികളുടെ കാലഘട്ടത്തിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാനും ചടുലമായി മുന്നേറാൻ കഴിഞ്ഞതുമാണ് ഈ ചരിത്രനേട്ടത്തിന് കാരണമെന്ന് ചെയർമാൻ ഷെയ്ക് അഹമ്മദ് ബിൻ സായിദ് അൽ മഖ്തൂം പറഞ്ഞു. ഏവിയേഷൻ ഹബ് എന്ന നിലയ്ക്കുള്ള ദുബായിയുടെ വളർച്ചയിൽ കാര്യമായ സംഭാവന ചെയ്യാനും ഇതുവഴി ഫ്ലൈ ദുബായ്ക്ക് കഴിഞ്ഞു. കഴിഞ്ഞ രണ്ട് വർഷക്കാലത്തിനിടയിൽ ജീവനക്കാരുടെ എണ്ണത്തിൽ വലിയ വർധന വരുത്തി കാര്യക്ഷമത കൂട്ടുന്നതോടൊപ്പം ചെലവ് പരമാധി കുറക്കാനാനും സാധിച്ചു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വളർച്ചക്കനുസൃതമായി ഉണർന്നു പ്രവർത്തിക്കുകയും ദുബായിയുടെ സാമ്പത്തിക വളർച്ചയിലേക്കുള്ള തിരിച്ചുവരവിന് പിന്തുണ നൽകുകയും ചെയ്തു. കോവിഡ് മഹാമാരിക്ക് ശേഷം ഇത് തുടർച്ചയായി രണ്ടാം വർഷമാണ് കമ്പനി ലാഭം നേടുന്നത്. ജീവനക്കാടെ സഹകരണവും വളർച്ചയ്ക്ക് സഹായകമായ അനുകൂല സാഹചര്യവും ഈ നേട്ടത്തിൽ പങ്ക് വഹിച്ചു. വ്യോമയാന മേഖലയുടെ തുടർന്നുള്ള വളർച്ചയിലും ദുബായ് സാമ്പത്തിക അജണ്ട ഡി33 സാധിതപ്രായമാക്കുന്നതിലും ഫ്ലൈ ദുബായ്ക്ക് തുടർന്നും സുപ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അൽ മഖ്തൂം പറഞ്ഞു.
ദുബായ് ലഭ്യമാക്കാൻ പോകുന്ന മികച്ച അവസരക്കുളെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കിയ ഫ്ലൈദുബായ്, കൂടുതൽ യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയതായി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഘയ്ത് അൽ ഘയ്ത് പറഞ്ഞു. കമ്പനിയുടെ സാസത്തിക സ്ഥിതി വളരെ ശക്തമാണെന്നതിനാൽ ഗവൺമെന്റ് സഹായം കൂടാതെ തന്നെ കാര്യങ്ങൾ നടത്താൻ കഴിഞ്ഞു. ദുബായ് എക്സ്പോ 2020 ന്റെ അവസാന മാസങ്ങളിലും ദോഹ സോക്കർ ലോകകപ്പിന്റെ സമയത്തും വലിയ രീതിയിലുളള ഡിമാന്റ് അനുഭവപ്പെട്ടു. എണ്ണ വിലയിലെ ചാഞ്ചാട്ടം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, നാണ്യപ്പെരുപ്പം, രാഷ്ടീയ അസ്ഥിരത എന്നിവയൊന്നും ഫ്ലൈ ദുബായിയുടെ കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തെ ബാധിച്ചില്ല. ഫലപ്രദമായ ചെലവ് ചുരുക്കൽ നടപടികൾ, സർവീസുകൾ പൂർണമായും ഉപയോഗപ്പെടുത്തുന്നതിലെ വ്യഗ്രത, യാത്രക്കാരുടെ ബാഹുല്യം, ബോയിങ് 737 മാക്സ് എയർക്രാഫ്റ്റുകളുടെ ഇന്ധന ക്ഷമത എന്നീ ഘടകങ്ങൾ കമ്പനിയുടെ ചരിത്ര നേട്ടത്തിൽ മുഖ്യ പങ്ക് വഹിച്ചു. ദുബായ്, യു എ ഇ ഭരണ നേതൃത്വത്തിന്റെ ദീർഘ വീക്ഷണത്തിന്റെയും ഫ്ലൈ ദുബായിയുമായി ബന്ധപ്പെട്ട എല്ലാവരുടേയും കഠിനാദ്ധ്വാനത്തിന്റേയും ബലത്തിൽ കമ്പനി ഇനിയും ഉയരങ്ങളിലേക്ക് വളരുമെന്ന് ഘയ്ത് അൽ ഘയ്ത് കൂട്ടിച്ചേർത്തു.
നികുതിക്ക് മുൻപുള്ള ലാഭം വാർഷിക വരുമാനത്തിന്റെ 28 ശതമാനമാണ്. ക്ലോസിങ് ക്വാഷ്- 430 കോടി ദിനം. മുൻ വർഷം ഇത് 380 കോടി ദിറമായിരുന്നു. പ്രവർത്തനച്ചെലവിന്റെ 33.9 ശതമാനവും ഇന്ധനത്തിനാണ്. കഴിഞ്ഞ വർഷം ഇന്ധന വില വൻ തോതിൽ വർധിച്ചതാണ് കാരണം. പക്ഷെ ബോയിങ് 737 മാക്സ് വിമാനങ്ങൾ ഇന്ധനച്ചെലവ് കുറക്കാൻ സഹായകമാണ്. 2022-ൽ 20 ബോയിങ് 737 മാക്സും 3 ലീപ് 1 ബി എഞ്ചിനും വാങ്ങുന്നതിനായി കമ്പനി വായ്പയെടുക്കുകയുണ്ടായി. കഴിഞ്ഞ വർഷം 15 പുതിയ റൂട്ടുകളിൽ സർവീസാരംഭിച്ചു., ഇതോടെ സർവീസ് ശൃംഖല 114 ആയി. ദുബായിലേക്ക് വേറൊരു എയർലൈനിനും സർവീസില്ലാത്ത കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും സർവീസ് തുടങ്ങിയത്. വേനൽക്കാല റൂട്ടുകളായ ബാത്തുമി, ബോഡ്രം, ദുബ്രോവ്നിക്, സാന്റോറിനി, ടിവാറ്റ്, ട്രാബ് സോൺ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വർധനവുണ്ടായി.
കഴിഞ്ഞ വർഷം 17 വിമാനങ്ങൾ കൂട്ടിച്ചേർത്തത് എയർലൈനിന്റെ ചരിത്രത്തിൽ ഒരു റെക്കാഡാണ്. ഇതോടെ വിമാനങ്ങളുടെ എണ്ണം 25 ശതമാനം വർധിച്ച് 74 ആയി. ബോയിങ് 737-800, ബോയിങ് 737 മാക്സ്8, ബോയിങ് 737 മാക്സ് 9 എന്നിവ യഥാക്രമം 32, 39, 3 എന്നിവ വീതം. ഡിമാന്റ് വർധിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം അവസാന ക്വാർടറിൽ 4 എയർക്രാഫ്റ്റുകൾ കൂടി സ്മാർട് വിങ്സിൽ നിന്ന് ലീസിന് എടുക്കുകയുണ്ടായി. ബോയിങ് 737 എയർക്രാഫ്റ്റുകൾക്കായുള്ള സർവീസ് യൂണിറ്റിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് കമ്പനിക്ക് അംഗീകാരം ലഭിച്ചു.
എമിറേറ്റ്സുമായുള്ള കോഡ്ഷേർ ഉടമ്പടി 5 വർഷം പിന്നിട്ടപ്പോൾ 98 രാജ്യങ്ങളിലെ 215 കേന്ദ്രങ്ങളിലേക്ക് 1.1 കോടി യാത്രക്കാർക്ക് കണക്റ്റിവിറ്റി ലഭ്യമാക്കാൻ സാധിച്ചു. ദുബായ് വേൾഡ് സെൻട്രലിൽ നിന്ന് ദോഹയിലേക്ക് ലോകകപ്പ് മൽസരങ്ങൾ വീക്ഷിക്കുന്നതിനായി 1290 സർവീസുകളാണ് 6 എയർക്രാഫ്റ്റുകളുപയോഗിച്ച് ഫ്ലൈ ദുബായ് നടത്തിയത്.171 രാജ്യങ്ങളിൽ നിന്നുള്ള 133,000 ഫുട്ബോൾ പ്രേമികൾ ഈ സർവീസുകൾ ഉപയോഗപ്പെടുത്തി.
Comments are closed.