ശിവമോഗയില്‍ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ശിവമോഗയില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വിമാനത്താവളത്തില്‍ ബോയിങ് 737, എയര്‍ബസ് എ320 വിമാനങ്ങള്‍ ഇറക്കാന്‍ കഴിയുകയും മണിക്കൂറില്‍ 300 യാത്രക്കാരെ കൈകാര്യം ചെയ്യാനും സാധിക്കും.
പ്രമുഖ ഗതാഗത അടിസ്ഥാന സൗകര്യ കണ്‍സള്‍ട്ടന്‍സി, എഞ്ചിനീയറിങ് സ്ഥാപനമായ റൈറ്റ്സ് കണ്‍സള്‍ട്ടന്‍സി നിര്‍വഹിച്ച വിമാനത്താവളം 268.05 ഹെക്ടര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്നത്. 2020-ല്‍ റൈറ്റ്സുമായി കരാര്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് കമ്പനി റണ്‍വേ, ടാക്സിവേ, ഏപ്രണ്‍, പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം, എടിസി, ഫയര്‍ സ്റ്റേഷന് തുടങ്ങി വിമാനത്താവളത്തിന്റെ രൂപകല്പന തയ്യാറാക്കി.
കൂടാതെ, നിര്‍മ്മാണ സമയത്ത് സാങ്കേതിക സഹായവും നല്കി. ഈ വിമാനത്താവളം ശിവമോഗയുടെ കണക്ടവിറ്റി, വാണിജ്യ, ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. തെക്കേ ഇന്ത്യയിലെ അനവധി ടൂറിസ്റ്റ്, ഹെറിറ്റേജ് സൈറ്റുകളിലേക്കുള്ള കവാടമാണ് ശിവമോഗ. കണക്ടവിറ്റി വര്‍ദ്ധിപ്പിക്കുന്നത് കൂടാതെ പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും വിമാനത്താവളം സഹായിക്കുമെന്ന് റൈറ്റ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാഹുല്‍ മിത്തല്‍ പറഞ്ഞു. ശ്രീനഗര്‍, അമൃത്സര്‍, ഷിംല, ചണ്ഡിഗഢ്, ഗ്വാളിയോര്‍, കുശിനഗര്‍ തുടങ്ങിയ വിമാനത്താവളങ്ങളുടേയും കണ്‍സള്‍ട്ടന്‍സി ആയിരുന്നു റൈറ്റ്സ്. മൗറീഷ്യസ്, ബോട്സ്വാന, ഭൂട്ടാന്, നേപ്പാള്‍, സീഷെല്‍സ്, റുവാണ്ട എന്നീ രാജ്യങ്ങളിലും വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാന്‍ റൈറ്റ്സ് സഹായം നല്‍കിയിട്ടുണ്ട്.
Comments are closed.