സൂര്യകുമാര്‍ നിങ്ങളെ ആരും പരാജിതനായി കരുതില്ല
സൂര്യകുമാർ യാദവിൻ്റെ ഇന്നിങ്സ് അവിശ്വസനീയമായിരുന്നു! മനുഷ്യർക്ക് ഇതിൽക്കൂടുതലൊന്നും ചെയ്യാനില്ല. ഇക്കാര്യം മനസ്സിലാക്കിയാണ് ഇംഗ്ലണ്ടിലെ കാണികൾ അയാൾക്കുവേണ്ടി എഴുന്നേറ്റുനിന്ന് കൈയ്യടിച്ചത്.
ഒരോവറിൽ 15 റൺസിനടുത്ത് വേണം എന്ന സാഹചര്യം. അപ്പുറത്ത് നല്ലൊരു പങ്കാളി പോലുമില്ല. അത്തരമൊരു സാഹചര്യത്തിൽ എന്തെല്ലാമാണ് സൂര്യ കാണിച്ചുകൂട്ടിയത്!
ഗ്ലീസനെതിരെ ഒരു ഷോട്ട് കളിച്ചിരുന്നു. ബാറ്റിൻ്റെ മുഖം തുറന്ന് തേഡ്മാനിലേയ്ക്കൊരു പ്രയോഗം. മിസ്ഹിറ്റ് പോലെയാണ് തോന്നിച്ചത്. അതും ഗ്രൗണ്ടിൻ്റെ നീളം കൂടിയ ഭാഗത്തേയ്ക്ക്. പക്ഷേ പന്ത് ഗാലറിയിൽ പതിച്ചു! ഔട്ട് എന്ന് പറയാൻ തുടങ്ങുകയായിരുന്ന കമൻ്റേറ്റർമാർ ജീനിയസ് എന്ന് തിരുത്തിപ്പറഞ്ഞു!
ഇതുപോലെ എത്രയെത്ര മാജിക്കുകളാണ് അയാൾ പ്രദർശനത്തിനുവെച്ചത്!
ഇംഗ്ലണ്ടിൻ്റെ ബോളർമാർ വ്യക്തമായ പദ്ധതിയുമായാണ് എത്തിയത്. ഫുൾലെങ്ത്ത് പന്തുകൾ പരമാവധി കുറച്ചത് വഴി ഇന്ത്യയുടെ പവർപ്ലേ അവർ നശിപ്പിച്ചു. മുൻനിരയെ തകർത്തു. പക്ഷേ സൂര്യ കടിഞ്ഞാൺ ഏറ്റെടുത്തതോടെ സകലതും നിഷ്പ്രഭമായി.
സൂര്യയുടെ ആറ്റിറ്റ്യൂഡ് ആണ് ഭീകരം. താൻ ഔട്ടാവില്ല എന്ന് അന്ധമായി വിശ്വസിക്കുന്ന ഒരുവൻ! അയാളെ പുറത്താക്കാനാകും എന്ന് ഇംഗ്ലണ്ട് ബോളർമാരും കരുതിയിരുന്നില്ല. സമഗ്രാധിപത്യത്തിൻ്റെ അവസാന വാക്ക്!
ചൂയിംഗ് ഗം ചവച്ച് ആരെയും കൂസാത്ത നിൽപ്പ് കണ്ടാൽ തന്നെ രോമാഞ്ചമുണ്ടാവും! എന്തൊരു വ്യക്തിപ്രഭാവമാണ്!
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് അനലിസ്റ്റുകൾ സൂര്യയുടെ വിഡിയോകൾ ഇഴകീറി പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ടാവും. ഇയാളെ വീഴ്ത്താതെ ടി20 ലോകകപ്പ് സ്വപ്നം കാണാനാവില്ല എന്ന് അവർക്കറിയാം. ഇയാളുടെ ദൗർബല്യം കണ്ടെത്താന്‍ അവർ കുറച്ച് പ്രയാസപ്പെടും.
പണ്ട് സച്ചിൻ തെൻഡുൽക്കർ ഒരു റൺചേസിൽ 175 റൺസ് അടിച്ചിരുന്നു. 350 എന്ന ഓസ്ട്രേലിയൻ ടോട്ടലിൻ്റെ പകുതി സച്ചിൻ ഒറ്റയ്ക്ക് തന്നെ നേടി. പക്ഷേ മറ്റുള്ളവരിൽനിന്ന് പിന്തുണ കിട്ടാത്തതുകൊണ്ടുമാത്രം തോറ്റു. അന്ന് ഞാൻ കരഞ്ഞുപോയിരുന്നു.
ഇന്ന് സൂര്യയെക്കുറിച്ചോർക്കുമ്പോഴും അതേ വികാരമാണ്. നിങ്ങൾ പരാജയപ്പെടേണ്ടവനായിരുന്നില്ല സ്കൈ!
സാങ്കേതികമായി നിങ്ങൾ തോറ്റിരിക്കാം. പക്ഷേ ഒരൊറ്റ കളിപ്രേമിയും നിങ്ങളെ പരാജിതനായി എണ്ണാൻ പോവുന്നില്ല.
സൂര്യകുമാര്‍ നിങ്ങളെ ആരും പരാജിതനായി കരുതില്ല
- Design