വിജയിച്ച ജന ഗണ മനയും പരാജയപ്പെട്ട കുറ്റവും ശിക്ഷയും
ജന ഗണ മനയും കുറ്റവും ശിക്ഷയും ഏതെങ്കിലും തരത്തിൽ താരതമ്യം ഉളള സിനിമകളാണെന്ന് തോന്നുന്നില്ല. ഒരു താരതമ്യമല്ല എഴുതാന്‍ ഉദ്ദേശിക്കുന്നതും. ഈ സിനിമകൾ പ്രവർത്തിക്കാൻ സാധ്യതയുള്ള വശമാണ് പറയാൻ ഉദ്ദേശിക്കുന്നത്.
ജന ഗണ മന പ്രേക്ഷക പ്രീതി നേടി വിജയിച്ച സിനിമ ആയിരുന്നല്ലോ. സിനിമയുടെ അവതരണവും രാഷ്ട്രീയം പറച്ചിലും എല്ലാവർക്കും ഇഷ്ടപ്പെടതായിട്ടാണ് അനുഭവപ്പെട്ടത്. എനിക്കും ആ സിനിമ സംസാരിച്ച പ്രകടമായ രാഷ്ട്രീയം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ അതിലെ കോടതി വ്യവഹാര രംഗങ്ങള്‍ പരിഹാസ്യമായിട്ടാണ് തോന്നിയത്.
സിനിമയല്ലേ അതിനെ ആ സെൻസിൽ എടുത്താല്‍ പോരേ എന്നൊരു ന്യായീകരണത്തിൽ വിട്ടു കളയാവുന്നതാണ് ജന ഗണ മനയുടെ ഈ പ്രശ്നം. പക്ഷേ പൊതുവില്‍ കോടതി വ്യവഹാരത്തെ പറ്റി ഒട്ടും ഐഡിയ ഇല്ലാത്ത നമുക്ക് നമ്മൾ ആഗ്രഹിക്കുന്ന ഒരു തരം കോടതി ആണ് ജന ഗണ മനയിൽ ഉണ്ടായിരുന്നത്. ന്യായം നമ്മുടെ ഭാഗത്ത് ആണെങ്കിൽ എങ്ങനെയും തർക്കിച്ച് വാദിച്ച് നീതി നേടിയെടുക്കാൻ സാധിക്കുന്ന ഒരു ഉട്ടോപ്യൻ കോടതി.
ഇപ്പോള്‍ തന്നെ കോടതികളെ തെറ്റിദ്ധരിച്ചിരിക്കുന്ന ജനങ്ങൾക്ക് മുന്നില്‍ കോടതികളെ വീണ്ടും തെറ്റായി ചിത്രീകരിച്ചതിൽ പ്രശ്നം ഉണ്ട് എന്ന് തന്നെ ആണ് അഭിപ്രായം. കോടതി രംഗങ്ങളിലാണ് ആളുകൾ ഈ സിനിമയെ ഇഷ്ടപ്പെട്ടത് എന്നത് കണക്കിലെടുക്കുമ്പോൾ പ്രത്യേകിച്ച്.
കുറ്റവും ശിക്ഷയും തിയേറ്ററിൽ പരാജയപ്പെട്ട സിനിമയാണ് എന്നാണ് അറിയുന്നത്. ആളുകളെ തിയേറ്ററിൽ എത്തിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടില്ല. ഞാൻ ഒടിടിയിൽ ആണ് കണ്ടത്. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. സ്വാഭാവികതയാണ് സിനിമയുടെ ഹൈലൈറ്റ്.
ഒച്ചയും ബഹളവും ഒന്നും ഇല്ലാതെ ഒരു ക്രൈം ഇൻവസ്റ്റിഗേഷൻ അതിന്റെ യഥാര്‍ത്ഥ സ്വാഭാവികതയോടെ ചിത്രീകരിച്ചിരിക്കുന്നു. ഇതിന്റെ സിനിമാറ്റിക് വശത്തെ പറ്റി വ്യക്തിഗതമായ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകും. അതിവിടെ വിഷയം ആക്കുന്നില്ല. പറയാൻ ഉദ്ദേശിക്കുന്നത് കുറ്റവും ശിക്ഷയും ആത്യന്തികമായി എന്താണ് നമ്മുടെ മുന്നില്‍ വെക്കാന്‍ ശ്രമിക്കുന്നത് എന്നാണ്.
കുറ്റവും ശിക്ഷയും തമ്മിലുള്ള ദൂരമാണ് ഈ സിനിമ തുറന്നു കാണിക്കുന്നത്. കുറ്റം ചെയ്തവരെ പിടിച്ച് കോടതിയില്‍ എത്തിച്ചാലും ശിക്ഷ കിട്ടണമെന്നില്ല എന്ന നഗ്നമായ സത്യം വീണ്ടും വ്യക്തമാക്കുകയാണ്. കോടതിക്ക് കോടതിയുടേതായ രീതികളുണ്ട്. അവിടെ കുറ്റവും തെളിവും അതിന്റെതായ രീതിയില്‍ അവതരിപ്പിച്ച് തെളിയിക്കേണ്ടതുണ്ട്.
അപ്പോഴേ ശിക്ഷ അഥവാ നീതി ലഭ്യമാവുകയുള്ളൂ. സിനിമയില്‍ കോടതി രംഗങ്ങൾ ഇല്ലെങ്കിലും സിനിമയുടെ അവസാന ഭാഗത്ത് കുറ്റവും ശിക്ഷയും തമ്മിലുള്ള ഈ ദൂരം വ്യക്തമാക്കുന്ന സംഭാഷണങ്ങൾ ഉണ്ട്.
നമ്മൾ ഇന്ത്യക്കാര്‍ക്ക് കോടതികളെ പറ്റി തെറ്റായ ധാരണകൾ ഉണ്ടാകാന്‍ പ്രധാന കാരണം നമ്മുടെ സിനിമകൾ തന്നെ ആണ്. നമ്മുടെ പത്ര ദൃശ്യ മാധ്യമങ്ങളും കോടതി വ്യവഹാരങ്ങളെ പറ്റി കൃത്യമായി വിവരിക്കാറില്ല. ഇപ്പോഴും പല കേസുകളുടെയും വിവരങ്ങൾ അറിയാന്‍ Livelaw, Barandbech പോലുള്ള വെബ്‌സൈറ്റുകൾ പരിശോധിക്കേണ്ട അവസ്ഥയുണ്ട്. പക്ഷേ എത്ര ജനങ്ങൾക്ക് ഇതൊക്കെ സാധ്യമാണ്?
ഈ രണ്ട് സിനിമകളുടെയും വിജയ പരാജയങ്ങളുടെ കാരണങ്ങൾ എന്തും ആകട്ടെ. രണ്ട് സിനിമകളും ഉദ്ദേശം കൊണ്ട് നല്ലതാണ്. പക്ഷേ വിജയിച്ച സിനിമ ജനങ്ങൾക്കിടയിൽ ഇപ്പോള്‍ തന്നെ ഉളള തെറ്റായ ധാരണകൾ ഊട്ടിയുറപ്പിക്കുന്നതും പരാജയപ്പെട്ട സിനിമ ആ ധാരണകളെ മാറ്റാനുതകുന്നതും ആണ്.
ഇതിപ്പോൾ വലിയ കാര്യം ആണോ എന്ന് സംശയമുള്ളവർ, ഇപ്പോള്‍ നമ്മുടെ രാജ്യത്ത് പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയിലൂടെ ആണ് തീരുമാനിക്കപ്പെടുന്നത് എന്ന് ഓർത്താൽ മതിയാകും. ഇന്ത്യന്‍ ജനതയ്ക്ക് ഇപ്പോഴും അവസാന അത്താണി ആയിട്ടുള്ളത് കോടതിയാണ്. അപ്പോൾ ആ സ്ഥാപനത്തിന്റെ പ്രവർത്തന രീതികള്‍ വ്യക്തമായിരിക്കുന്നത് ആവശ്യവുമാണ്.