രാജ്ഭവനിൽ തൊഴുത്ത് പണിതാൽ കുഴപ്പമില്ല; ക്ലിഫ് ഹൗസിലായാൽ ആകെ പ്രശ്നമാണ്
ക്ലിഫ് ഹൗസിൽ തൊഴുത്ത് പണിയാനും ചുറ്റുമതിലിനു കിളരം കൂട്ടാനും തുക വകയിരുത്തിയതാണല്ലോ പുതിയ വിവാദം.
എന്താണ് അതിലെ വിവാദവിഷയം?
1. ക്ലിഫ് ഹൗസിൽ തൊഴുത്ത് പാടില്ല എന്നാണോ?
2. മതിലിനു ഈ പൊക്കം മതി എന്നാണോ?
3. ഇതൊന്നുമല്ല വകയിരുത്തിയ തുക കൂടുതലാണെന്നാണോ?
മൂന്നാമത്തേതിനുള്ള മറുപടിയിൽ നിന്നു തുടങ്ങാം. തുക കൂടുതലാണെന്നു തോന്നലുണ്ടെങ്കിൽ പ്ലാൻ പരിശോധിച്ചിട്ട് റിവൈസ്ഡ് എസ്റ്റിമേറ്റിനു ആവശ്യപ്പെടുകയല്ലെ വേണ്ടത്. ഒളിച്ചും പതുങ്ങിയുമൊന്നുമല്ലല്ലോ പണി. ഏതെങ്കിലും ഇൻവസ്റ്റിഗേറ്റീവ് വാഴ പൊക്കിയെടുത്തു കൊണ്ടുവന്നതൊന്നുമല്ല. മരാമത്ത് വകുപ്പ് പുറത്തുവിട്ടപ്പോൾ അറിഞ്ഞതാണ്. എ.എസും, ടി.എസും കഴിഞ്ഞ് കരാറ് കൊടുക്കുമ്പോഴേ പണി തുടങ്ങു. അതു വരെ സമയമുണ്ട്. എതിർപ്പുളളർ അതിനിടയ്ക്ക് കാര്യം പറയണം.
മതിലിനു എത്ര പൊക്കം വേണമെന്നത് സാങ്കേതിക വിഷയമാണ്. ആ രംഗത്ത് അറിവുള്ള ആരേയെങ്കിലും കൊണ്ടുവന്നു ശാസ്ത്രീയമായി വിയോജിക്കണം. അല്ലാതെ ഞഞ്ഞാ പുഞ്ഞാ പറഞ്ഞാൽ നഴ്സറിപ്പിള്ളാര് പോലും കീറിയൊട്ടിക്കും. ഏതിനും ഒരു ശാസ്ത്രീയത വേണം. ഇല്ലെങ്കിൽ പ്രതിപക്ഷമാണെങ്കിലും ഹരിതമാണെങ്കിലും എയറിൽ നിൽക്കേണ്ടി വരും.
തൊഴുത്താണ് പ്രശ്നമെങ്കിൽ അതിൽ എന്താണ് പ്രശ്നം? ക്ലിഫ് ഹൗസിൽ തൊഴുത്ത് പാടില്ലെന്നുണ്ടോ? പി.ജെ.ജോസഫ് മന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വസതിയിൽ പശുവിനെ വളർത്തിയില്ലെ? അത് തൊഴുത്തിലല്ലാതെ വീട്ടിലാണോ നിന്നത്? അന്നില്ലാത്ത കലിപ്പ് ഇപ്പോൾ എവിടെ നിന്നുണ്ടായി. ജോസഫിനാകാം പിണറായിക്ക് പാടില്ല എന്നാണോ?
രാജ്ഭവനിലേക്ക് മണ്ണുത്തിയിൽ നിന്നു യു.ജി.സി പ്രഫസറും മൃഗസംരക്ഷണ വകുപ്പ് ഉന്നതോദ്യോഗസ്ഥനും ചേർന്നു വെച്ചൂർ പശുവിനെ കൊണ്ടുപോയ വാർത്തയുണ്ടായിരുന്നു. അതിനെ കെട്ടുന്നത് തൊഴുത്തിലല്ലെ. രാജ്ഭവനിൽ തൊഴുത്ത് പണിതാൽ കുഴപ്പമില്ല. ക്ലിഫ് ഹൗസിലായാൽ ആകെ പ്രശ്നമാണ്.
എന്തോന്നിതൊക്കെ?
ഒരാരോപണം ഉന്നയിക്കുമ്പോൾ അതിനു അടിസ്ഥാനം ഉണ്ടായിരിക്കണം. വസ്തുതകൾ ചൂണ്ടിക്കാട്ടണം. അല്ലാതെ നിയമ നിർമ്മാതാക്കളാണ്, ജനാധിപത്യത്തിൻ്റെ നാലാം വാഴയാണ് എന്നു പറഞ്ഞ് എന്തും വിളിച്ചുകൂവിയാൽ ജനം ചിരിക്കും. ചുമ്മാതല്ല പ്രതിപക്ഷത്തിൻ്റെ അംഗസംഖ്യ ജനം 41 ൽ നിർത്തിയതും വാഴകളുടെ പിണ്ടിയൂരുന്നതും.
കരുണാകരനു നീന്താൻ നിർമ്മിച്ച കുളം ഇപ്പോഴും ക്ലിഫ് ഹൗസിൽ ഉണ്ടെന്നു തോന്നുന്നു. വേണ്ടിവന്നാൽ അതിനു ചുറ്റും ചാടി നടക്കുന്ന കുളക്കോഴിക്ക് തീറ്റ കൊടുത്തെന്നുമിരിക്കും. മയിലിനു മാത്രം പോരല്ലോ തീറ്റ.
Comments are closed.