പുനലൂരില്‍ കാണാതായ ഫോണ്‍ തിരുവനന്തപുരത്തിരുന്ന് ട്രാക്ക് ചെയ്തു കണ്ടെത്തി
പുനലൂരിലെ ഒരു പണിസ്ഥലത്തുനിന്ന് നഷ്ടമായ സാംസങ്ങിന്റെ അത്യാവശ്യം നല്ല മൊബൈൽഫോൺ തിരുവനന്തപുരത്തിരുന്ന് ട്രാക്ക് ചെയ്ത് കണ്ടെത്തുക. സ്മാർട് ഫോണുകൾ വരികയും ടെക്‌നോളജി അനുദിനം വളരുകയും ചെയ്യുമ്പോൾ ഇത്തരം ചില ഗുണങ്ങളൊക്കെയുണ്ടെന്നർഥം.
അച്ചുവിന്റെ പഴയൊരു സാറാണ് ഇന്നലെ വിളിച്ചത്. അദ്ദേഹത്തിന്റെ വളരെ അടുത്ത ഒരാളുടെ ഫോണാണ് കാണാതായത്. സ്ഥലം പുനലൂരാണ്. അവിടെ ഒരു കെട്ടിട നിർമാണസ്ഥലത്തുനിന്നാണ് ഫോൺ നഷ്ടമായത്. അതുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ സൂക്ഷിച്ചിരിക്കുന്നത് ഈ ഫോണിലാണ്. വിളിക്കാൻ അധികം ഉപയോഗിക്കുന്നില്ലാത്തതിനാൽ ഫോൺ സൈലന്റിലുമാണ്. ആ പരിസരം മുഴുവൻ തപ്പിയിട്ടും കിട്ടിയില്ല. പഴയ സൈബർ അന്വേഷണത്തിന്റെ ഓർമവച്ച് സഹായിക്കാനാകുമോ എന്ന ചോദ്യം ഇവിടുത്തെ സൈബർ വിദഗ്ദ്ധനെ തേടിയെത്തി.
ഫോൺ നഷ്ടപ്പെട്ടയാളിന്റെ ജിമെയിൽ ഐഡിയും പാസ്വേഡും വാങ്ങിയാണ് തുടക്കം. അതിൽ കയറിയപ്പോൾ ഫോൺ ലൊക്കേറ്റ് ചെയ്യാൻ പറ്റുന്നില്ല. സാംസംഗ് അക്കൗണ്ടിൽ ലോഗിൻ ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ ഫോണിന്റെ ഉടമയ്ക്ക് അതേപ്പറ്റി വലിയ പിടിയുമില്ല. ജി മെയിലിൽ താഴേക്ക് കുറച്ച് സ്‌ക്രോൾ ചെയ്തപ്പോഴാണ് സാംസങ് ഐഡിയിൽ പാസ്വേഡ് റീസെറ്റ് ചെയ്ത മെയിൽ ശ്രദ്ധയിൽപെടുന്നത്. അതുവഴി സാംസങ് അക്കൗണ്ടിൽ കയറി. അങ്ങനെ കയറുമ്പോൾ ഫോണിന്റെ മാറ്റാവുന്ന കുറേ ഫീച്ചറുകൾ ലാപ്‌ടോപ്പിൽ കിട്ടും. ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ടില്ലെന്ന് അതിലൂടെ മനസ്സിലാക്കി. ഉടൻ നാലക്ക പിൻ നമ്പർ മാറ്റി. ബാറ്ററി സേവർ മോഡും ഓണാക്കി. എന്നിട്ട് ഫോൺ LOST മോഡിലിട്ടു. സാംസങ് ഫോൺ ലോസ്റ്റ് മോഡിലാക്കിയാൽ പിന്നെ അത് കയ്യിലുള്ളയാൾക്ക് എമർജൻസി കോളുകൾക്ക് മാത്രമേ ഉപയോഗിക്കാനാകൂ.
ഇത്രയും ചെയ്തശേഷം ഡിവൈസ് ലൊക്കേറ്റു ചെയ്തു. ഫോണിൽ ജിപിഎസ് ഓണായിരുന്നതിനാൽ മാത്രമാണ് ഫോൺ ലൊക്കേറ്റ് ചെയ്യാൻ സാധിച്ചത്. ആ ലൊക്കേഷൻ ഉടമയ്ക്ക് അയച്ചുകൊടുത്തു. അത് പണിക്കാർ താമസിച്ചിരുന്ന കെട്ടിടമായിരുന്നു. ഫോണിന്റെ ഉടമ അവിടെയെത്തി പണിക്കാരോട് ചോദിച്ചപ്പോൾ അവരാരും ഫോൺ കണ്ടിട്ടുപോലുമില്ല. അത്രയും വലിയൊരു താമസസ്ഥലത്ത് എവിടെയോ ഫോണുണ്ടെന്നു മാത്രമേ അറിയാൻ പറ്റുന്നുള്ളു. അങ്ങനെ ഇവിടെ ലാപ്‌ടോപ്പിൽ നോക്കുമ്പോൾ ഒരു വൈഫൈ നെറ്റ്വർക് ആ ഫോണില്‍ ലഭ്യമാണെന്നത് കണ്ടു. അവർക്ക് ആ നെറ്റ് വർക്കിന്റെ പേരുകള്‍ കൈമാറിയശേഷം അവരുടെ കയ്യിലെ ഫോണിൽ ആ നെറ്റ്വർക്ക് കിട്ടുന്നിടം എവിടെയെന്ന് നടന്ന് പരിശോധിക്കാന്‍ പറഞ്ഞു.
പഴയ ഒളിച്ചുകളിക്കാലത്തെ ചൂടും തണുപ്പും… ഒളിപ്പിച്ചുവച്ച സാധനത്തിനടുത്തെത്തിയാൽ ചൂട് എന്ന സൂചനനൽകും, അകന്നുപോയാൽ തണുപ്പ് എന്നും.
അങ്ങനെ ഇവർ കുറച്ച് നടന്നപ്പോള്‍ തങ്ങളുടെ ഫോണിൽ പ്രസ്തുത വൈഫൈ കിട്ടുന്നിടത്തെത്തി. അത് പണിക്കാർ താമസിക്കുന്ന മുറികളിലൊന്നിന്റെ സമീപമായിരുന്നു. ചോദിച്ചപ്പോൾ അവർക്കും ഫോണിനെപ്പറ്റി അറിയില്ല. ഇത്രയുമായപ്പോൾ ഇവിടെനിന്ന് ലാപ്‌ടോപ്പിൽ റിംഗ് കൊടുത്തു. ഫൈൻഡ് മൈ ഡിവൈസ്! അതോടെ സൈലന്റിലായ ഫോൺ അടയാളമണി മുഴക്കിത്തുടങ്ങി. മുറിക്കുള്ളിൽ നിന്ന് മണിയടി കേട്ടതോടെ ഫോൺ അവിടെയുണ്ടെന്ന് മനസ്സിലായി. അത് തിരിച്ചുകിട്ടുകയും ചെയ്തു. പണിസ്ഥലത്ത് അനാഥമായിക്കിടന്ന ഫോൺ എടുത്തുകൊണ്ടുപോന്നതാണെന്ന് അതു ചെയ്തയാൾ കുറ്റസമ്മതവും നടത്തി.
ഇത്രയും എഴുതിയത് ചില കാര്യങ്ങൾ സൂചിപ്പിക്കാനാണ്. ഫോൺ വാങ്ങുമ്പോൾ സെക്യൂരിറ്റി ഫീച്ചറുകൾക്ക് മുൻഗണന നൽകുക. ഫോണിൽ ജി മെയിലിനൊപ്പംതന്നെ കഴിയുന്നതും അതതു കമ്പനികളുടെ ഐഡിയിലും ലോഗിൻ ചെയ്യുക. കഴിയുന്നതും ഇന്‍റര്‍നെറ്റ് ഡേറ്റയും ജിപിഎസും ഓണാക്കിയിടുക.
കഴിഞ്ഞദിവസം ഒടിടിയിൽ കണ്ട ‘നൈറ്റ് ഡ്രൈവ്’ എന്ന സിനിമയിൽ എനിക്കിഷ്ടപ്പെട്ട ഏക സംഗതിയും ഇത്തരത്തിലൊരു സാങ്കേതികവിദ്യയായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെടുന്നയാൾ മറ്റൊരാൾക്ക് വാട്‌സാപ്പിൽ ലൈവ് ലൊക്കേഷൻ പങ്കിടുന്നു. പോലീസും മറ്റും അതുവച്ച് ഒളിസങ്കേതം കണ്ടെത്തുന്നു. എത്രയെളുപ്പം! സാങ്കേതികവിദ്യ വളരുകയാണ്. അതിനനുസരിച്ച് പല കാര്യങ്ങളും കണ്ടെത്താൻ സേതുരാമയ്യരൊന്നും ആകേണ്ട യാതൊരു കാര്യവുമില്ല. സ്വകാര്യത അപഹരിക്കപ്പെടുമോ ഇല്ലയോ എന്ന ആശങ്കകൾക്കു മാത്രമേ സ്‌കോപ്പുള്ളു. അതൊരു വലിയ പ്രശ്‌നമല്ലെങ്കിൽ പിന്നെന്ത്!
പുനലൂരില്‍ കാണാതായ ഫോണ്‍ തിരുവനന്തപുരത്തിരുന്ന് ട്രാക്ക് ചെയ്തു കണ്ടെത്തി
- Design