Jo and Jo review: കാണരുതെന്ന് ഉപദേശിച്ചു: എനിക്ക് എന്തോ ഇഷ്ടം ആയി; ഒപ്പം നസ്ലിൻ ബ്രോയെയും
പലരും നല്ല അഭിപ്രായം പറയാഞ്ഞിട്ടും, കാണരുതെന്ന് ഉപദേശിച്ചിട്ടും, ജോമോന്റേയും, ജോമോളുടെയും കഥ പറയുന്ന ജോ & ജോ സിനിമ ഞാൻ കണ്ടു.
വലിയ പ്രതീക്ഷ അർപ്പിക്കാതെ കണ്ടത് കൊണ്ടാണോ എന്ന് അറിയില്ല… ഈ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു. കണ്ടിരിക്കാവുന്ന ഒരു സിനിമ.
സ്ത്രീ ശാക്തീകരണം പറയുന്ന ഈ കാലത്തും, സ്ത്രീക്ക് ഇപ്പോഴും അത്ര മേൽ സ്വാതന്ത്ര്യം ഇല്ലായെന്ന് സൈലന്റായി പറഞ്ഞു പോകുന്ന ഒരു സിനിമയായിട്ടാണ് ഈ സിനിമയെ എനിക്ക് കാണാൻ ആയതു.
വീട്ടിൽ ട്യൂഷൻ എടുത്തും, അലങ്കാര മത്സ്യങ്ങളെ വിറ്റും പോക്കറ്റ് മണി ഉണ്ടാക്കുന്നതിനൊപ്പം, വീട്ടു ജോലികളിൽ എല്ലാം വ്യപൃതയാകുന്ന മകൾ..
ഉഴപ്പി തല്ലി നടന്നാലും, വായി നോക്കി നടന്നാലും, നാല് നേരവും വീട്ടിൽ നിന്നും മൃഷ്ടാന്ന ഭോജനം കിട്ടുന്ന മകൻ..
മീൻ കൂട്ടാത്ത മകന്, മുട്ട പൊരിച്ചു കൊടുക്കുന്ന അമ്മ, എന്നാൽ മോളുടെ ഇഷ്ടങ്ങൾ ഒന്നും പരിഗണിക്കുന്നതായി കാണുന്നേയില്ല. മകൻ സിഗരറ്റ് വലിക്കുമെന്നു അറിയുമ്പോൾ ചൂല് എടുത്ത് അമ്മ തല്ലുന്നുണ്ടെങ്കിലും, പിന്നീട്, മകന് പട്ടിണിക്കു ഇരികുകയാണോ എന്ന് വ്യകുലയാകുന്ന അമ്മയെ കാണിക്കുമ്പോൾ, സിഗരറ്റ് വലിക്കുന്നത്, ആൺകുട്ടികളുടെ കുസൃതി ആണെന്ന് പറഞ്ഞു ഊറ്റം കൊള്ളുന്ന വല്യമ്മച്ചി മറു വശത്തുണ്ട്. എന്തിനു പറയുന്നു പെണ്ണിന് ഒന്ന് പ്രേമിക്കാൻ കൂടി വീട്ടിൽ സ്വാതന്ത്ര്യം ഇല്ല. അക്കാര്യത്തിൽ പോലും ആൺ പെൺ വിവേചനങ്ങൾ ഉണ്ട്..
ഒരു ദിവസം ഈ സ്വാതന്ത്ര്യം ഇല്ലായ്മയുടെ, അടിച്ചമർത്തലിന്റെ ഒക്കെ പേരിൽ ജോമോൾ അമ്മയോട് പൊട്ടിത്തെറിക്കുമ്പോൾ , കാര്യങ്ങൾ കൂൾ കൂളായി സോൾവ് ചെയ്യാൻ വരുന്ന ബേബി പാലത്തറ എന്ന ഹോമിയോ ഡോക്ടറായ അപ്പനെ ഒത്തിരി ഇസ്തം.
മാത്യു തോമസ്, നിഖിലാ വിമൽ, ജോണി ആന്റണി, സ്മിനു സിജോ അടങ്ങിയ ആ ഫാമിലിയെ പലർക്കും ഇഷ്ടമായില്ലെങ്കിലും, എനിക്ക് എന്തോ ഇഷ്ടം ആയി. ഒപ്പം നസ്ലിൻ ബ്രോയെയും.
സൂപ്പർ താരങ്ങളുടെ സിനിമകൾ വെറുപ്പിച്ച ഈ ടൈമിൽ ഈ കുഞ്ഞു സിനിമ എനിക്ക് ഇഷ്ടപ്പെട്ടു..
കണ്ടിരിക്കാം. മുഷിപ്പ് ഇല്ലാതെ…
Jo and Jo review: കാണരുതെന്ന് ഉപദേശിച്ചു: എനിക്ക് എന്തോ ഇഷ്ടം ആയി; ഒപ്പം നസ്ലിൻ ബ്രോയെയും
- Design