എച്ച്ആർഡിഎസ് പ്രവർത്തനങ്ങളിൽ ദുരൂഹത; ഐഎന്‍എല്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി
ദി ഹൈറേഞ്ച് റൂറൽ ഡെവലപ്മെൻറ് സൊസൈറ്റി (എച്ച്ആർഡിഎസ് ഇന്ത്യ) എന്ന എൻ.ജി.ഒ യുടെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളും, സാമ്പത്തിക തിരിമറികളും, ദുരൂഹതകളും പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജിലൻസിനും ഇമെയിൽ വഴി പരാതി നല്‍കിയതായി ഐഎന്‍എല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ എന്‍ കെ അബ്ദുള്‍ അസീസ് പ്രസ്താവനയില്‍ അറിയിച്ചു.
നിയമവിരുദ്ധമായി പാട്ടക്കരാർ ഉണ്ടാക്കി വനഭൂമിയിൽ അനധികൃത നിർമ്മാണം നടത്തുന്നു, നിയമ ലംഘനങ്ങൾ, വാസയോഗ്യമല്ലാത്ത വീടുകൾ നൽകി ആദിവാസി – വനവാസി വിഭാഗങ്ങളെ വഞ്ചിക്കുന്നു, പദ്ധതികളുടെ മറവിൽ നടക്കുന്ന അഴിമതി ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ തെളിവുകൾ സഹിതം പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
ആദിവാസികൾക്കായുള്ള ഭവന നിർമ്മാണ പദ്ധതിയുടെ മറവിൽ 50000 കോടിയിലധികം രൂപ സിഎസ്ആർ ഫണ്ട് എച്ച്ആർഡിഎസ് ഇന്ത്യ സ്വരൂപിച്ചിട്ടുണ്ട്. ആദിവാസി – വനവാസി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്, അവരുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന പ്രവർത്തനങ്ങളിലൂടെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ദൂരവ്യാപകമായി സംഭവിക്കാൻ പോവുന്നത്. എച്ച്ആർഡിഎസ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ ദുരൂഹതകളും അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ
എച്ച്ആർഡിഎസ് ഇന്ത്യ എന്ന സ്ഥാപനത്തെയും, പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെയും കുറിച്ച് ശക്തമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് ഐഎന്‍എല്‍ ആവശ്യപ്പെട്ടു.