സ്വപ്ന ഒരുപകരണം മാത്രം; വർഗീയതക്ക് ആവശ്യം പിണറായിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെടുകയാണ്
യഥാർത്ഥത്തിൽ ഇന്നത്തെ സ്വപ്നയുടെ വിഷ്വൽസ് എനിക്ക് അസ്വസ്ഥതയാണുണ്ടാക്കുന്നത്. ഒരു സ്ത്രീ ബോധരഹിതയായി വീഴുന്നത് കണ്ട് ചിരിച്ചു തള്ളാനുള്ള മനസ്സ് എനിക്കില്ല. അവരാരുമാകട്ടെ, അവരുടെ വക്കീൽ ഏതു കാർക്കോടകനുമാകട്ടെ – അത്രയും കൊണ്ട് തീരുന്നതല്ല രാഷ്ട്രീയഹിന്ദുത്വയുടെ അപായകരമായ ആഴം എന്നാണ് എൻ്റെ ബോധ്യം. സ്വപ്ന സുരേഷ് രാഷ്ട്രീയഹിന്ദുത്വത്തിൻ്റെ കയ്യിൽ ലഭിച്ച ഒരു നിസ്സഹായയായ പാവ മാത്രമാവാനാണ് വഴി. അവർ ചെയ്ത ക്രിമിനൽ കുറ്റകൃത്യങ്ങളുണ്ടെങ്കിൽ അതിൻ്റെ വിചാരണയും ശിക്ഷയും തീർച്ചയായും അവർ അനുഭവിക്കണം.
പക്ഷേ ഉന്നം സ്വപ്ന സുരേഷോ അവരുടെ സുഹൃത്തുക്കളോ ശിവശങ്കറോ ഒന്നുമല്ല, പിണറായി വിജയനാണ്. ഒരു വ്യക്തി എന്ന നിലയിലുള്ള പിണറായി വിജയൻ എന്നതിലപ്പുറം കേരളത്തിലെ ഇടതുപക്ഷമാണ്. ഒന്നുകൂടി സൂക്ഷ്മതലത്തിൽ മാർക്സിസ്റ്റ് പാർട്ടിയാണ്. രാഷ്ട്രീയഹിന്ദുത്വത്തിൻ്റെ ആ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികൾ മാത്രമാണ് സ്വപ്നയും വക്കീലും മുതൽ ഇടതുപക്ഷവൈരം മാത്രം വിൽക്കുന്ന മാധ്യമങ്ങൾ വരെയെല്ലാം.
സംഘികൾക്ക് ബുദ്ധിയില്ലെന്നും കാണിക്കുന്നതെല്ലാം മണ്ടത്തരമാണെന്നും തോന്നുന്ന പ്രതീതിയാഥാർത്ഥ്യത്തിൽ എനിക്കു വിശ്വാസമില്ല. ചരിത്രം അത് കേവലം പ്രതീതി മാത്രമാണെന്ന് തെളിയിച്ചിട്ടുണ്ട്. രത്നഗിരിയിൽ വന്നു തടങ്കലിൽ പാർത്ത സവർക്കറും അയാളുടെ കിറുക്കൻ ചിന്തകളും വെറും മണ്ടത്തരമായിട്ടാണ് അന്നും മതേതരവാദികൾ കണക്കാക്കിയത്. പിന്നീട് സംഭവിച്ചത് സവർക്കർ എന്ന തോക്കിൽ നിന്നു പാഞ്ഞ വെടിയുണ്ടയായി ഗോഡ്സേ ബിർലാമന്ദിരത്തിലെത്തി ഇന്ത്യൻ ഹൃദയം പിളർക്കുകയായിരുന്നു.
ബാബറി മസ്ജിദിൻ്റെ മിനാരങ്ങൾ തകർന്നുവീണ തൊണ്ണൂറുകളിൽ പോലും രാഷ്ട്രീയ ഹിന്ദുത്വം ഇന്ത്യ അടക്കിവാഴുമെന്ന് മതേതരവാദികൾ കരുതിയിരുന്നില്ല. ഇന്ത്യൻ ജനത അത്ര ബുദ്ധിയില്ലാത്തവരല്ല എന്നായിരുന്നു അഹങ്കാരം. അതു സംഭവിച്ചു, സംഭവിക്കാവുന്നതിലേറ്റവും ദാരുണമായിത്തന്നെ സംഭവിച്ചു. ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ! കേരളത്തിലെ ഹിന്ദുത്വവിദൂഷകരായ ടി ജി മോഹൻദാസിനേയോ കുമ്മനത്തേയോ ഗോപാലകൃഷ്ണനെപ്പോലെയോ തലയിൽ ആൾത്താമസമില്ലാത്തവരുടെ പ്രകടനങ്ങളെ മുൻനിർത്തി രാഷ്ട്രീയ ഹിന്ദുത്വയുടെ ആഴം പരിശോധിക്കുന്നത് അബദ്ധമാണ്. നൂറുവർഷത്തെ ഒരു മിഷൻ പ്രാവർത്തികമാക്കാനറിയുന്ന ടീം അണിയറയിലുണ്ട്. അവർ മണ്ടൻമാരല്ല. അവർ മണ്ടത്തരത്തെ ലെജിറ്റമൈസ് ചെയ്യുക വഴി അവർ സാധിച്ചെടുക്കുന്നത് ഒരു പ്രച്ഛന്നവേഷം ആണ്.
വീണ്ടും പറയുന്നു, എനിക്ക് ചിരി വരുന്നില്ല. സ്വപ്ന സുരേഷിൽ വീണിരുന്ന സുവർണ്ണാവസരം മുതലാക്കാൻ ശ്രമിക്കുന്ന വർഗീയതക്ക് ആവശ്യം പിണറായി വിജയൻ്റെ ക്രെഡിബിലിറ്റി നഷ്ടപ്പെടുകയാണ്. അറിഞ്ഞോ അറിയാതെയോ ആ കുരുക്കിൽപ്പെട്ട് പിടയുന്ന ഒരു സ്ത്രീയായിട്ടാണ് ഞാൻ സ്വപ്ന സുരേഷിനെ മനസ്സിലാക്കുന്നത്.
പേടി വേണ്ട, ജാഗ്രത മതി. പക്ഷേ ജാഗ്രത വേണം. എന്തിലുമേതിലും.