സരിത, സ്വപ്‌ന: കേരളമൊരു ബിഗ് ബോസ് ഹൗസ്; എല്ലാവരും തോല്‍ക്കുമ്പോള്‍ മലയാളീസ് ആസ്വദിക്കുന്ന ഹൗസ്
രാഷ്ട്രീയത്തിൽ നിന്ന് രാഷ്ട്രീയം ചോർന്നുപോവുന്ന അന്തരീക്ഷം എന്ന് വാൾട്ടർ ബന്യാമീൻ്റെ പഴയൊരു പ്രയോഗമുണ്ട്. അദ്ദേഹമുദ്ദേശിച്ച അർത്ഥത്തിലല്ലെങ്കിലും ഇന്ന് കേരളത്തിൽ സംഭവിച്ചിരിക്കുന്നത് അതാണ്. ഭരണപക്ഷത്തിനെതിരെ ആരോപണങ്ങളും അതിൽ പ്രതിപക്ഷസമരങ്ങളുമെല്ലാം സ്വാഭാവികമാണ്. പക്ഷേ അരാഷ്ട്രീയതയുടെ രാഷ്ട്രീയവേദിയായി ഇങ്ങനെ പൊതുമണ്ഡലം മലീമസമാക്കപ്പെടുന്നത് അപൂർവ്വമാണ്.
പരസ്പരം വ്യക്തികൾ തമ്മിലുണ്ടായിരുന്നതും ഉള്ളതും ഉണ്ടെന്നു കാണിക്കേണ്ടതും ഇല്ലെന്നു വരുത്തേണ്ടതുമായ പലതരം വ്യക്തിബന്ധങ്ങളുടെ ചുറ്റുഗോവണികളിൽ കയറിയിറങ്ങിയാണ് ഓരോ ദിവസവും കടന്നു പോകുന്നത്.
സരിത, സ്വപ്ന എന്നിങ്ങനെ പല പേരുകളിൽ പല സ്ത്രീകൾ. അവരുടെ മുൻ സുഹൃത്തുക്കൾ. ഇന്നത്തെ സുഹൃത്തുക്കൾ. സൗഹൃദത്തിൻ്റെ നിറം. പിണക്കങ്ങൾ. ഇണക്കങ്ങൾ. ഇങ്ങനെ ലോകത്തിനൊരാവശ്യവുമില്ലാത്ത കാര്യങ്ങളാണ് രാഷ്ട്രീയത്തിൻ്റെ സംവാദകേന്ദ്രം എന്നു വരുന്നതോടെ കേരളം ഏതാണ്ടൊരു ബിഗ്ബോസ് വീടായിത്തീരുന്നു.
ബിഗ്ബോസിൽ ജയിക്കുന്നവർക്ക് എന്തോ സമ്മാനമെങ്കിലുമുണ്ട്. ഈ കേരളാ ബിഗ്ബോസിൽ എല്ലാവരും ഒരുപോലെ തോൽക്കുന്നു. ഒരു വീട്ടിലെ വ്യക്തികളുടെ സ്വകാര്യതയിലേക്കുറ്റു നോക്കി ആനന്ദിക്കുന്ന ബിഗ്ബോസിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത ഉൻമാദമാണ് സ്വപ്നയും സരിതയും വന്ന കളിക്കളത്തിലും മലയാളി ആസ്വദിക്കുന്നത്. ശരിതെറ്റുകളും ന്യായങ്ങളും മൂല്യബോധങ്ങളും വ്യക്തിതലത്തിൽ വിഭിന്നമാണ് എന്നതിനാൽ ഇവിടെയും മനുഷ്യർ പല തട്ടിൽ നിന്ന് തർക്കിക്കുന്നു.
ഭാഗ്യവശാൽ, ഞാനെൻ്റെ കേബിൾ കണക്ഷൻ പോലും വേർപെടുത്തി സ്വസ്ഥമായിരിക്കുന്നു. ഓരോ മിനിറ്റിലും ആരെല്ലാം പത്രസമ്മേളനം നടത്തി എന്തെല്ലാം ‘വെളിപ്പെടുത്തുന്നു’ എന്നറിഞ്ഞിട്ട് എൻ്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനോ പൊതുവിജ്ഞാനത്തിനോ യാതൊരു പ്രയോജനവും ഞാൻ കാണുന്നില്ല.
അറബ് പാർലമെൻ്റ് പ്രവാചകനിന്ദയെ അപലപിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റ് ഒരുമിച്ച് ഇന്ത്യൻ വർഗീയഫാഷിസത്തോട് പ്രതിഷേധമറിയിക്കുന്നു. മിതാലി വിരമിച്ചു. ഓക്ഫാം റിപ്പോർട്ട് യുറോപ്യൻ രാജ്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. കലാമണ്ഡലം ഗോപിക്ക് എൺപത്തഞ്ച് വയസ്സായി. ഇഗാ ഷ്വാൻടകിൻ്റെ മൂന്നാം സെറ്റ് വീണ്ടും കാണാൻ മാത്രമുണ്ട്. യുപി ഗവർമെൻറ് കാൺപൂർ സംഘർഷത്തിൻ്റെ ചിത്രം പുറത്തു കാണാതിരിക്കാൻ ശ്രമിക്കുകയാണ്. നാല് സംസ്ഥാനങ്ങളിൽ രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതൊക്കെ അറിഞ്ഞേ പറ്റൂ. ഇതൊക്കെയേ അറിയാൻ താൽപര്യവും തോന്നുന്നുള്ളൂ.