ബി ജെ പി മാപ്പു പറയുമ്പോൾ അത് ഇന്ത്യയുടെ മാപ്പായി മാറേണ്ടി വരുന്നു
ലോകരാഷ്ട്രങ്ങൾക്കു മുൻപിൽ ഇന്ത്യയെ പിന്നെയും പിന്നെയും നാണം കെടുത്തുന്നു എന്നതുമാത്രമല്ല പ്രവാചകനിന്ദയുടെ പുതിയ പ്രശ്നം. എളുപ്പത്തിൽ തിരിച്ചടിക്കാവുന്ന ബൂമറാംഗ് ആയ ശൈശവവിവാഹത്തെ ഉപയോഗിച്ച് ഹിന്ദുത്വവാദികൾ ഇസ്ലാമിനെ അടിക്കുമ്പോൾ “പിടിച്ചു ഞാനവനെന്നെ കെട്ടി” എന്ന മട്ടിലുള്ള പ്രതിരോധത്തിലേക്ക് വീണുപോകുന്നത് ഹിന്ദുത്വവാദികൾ മാത്രമല്ല, ഇന്ത്യക്കാർ മുഴുവനുമാണ് എന്നതാണ്.
ചരിത്രത്തിൻ്റെ സാമാന്യധാരണയുള്ളവർക്കറിയാം, വിവാഹപ്രായത്തെക്കുറിച്ചുള്ള ആധുനിക ധാരണകൾക്ക് നൂറുവർഷത്തിലധികമൊന്നും പഴക്കമില്ല. നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധി തന്നെ ശൈശവവിവാഹം കഴിച്ചതാണ്. അതുപിന്നെ “ഞങ്ങളുടെ ഗോഡ്സെ ” പ്രതികരിച്ചല്ലോ എന്ന് തീവഹിന്ദുത്വവാദികൾക്ക് മറുപടി പറയാം. പക്ഷേ നമ്മുടെ പൂർവ്വ തലമുറകളിലെ ബഹുമാന്യരിൽ ഭൂരിപക്ഷവും ശൈശവവൈവാഹിതരോ ശൈശവവിവാഹസന്തതികളോ ആണ്. ആർത്തവത്തിനു മുൻപാവണം വിവാഹം എന്ന് കരുതിയിരുന്ന കുടുംബങ്ങൾ നൂറുവർഷം മുൻപു പോലും ഇന്നാട്ടിൽ അസാധാരണമായിരുന്നില്ല. ഭർത്താവിൻ്റെ വീട്ടിലെ ആദ്യ ആർത്തവം അഭിമാനകരമായ നേട്ടമായി ഗണിച്ചിരുന്ന ജാതിസമൂഹങ്ങൾ തന്നെയുണ്ടായിരുന്നു. ബാലഗംഗാധര തിലക് അടക്കമുള്ള പഴയ അനേകം നേതാക്കളുടെ പേടിസ്വപ്നമായിരുന്നു വിവാഹപ്രായം വർദ്ധിക്കുന്നത്. ഫൂൽമണി കേസ് മുതൽ അനേകം ഉദാഹരണങ്ങളുണ്ട്. അപ്പോഴാണ് മുഹമ്മദ് നബിയുടെ കാലത്തെ ശൈശവവിവാഹത്തെക്കുറിച്ച് ഇവിടെ നിന്ദിക്കുന്നത്.
ചരിത്രവൽക്കരിച്ചു കണ്ടാൽ മറ്റൊരു യാഥാർത്ഥ്യം കൂടിയുണ്ട്. സ്വാതന്ത്ര്യം കിട്ടിയ കാലത്തു പോലും ഇന്ത്യൻ ശരാശരി ആയുർദൈർഘ്യം നാൽപ്പതു വയസ്സിൽ തൊട്ടിരുന്നില്ല. അക്കാലത്ത് നടക്കുന്ന ശൈശവവിവാഹങ്ങളിൽ പോലും ഭൂരിപക്ഷത്തിൻ്റെയും ദാമ്പത്യായുസ്സ് മുപ്പതു വർഷമായിരിക്കും. ആ കാലത്തിൻ്റെ നീതിബോധത്തെ എഴുപതിയിൽ പരം ശരാശരി ആയുർദൈർഘ്യമുള്ള കാലത്തിരുന്ന് നിർവ്വചിക്കുന്നതേ അബദ്ധമാണ്. എന്നാൽ സ്വശരീരവും ബുദ്ധിയുമുറക്കുന്നതിനു മുൻപ് ഒരു വ്യക്തിയിലേക്കുള്ള കടന്നുകയറ്റത്തെ ന്യായീകരിക്കാൻ അന്നും കഴിയുമായിരുന്നില്ല. ഇക്കാര്യമുയർത്തിയാണ് അന്ന് ബ്രിട്ടീഷുകാർ വിവാഹപ്രായമുയർത്തുന്ന ബില്ലുകൾ അവതരിപ്പിച്ചതും.
ഇപ്പോഴത്തെ ബി ജെ പി പ്രതിനിധിയുടെ ചരിത്രബോധമില്ലാത്ത നിന്ദക്ക് നൽകേണ്ടിവരുന്ന വില നോക്കുക. യു എൻ അടക്കം മതനിന്ദയെ അപലപിച്ചു കഴിഞ്ഞു. ബിജെപി സർക്കാറിൻ്റെ മുസ്ലീം അപരവത്കരണത്തിനെതിരെ ഇതുവരെയും ശക്തമായി പ്രതികരിക്കാത്ത അറബ് രാജ്യങ്ങളിലടക്കം പ്രതിഷേധമുയർന്നിരിക്കുന്നു. രാഷ്ട്രം ജനങ്ങളല്ല ഭരണകൂടമാണെന്നും ഭരണകൂടം ജനങ്ങളുടെ പ്രതിനിധിസഭയല്ല ഭരണ വർഗ്ഗപ്പാർട്ടിയുടെ അധികാരമാണെന്നും ഭരണവർഗ്ഗപ്പാർട്ടി ജനാധിപത്യ പാർട്ടിയല്ല ഫാഷിസ്റ്റ് പാർട്ടിയാണെന്നും ഫാഷിസ്റ്റ് പാർട്ടി പല മനുഷ്യരുടെ സംഗമമല്ല ഒറ്റ മസ്കുലിൻ വിഷപൗരുഷമാണെന്നും വന്നാൽ ‘ അയാം ദ സ്റ്റേറ്റ് ‘ എന്ന അവസ്ഥയിലെത്തും. ഇന്ത്യയിൽ അതു സംഭവിച്ചതിനാൽ തന്നെ ബി ജെ പി മാപ്പു പറയുമ്പോൾ അത് ഇന്ത്യയുടെ മാപ്പായി മാറേണ്ടി വരുന്നു. അങ്ങനെ ഇവരുടെ തോന്നിവാസത്തിൻ്റെ പാപഭാരം നമുക്കോരോരുത്തർക്കും ആയിത്തീരുന്നു.
ചരിത്രബോധമില്ലാത്ത ചക്കിൽ ഒരിക്കലും എണ്ണ കിട്ടാത്ത വിധം ആട്ടിത്തീരാനാണ് ഇവിടെയുള്ള മനുഷ്യരുടെ വിധം. നാണം കെട്ട് തലകുനിക്കുക. വേറൊന്നും ചെയ്യാനില്ല.
ബി ജെ പി മാപ്പു പറയുമ്പോൾ അത് ഇന്ത്യയുടെ മാപ്പായി മാറേണ്ടി വരുന്നു
- Design