കേരളത്തിലെ യഥാര്‍ത്ഥ വികസന വിരോധികള്‍ ഈ നാല് മാസികകള്‍ ആണ്
അനീഷ് മാത്യു
തൊണ്ണൂറുകളിൽ കേരളത്തിനെപറ്റി കേട്ടിരുന്ന ഒരു പ്രധാന താരതമ്യം ആയിരുന്നു കേരളത്തിലെ റോഡുകളുടെ പരിതാപാവസ്ഥ. അന്നൊക്കെ ഗൾഫിൽ പോകാനായി അക്ബർ ട്രവേല്സിൽ ബോംബെയിലേക്ക് ബസുകയറിയിരുന്നവർ പറയുന്ന കഥകൾ, ഡൽഹിയിൽ നിന്നും കേരളത്തിൽ വന്നിരുന്നവർ പറയുന്നവ – ഇവയൊക്കെ ഡൽഹിയിലെയും ബോംബൈയിലെയും റോഡുകളുടെ വീതിയും നിർമാണത്തിലെ വ്യത്യാസങ്ങളും മലയാളികളോട് പറഞ്ഞു.
രണ്ടായിരത്തി മൂന്നിലോ മറ്റോ ആണ് മുബൈ പുനെ എക്പ്രസ് ഹൈവേ എന്ന ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ ആറുവരി പാതയിൽ മുംബൈയിൽ നിന്നും ലോണാവാലയിലേക്കു യാത്രചെയ്തത്. അന്ന് കേരളത്തിൽ നാലുവരി ഉള്ളത് ഇടപ്പള്ളിയിൽ നിന്നും അങ്കമാലി വരെ മാത്രം ആണ്. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്കുള്ള യാത്രകളെപ്പറ്റി ആളുകൾ പറയുക കോയമ്പത്തൂർ ചാവടി വരെ ( കേരളത്തിന്റെ അതിർത്തി ) വളരെ വേഗം വരാം എന്നാൽ അത് കഴിഞ്ഞാൽ അങ്കമാലിയിലെത്തുന്നതുവരെ ഇഴഞ്ഞു നീങ്ങണം എന്നാണ്.
കേരളം ഇന്ത്യയിലെ തന്നെ ട്രാൻസ്പോർട് ഇൻഫ്രാസ്ട്രച്ചറിൽ ഏറ്റവും പുറകിൽ ഉള്ള സംസ്ഥാനം ആണ്. ഇത്രയധികം ശതമാനം ആളുകൾ കേരളത്തിന് പുറത്തുള്ള ഒരു സംസ്ഥാനം എന്തുകൊണ്ടാണ് ഇത്ര പുറകിൽ ആകാനുള്ള കാരണം എന്ന് അന്വേഷിച്ചാൽ അതിൽ പ്രധാനകാരണം രണ്ടു മൂന്നു മാസികകൾ ആണെന്ന് തിരിച്ചറിയാം .
മാതൃഭൂമി – മലയാളം വരിക – കലാകൗമുദി- പിന്നീട് ഉണ്ടായ മാധ്യമം.
യാതൊരു ലോക വീക്ഷണവും ഇല്ലാത്ത, ലോകവിവരവും ഇല്ലാത്ത, സയൻസ് അല്ലെങ്കിൽ ടെക്നോളജി എന്താണെന്നു അടിസ്ഥാന ശാസ്ത്രീയ ബോധം പോലും ഇല്ലാത്ത ഏതെങ്കിലും സെൻട്രൽ യൂണിവേഴ്സിറ്റിയിൽ മലയാളത്തിലോ അല്ലെങ്കിൽ പാർസിയിലോ പീ എച് ഡി എടുത്തു എന്നത് മാത്രം ഉള്ള കുറച്ചാളുകൾ ഈ മേല്പറഞ്ഞ മാസികകളിൽ എഴുതി കൂട്ടിയ അന്ധവിശ്വാസം പോലത്തെ പരിസ്ഥിതി വാദം, അവർ കെട്ടിപ്പടുത്തുകൊണ്ടേ ഇരുന്ന വികലമായ വികസന ബോധം ഇവ ഇടതുപക്ഷത്തെകൂടി സ്വാധിനിച്ചരുന്നത് ആണ് കേരളം അടിസ്ഥാന സൗകര്യ വികസനത്തിൽ എല്ലാ കാലത്തും രാജ്യത്തിൻറെ പുറകിൽ ആകാൻ കാരണം.
ഇന്ത്യ മുഴുവൻ നാലുവരി പാതകൾ ഉണ്ടായപ്പോളും കേരളത്തിൽ അത് ഇടപ്പള്ളി മുതൽ അങ്കമാലി കണ്ണാശുപത്രി വരെ നിലനിർത്തിയതിന്റെ പ്രധാന ഉത്തരവാദി മാതൃഭൂമിയും മലയാളം വരികയും കൂടി നിർമ്മിച്ചെടുത്ത “യഥാർത്ഥ ഇടതു പൊതുബോധം” ആയിരുന്നു.
കഴിഞ്ഞ ആഴ്ച ആണ് വായിച്ചത് ആഫ്രിക്കയിൽ ആറായിരത്തോളം കിലോമീറ്റര്‍ നീളത്തിൽ പുതിയ അതിവേഗ അല്ലെങ്കിൽ അർദ്ധ അതിവേഗ റയിൽവേ ലൈനുകൾ കഴിഞ്ഞ പത്തു പതിനഞ്ചു വർഷത്തിൽ ഉണ്ടായി എന്ന വാർത്ത. ആഫ്രിക്ക എന്നാൽ ഇരുണ്ട ഭൂഖണ്ഡം എന്നാണല്ലോ നമ്മുടെ പൊതുബോധം – ആകെ എന്തെങ്കിലും അറിവ് അല്ലെങ്കിൽ ബഹുമാനം ഉള്ളത് സൗത്ത് ആഫ്രിക്കയോട് മാത്രം. എന്നാൽ മനസിലാക്കുക ഈ ഹൈ സ്പീഡ് റയിൽവേകൾ മുഴുവൻ ഉണ്ടായത് സൗത്ത് ആഫ്രിക്കക്ക് വെളിയിൽ ഉള്ള 49 ആഫ്രിക്കൻ രാജ്യങ്ങളിൽ ആണ്.
ലോകമാസകലം റയിൽവേ ലൈനുകൾ പുതുക്കപ്പെടുക ആണ് എന്ന് മനസിലാക്കാൻ ഈ ആഫ്രിക്കൻ നിർമാണത്തിൽ നിന്നും മനസിലാക്കാം.
നൂറു കൊല്ലത്തിനും മുമ്പ് വ്യാവസായിക വിപ്ലവത്തെ തുടർന്ന് ഉണ്ടാക്കിയ റയിൽവേകൾ എല്ലാം, ലോകമാസകലം പുനര്നിര്മിക്കപ്പെടുക ആണ് – അവക്ക് രണ്ടു ശാസ്ത്രീയ കാരണങ്ങൾ ആണുള്ളത്.
കടൽ അഥവാ ഷിപ്പ് കഴിഞ്ഞാൽ ഏറ്റവും ചിലവ് കുറഞ്ഞ യാത്രാമാർഗം ആണ് റയിൽവേ എന്നത്. ഏറ്റവും പരിസ്ഥിതി അനുകൂല പരിപാടിയും റയിൽവേ ആണ്.
അതോടൊപ്പം ഈ റയിലുകൾ പുതുക്കപ്പെടുന്നതിനുള്ള സാമൂഹ്യ കാരണങ്ങളുമുണ്ട് – ബ്രിട്ടീഷ് സാമ്രാജ്യം അവരുടെ ആവശ്യത്തിനുവേണ്ടി ഇന്ത്യയിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും ഉത്പന്നങ്ങൾ കടലിനടുത്തുള്ള തുറമുഖങ്ങളിൽ എത്തിക്കാൻ ആയി ഉണ്ടാക്കപ്പെട്ട, പ്രധാനമായും ചരക്കു നീക്കത്തിന് വേണ്ടി ഉണ്ടാക്കപ്പെട്ട റയിൽവേകൾ ആണ് ഇപ്പോൾ ഉള്ളത്. നമ്മുടെ ആളുകൾ നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് യാത്ര ചെയ്യാൻ ആയി ഉണ്ടാക്കപ്പെട്ടവ അല്ല.
ലോകമാസകാലം റയിൽവേകൾ – ഹൈ സ്പീഡ് റയിൽവേകൾ ഉണ്ടാക്കപ്പെടുക ആണ് . എഴുതാപതിനായിരമോ മറ്റോ കിലോമീറ്റര്‍ ആയിട്ടുണ്ട്. അതിൽ മൂന്നുറു നാനൂറു കിലോമീറ്റര്‍ ദൂരം ഇന്ത്യയിലും ആണ്.
ഇവക്കെതിരെ ഉള്ള വാദങ്ങൾ തന്നെ നോക്കു
ഒന്നാമത്തേത് : കേരളത്തെ വിഭജിക്കും, പരിസ്ഥിതി വിരുദ്ധമാണ്
അങ്ങനെ ആണോ അല്ലയോ എന്ന് പറയേണ്ടത്, പരിസ്ഥിതി ശാസ്ത്രജ്ഞർ അല്ലെ ? അവർ ആണോ ഇത്തരം വാരികകളിൽ ഈ വിഷയം എഴുതുന്നത് ?
രണ്ടാമത്തേത് : കിടപ്പാടം നഷ്ടപെടുന്നവർ : ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രതിഫലം ഏറ്റവും നല്ലത് ആണെന്ന് മാത്രമല്ല- ഇടതു ഗവണ്മെന്റ് അതിൽ ഭൂമി നഷ്ടപെടുന്ന അടിസ്ഥാനവർഗ്ഗത്തിന്റെ എല്ലാ താല്പര്യങ്ങളും ഭീതികളും അഡ്രെസ്സ് ചെയ്യും എന്നത് നമ്മുടെ എക്സ്പീരിയൻസ് അല്ലെ ?
മൂന്നാമത്തേത് : കേരളത്തിന് ഇപ്പോളത്തെ സാമ്പത്തിക അവസ്ഥയിൽ ഇത് താങ്ങാവുന്ന ചിലവ് ആണോ ? – ഈ ചിലവിന്റെ പകുതി എങ്കിലും കേരളത്തിൽ തന്നെ തൊഴിൽ ആയി, പണം ആയി ( ഭൂമി ഏറ്റെടുക്കുന്നതിനുള്ള ) മാറുക ആണ്. കേരളത്തിന് ഇപ്പോളത്തെ സാമ്പത്തിക അവസ്ഥയിൽ വേണ്ടത് നമ്മുടെ ജിഡിപി എത്രയും പെട്ടെന്ന് വളർത്തുക എന്നത് ആണ്, അതിനു വേണ്ട കിക്ക് സ്റ്റാർട്ട് ആണ് ഈ പ്രോജക്റ്റ്. കൂടാതെ ഇത്തരം പ്രോജക്റ്റ് ഉണ്ടെങ്കിൽ മാത്രമേ ഈ പണം ഇവിടെ വരൂ, അല്ലെങ്കിൽ ഈ പ്രോജക്റ്റ് കോയമ്പത്തൂരിലോ അല്ലെങ്കിൽ ഉഗാണ്ടയിലോ പോകും അവിടെ ഈ ലോൺ പണം ചിലവഴിക്കപ്പെടും.
മാതൃഭൂമി – മലയാളം വരിക – കലാകൗമുദി തൊണ്ണൂറുകളിൽ ചെയ്തിരുന്ന പരിപാടി ഇപ്പോൾ ചെയ്യുന്നത് മാധ്യമവും ട്രൂ കോപ്പി പോലെയുള്ള ചില ഓൺലൈനുകളും ആണ്. ആരാണ് ഇവയിൽ എഴുതുന്ന വിദഗ്ദർ – സി ആർ നീലകണ്ഠൻ മുതൽ പ്രമോദ് പുഴങ്കര വരെയുള്ളവർ. ഇവർക്കു എന്താണ് റയിൽവേയെപ്പറ്റിയുള്ള എക്സ്പെർടൈസ് എന്ന് നമ്മൾ ആലോചിച്ചിട്ടുണ്ടോ ? അതിന്റെ സാമൂഹ്യ വശം പറയാൻ എങ്കിലും ഉള്ള എന്തെങ്കിലും അറിവ് ?
ഇവർ ഇപ്പോളും നമ്മുടെ നാട്ടിൽ ഈ റയിൽവേ വന്നാൽ ഉണ്ടാകുന്ന ദോഷത്തെപ്പറ്റി കേരളത്തിലെ ഇടതുബോധത്തിനെ സ്വാധീനിക്കുന്നു എന്നത് ആണ് സിൽവർ ലൈനിനെതിരെ ഉണ്ടാകുന്ന അബദ്ധ ധാരണകൾ.
സിൽവർലൈൻ വേണമോ വേണ്ടയോ എന്ന ചർച്ചകളിലെ ഈ അശാസ്ത്രീയ ചിന്തകൾ, നിര്മിച്ചെടുക്കപെടുന്ന അബദ്ധപൊതുബോധം മൂലം മലയാളി കുറച്ചു കൂടി, കുറെ നാൾ കൂടി സാമ്പത്തിക പുരോഗതി പിന്നിലേക്ക് അടിക്കും എന്നത് അല്ലാതെ വേറൊരു ഉപകാരവും ഇല്ല.
ഇടതുപക്ഷത്തെ കുളിപ്പിച്ചില്ലണ്ടാക്കുന്ന, സമൂഹത്തിൽ സാമ്പത്തിക സാമൂഹ്യ അസമത്വം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന പരിപാടി ആണ് നടക്കുന്നത്.
കേരളത്തിലെ യഥാര്‍ത്ഥ വികസന വിരോധികള്‍ ഈ നാല് മാസികകള്‍ ആണ്
- Design