അതെ വിവിയൻ…. എന്തൊരു ഇന്നിംഗ്സായിരിക്കും അത്…
ഹോ…. എന്തൊരു ഇന്നിംഗ്സായിരിക്കും അത്….. ക്രിക്കറ്റ് വായിച്ചും കേട്ടും തുടങ്ങിയ 80 ൻ്റെ അവസാനങ്ങളിൽ സ്ഥിരമായി കേട്ടതും ശ്രദ്ധയിൽ പതിഞ്ഞതുമായ പേരാണ് ഐസക്ക് വിവിയൻ അലക്സാണ്ടർ റിച്ചാർഡ്സ് എന്നത് .
കപിൽദേവ് എന്ന ഇന്ത്യൻ കളിക്കാരൻ കഴിഞ്ഞാൽ, മറ്റാരോടും തോന്നാത്ത ഒരാരാധന ഈയൊരു മനുഷ്യനോട് തോന്നിയിരുന്നു. ഹെൽമറ്റില്ലാതെ മറൂൺ ക്യാപ്പിൽ, ചൂയിങ്ഗവും ചവച്ച് അലസ ഭാവത്തിലുള്ള നിൽപ്പ്, സെഞ്ചുറി നേടിയാലോ തൻ്റെ സ്ലോ ബോളിൽ വിക്കറ്റെടുത്താലോ അമിതാവേശമില്ലാതെ ഉള്ള പുഞ്ചിരി …. അക്കാലങ്ങളിൽ പത്രത്തിൻ്റെ അവസാന പേജിന് വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നത് വിജയം ശീലമാക്കിയ വിൻഡീസ് ടീമിൻ്റെ സ്കോർ ബോർഡിൽ ആ പേരിന് നേരെ എഴുതിയ അക്കങ്ങൾ വായിക്കാനായിരുന്നു….
ഏകദിന മത്സരങ്ങളിൽ വെസ്റ്റ് ഇന്ത്യൻ അപ്രമാദിത്തം തകർത്ത 83 ലോകകപ്പിൽ കപിൽ സൃഷ്ടിച്ച റെക്കോർഡിന് അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. മുറിവേറ്റ സിംഹങ്ങൾ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ ആദ്യ ഏകദിനത്തിനിറങ്ങിയത് പക്ഷേ ആത്മവിശ്വാസത്തോടെ ആയിരുന്നില്ല. 55 ഓവർ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ പന്തെടുത്തത് ബോതം,വില്ലീസ്, ഫോസ്റ്റർ, മില്ലർ, ഡെറക് പ്രിംഗിൾ എന്നിവരായിരുന്നു.ആദ്യ 25 ഓവർഇന്നത്തെ വെസ്റ്റിൻഡീസ് ടീമിൽ നിന്നു പോലും നമ്മൾ പ്രതീക്ഷിക്കാത്ത ഒരു പതനമായിരുന്നു വിൻഡീസ് മുൻനിര 1984 മെയ് 31 ന് കാഴ്ചവച്ചത്… അലക്ഷ്യമായ ഷോട്ടുകളും റണ്ണിംഗും വഴി ഗ്രീനിഡ്ജ്, ഹെയ്ൻസ്, റിച്ചഡ്സൻ,ഗോംസ്, ലോയ്ഡ്, മാർഷൽ, ഡുജോൺ എന്നിങ്ങനെ ഏഴു പേർ കൂടാരം കയറുമ്പോൾ ബോർഡിൽ വെറും 102 റൺസ്……
അർദ്ധ സെഞ്ചുറി നേടി പോരാട്ടം തുടരുന്ന വിവിയനിലായി ക്രിക്കറ്റ് ലോകത്തിൻ്റെ സകല ശ്രദ്ധയും… അടുത്ത പത്തോവർസർവ നാശം വിതച്ചു കൊണ്ട് പന്തെറിഞ്ഞ വില്ലീസിൻ്റെയും മില്ലറിൻെറയും സ്പെൽ തീരാൻ കാത്തു നിന്ന പോലെ തോന്നി വിവിയനും ബാപ്റ്റിസ്റ്റെയും…. 26 റൺസ് നേടിയ ബാപ്റ്റിസ്റ്റിയെ ബോതം കീപ്പർ ബെയർസ്റ്റോയുടെ കൈകളിലെത്തിക്കുകയും ജോയൽ ഗാർണർ യാതൊന്നും ചെയ്യാതെ മടങ്ങുകയും ചെയ്യുമ്പോൾ സ്കോർ 166/9…. അവസാന ഇരുപതോവർറിച്ചാർഡ്സ് പക്ഷേ കീഴടങ്ങാൻ തയ്യാറല്ലായിരുന്നു.
അവസാന ബാറ്റ്സ്മാൻ ,കരിയറിൻ്റെ അന്ത്യത്തോടടുത്ത മൈക്കൾ ഹോൾഡിങ്ങിൽ ഒരു പങ്കാളിയെ കണ്ടെത്തിയ അദ്ദേഹം ഇന്നിംഗ്സ് ഒറ്റയ്ക്ക് നയിക്കുന്ന കാഴ്ചയാണ് ഓൾഡ് ട്രഫോർഡ് സ്റ്റേഡിയത്തിൽ പിന്നീട് കണ്ടത്. ഹോൾഡിങ്ങിനെ ഒരറ്റത്ത് നിർത്തി പ്രിംഗിൾ, ബോതം, ഫോസ്റ്റർ എന്നിവരെ ദയാദാക്ഷിണ്യങ്ങളില്ലാതെ പ്രഹരിക്കുമ്പോൾ, ആ ബാറ്റിൽ നിന്ന് പറന്നത് 21 ബൗണ്ടറികളും 5 സിക്സറുമടക്കം 170 പന്തിൽ പുറത്താവാതെ 189 റൺസായിരുന്നു.
അപരാജിതമായ പത്താമത്തെ വിക്കറ്റിൽ 106 റൺസ് പിറന്നതിൽ വിലമതിക്കാനാവാത്തത് 26 പന്ത് നേരിട്ട് 12 റൺസ് നേടിയ ഹോൾഡിങിൻ്റെ ബാറ്റിങ് കൂടി ആയിരുന്നു. ഒരൽപ്പം കൂടി ശ്രമിച്ചിരുന്നെങ്കിൽ, ലോകത്തിൽ ആദ്യമായി ഒരാൾ ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന കാഴ്ചക്ക് മാഞ്ചസ്റ്റർ സാക്ഷിയാവുമായിരുന്നു. പതിമൂന്നു കൊല്ലങ്ങൾക്കിപ്പുറം സയീദ് അൻവർ ഭേദിക്കുന്നതു വരെ ഇളക്കം തട്ടാതിരുന്നു എന്നതു മാത്രം മതി ഈ ഒരു ഇന്നിംഗ്സിൻ്റെ മഹത്വം മനസ്സിലാക്കാൻ.
എട്ട് ബാറ്റ്സ്മാൻമാർ ഒറ്റ അക്കം സ്കോർ ചെയ്ത ഇന്നിംഗ്സിൽ വിവിയൻ്റെ അമാനുഷികത കഴിഞ്ഞാൽ എടുത്തു പറയേണ്ടത് ബാപ്റ്റിസ്റ്റെയുടെയും ഹോൾഡിങിൻറ്റെയും സപ്പോർട്ട് തന്നെയാണ്.മറുപടി ബാറ്റിങ്ങിൽ, അലൻ ലാംബിൻ്റെ ശ്രമങ്ങൾ (75) ക്ക് ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല.ബോൾ കയ്യിലെടുത്ത് രണ്ടു വിക്കറ്റും നേടിയ റിച്ചാർഡ്സ് അല്ലാതെ ആ 104 റൺസ് വിജയത്തിൽ മറ്റൊരു ശിൽപ്പി ഇല്ലേയില്ല.
അതെ വിവിയൻ…. എന്തൊരു ഇന്നിംഗ്സായിരിക്കും അത്….. ആ കാലത്ത് ആ കളി നേരിൽ കാണാത്തത് ഇന്നത്തെ വിഷമങ്ങളിലൊന്നാണ്.
ഫേസ്ബുക്കില്‍ കുറിച്ചത്
അതെ വിവിയൻ…. എന്തൊരു ഇന്നിംഗ്സായിരിക്കും അത്…
- Design