News in its shortest

മതങ്ങള്‍ ഉണ്ടാക്കിയ വികൃത ധാരണകള്‍ എന്നാണ് സമൂഹ ധാര്‍മ്മികതയായത്‌?

പ്രമോദ് പുഴങ്കര

പെൺകുട്ടികളെയും ആൺകുട്ടികളെയും സ്‌കൂളുകളിൽ ഇടകലർത്തിരുത്തുക, കലാമത്സരങ്ങളിൽ ഒരുമിച്ചു പങ്കെടുപ്പിക്കുക, സ്കൂൾ അസംബ്ലിയിൽ വെവ്വേറെ വരി ഒഴിവാക്കുക എന്നിങ്ങനെ ലിംഗവിവേചനം ഒഴിവാക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശമാണ് ‘സുപ്രഭാതം’ പത്രത്തിനു വിവാദനിർദ്ദേശങ്ങളായി തോന്നുന്നത്.

നേരത്തെ ലിംഗഭേദമില്ലാത്ത യൂണിഫോം ചില സ്‌കൂളുകളിൽ നടപ്പാക്കിയപ്പോഴും യാഥാസ്ഥിതികരും മതമൗലികവാദികളും സമാനമായ വിവാദമുണ്ടാക്കിയിരുന്നു.സമൂഹത്തിന്റെ ധാർമ്മികതയെ ചോദ്യം ചെയ്യുന്ന നിർദ്ദേശമാണിത് എന്ന് പത്രം പ്രഖ്യാപിക്കുകയാണ്.

ആരാണ് സമൂഹം? സ്ത്രീകളെ കാതും കവിളും കൈത്തണ്ടയും മൂടിപ്പൊതിഞ്ഞു നടത്തണമെന്ന് പറയുന്ന മതനിയമങ്ങൾക്ക് എന്നു മുതലാണ് സമൂഹത്തിന്റെ ആധികാരികത കിട്ടിയത്? വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിൽ കൃസ്ത്യൻ സഭ ഉണ്ടാക്കിവെച്ച വികൃത ധാരണകൾക്ക് എന്നുമുതലാണ് സമൂഹത്തിന്റെ മൊത്തമായ അവകാശമുണ്ടായത്?

പുരുഷാധിപത്യ അധികാരഘടനയും സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള വികൃത ധാരണകളും എങ്ങനെയാണ് ഒരു സമൂഹത്തെ ലൈംഗിക വൈകൃതങ്ങളും സ്ത്രീവിരുദ്ധതയും പേറുന്ന മനോരോഗികളുടെ സമൂഹമാക്കി മാറ്റുന്നത് എന്നു നാം ദിനേന കണ്ടുകൊണ്ടിരിക്കുകയാണ്.

“ജാക്കി വെച്ചതിന്റെ ” വീരസ്യം പരസ്യമായി പറയാൻ മധ്യവയ്സ്കനായൊരു മലയാളി പുരുഷന് ഇപ്പോഴും അതിനാർപ്പുവിളിക്കുന്ന ആണാൾക്കൂട്ടത്തിന്റെ അകമ്പടിയുണ്ടാകുന്നത് ഇങ്ങനെ ആണും പെണ്ണും തട്ടാതെയും മുട്ടാതെയും സൂക്ഷിച്ച വിദ്യാലയങ്ങളിൽ നിന്നും പുറത്തുവന്നവരിലാണ്.

എൽ പി മുതൽ യൂണിവേഴ്‌സിറ്റി വരെ ആണിനും പെണ്ണിനും വേറെ ഇരിപ്പിടമാണ് എന്ന് ആധികാരികതയോടെ പറയുന്ന ലേഖകന്റെ അതേ അജ്ഞതയാണ് കേരളത്തിലെ വിദ്യാലയ നടത്തിപ്പുകാർക്കും അധ്യാപകർക്കുമൊക്കെ ഉള്ളത് എന്നതാണ് വാസ്തവം. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്ന് പഠിക്കുന്ന നിരവധി വിദ്യാലയങ്ങൾ ഈ രാജ്യത്തുണ്ട്. അതിന്റെയൊരു ഗുണം തുല്യാവകാശങ്ങളും ശരീരത്തിന്റെ മേൽ സ്വാധികാരവുമുള്ള മറ്റൊരു പൂർണ്ണ മനുഷ്യനാണ് സ്ത്രീയെന്ന ജനാധിപത്യബോധമുണ്ടാകാൻ അത് സഹായിക്കും എന്നതാണ്.

ആദ്യരാത്രിയിൽ ഞണ്ടുകൾ ഓടുന്നതും പൂവിൽ വണ്ട് വന്നിരിക്കുന്നതും കണ്ട് ശീലിച്ച ദാരിദ്ര്യമില്ലാത്ത ഒരു സമൂഹം ഉണ്ടാകാനും അത് സഹായിക്കും. മനുഷ്യർ വളരുന്നതിനൊപ്പം ശാരീരികമായ സമ്പർക്കങ്ങൾ ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ വേണമെന്നും വിദ്യാലയങ്ങൾ അത്തരം സമ്പർക്കങ്ങൾ ഏറ്റവും ജനാധിപത്യപരമായി മനസിലാക്കാൻ പറ്റുന്ന പൊതുവിടങ്ങളാണെന്നും അംഗീകരിക്കാൻ യാഥാസ്ഥിതികർക്കുള്ള ബുദ്ധിമുട്ടിനെ ഇനിയും വകവെക്കേണ്ടതില്ല.

മുല വിടവുകളും കാൽവണ്ണയും തുടകളുമൊക്കെ മലയാളി പുരുഷന്റെ തുറിച്ചുനോട്ടത്തിൽ നിന്നും വിമുക്തമാവുകയും കാമവും രതിയും ഒരു സ്വാഭാവിക പരസ്പരസമ്മത പ്രക്രിയയാവുകയും ചെയ്യുന്നൊരു കാലത്തിന്റെ സാധ്യതകൾ ലിംഗവിവേചനത്തിന്റെ പാഠശാലകളായി മാറിയ വിദ്യാലയങ്ങളെ മാറ്റിത്തീർക്കുന്നതിൽ നിന്നും തുടങ്ങാവുന്നതാണ്.

ഫേസ്ബുക്കില്‍ കുറിച്ചത്‌

മതങ്ങള്‍ ഉണ്ടാക്കിയ വികൃത ധാരണകള്‍ എന്നാണ് സമൂഹ ധാര്‍മ്മികതയായത്‌?
silver leaf psc academy, silver leaf psc academy kozhikode, kerala psc silver leaf academy, kerala psc coaching kozhikode
80%
Awesome
  • Design