News in its shortest

വനിതാ ലീഗില്‍ ജയം തുടര്‍ന്ന് ഗോകുലം കേരള; കപ്പിലേക്കുള്ള ദൂരം കുറഞ്ഞു

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരളക്ക് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിന് സിര്‍വോഡം ഫുട്‌ബോള്‍ ക്ലബിനെയാണ് മലബാറിയന്‍സ് പരാജയപ്പെടുത്തിയത്.

താരതെമ്യേന കടുപ്പം കുറഞ്ഞ മത്സരമായതിനാല്‍ ലൈനപ്പില്‍ ചെറിയമാറ്റം വരുത്തിയാണ് പരിശീലകന്‍ ആന്റണി ആന്‍ഡ്രൂസ് ടീമിനെ ഇറക്കിയത്. ഗോള്‍ കീപ്പറായി ഹൂഡയാണ് ആദ്യ ഇലവനിലെത്തിയത്. സോണാലിയെ ബെഞ്ചിലിരുത്തുകയും ചെയ്തു.

മുന്നേറ്റത്തില്‍ എല്‍ഷദായിയു മനീഷയും ഇറങ്ങി. ആറാം മിനുട്ടില്‍ ഘാന താരം എല്‍ഷദായ് അചെങ്‌പോയുടെ ഗോളില്‍ ഗോകുലം മുന്നിലെത്തി. ആദ്യ ഗോള്‍ നേടിയതോടെ സമ്മര്‍ദമില്ലാതെ കളിക്കാന്‍ ഗോകുലത്തിനായി. മത്സരം പുരോഗമിക്കുന്നതിനിടെ 15ാം മിനുട്ടില്‍ സൗമ്യയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയര്‍ത്തി.

31ാം മിനുട്ടില്‍ ഡാങ്മയ് ഗ്രേസിന്റെ ഗോള്‍കൂടി പിറന്നതോടെ ആദ്യ പകുതിയില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം സ്വന്തമാക്കാന്‍ ഗോകുലത്തിന് കഴിഞ്ഞു. രണ്ടാം പകുതിയില്‍ കൂടുതല്‍ ഗോള്‍ പ്രതീക്ഷിച്ചിറങ്ങിയ ഗോകുലത്തിന് ഒരു ഗോള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. 54ാം മിനുട്ടില്‍ സൗമ്യയായിരുന്നു ഗോകുലത്തിന് വേണ്ടി നാലാം ഗോള്‍ നേടിയത്.

ലീഗിലെ ഒന്‍പത് മത്സരത്തില്‍ ഗോകുലം കേരള ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. കളിച്ച എല്ലാ മത്സരത്തിലും ജയം സ്വന്തമാക്കിയാണ് ഗോകുലം കേരളയുടെ ജൈത്രയാത്ര. ജയത്തോടെ ഒന്‍പത് മത്സരത്തില്‍ 27 പോയിന്റുമായി ഗോകുലം പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ലീഗില്‍ ഇനി രണ്ട് മത്സരം മാത്രമേ മലബാറിയന്‍സിന് ബാക്കിയുള്ളു. ഇതില്‍ ജയിക്കുകയാണെങ്കില്‍ വനിതാ ലീഗ് കിരീടം രണ്ടാം തവണയും കേരളത്തിലെത്തിക്കാന്‍ കഴിയും. ഞായറാഴ്ച രാവിലെ 8.30ന് സ്‌പോട്‌സ് ഒഡിഷ ഫുട്‌ബോള്‍ ക്ലബിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

വനിതാ ലീഗില്‍ ജയം തുടര്‍ന്ന് ഗോകുലം കേരള; കപ്പിലേക്കുള്ള ദൂരം കുറഞ്ഞു
80%
Awesome
  • Design