ജനവികാരത്തിന് മുമ്പിൽ മുഖ്യമന്ത്രി മുട്ടു മടക്കി: കെ.സുരേന്ദ്രൻ
കോഴിക്കോട്: സിൽവർലൈൻ കല്ലിടൽ നിർത്തിവെക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ജനവികാരത്തിന് മുമ്പിൽ മുട്ടു മടക്കിയത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സിൽവർലൈൻ യാഥാർത്ഥ്യമാവില്ലെന്ന് സംസ്ഥാന സർക്കാരിന് ഉറപ്പായിരുന്നു.
ചെയ്തുപോയ തെറ്റുകൾക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയുകയും പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ തയ്യാറാവുകയും ചെയ്യണം. സിൽവർലൈൻ വിഷയം ഉയർത്തി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ പിണറായി വിജയന് നേരം വെളുക്കുമ്പോഴേക്കും ബോധോദയമുണ്ടായത് നല്ല കാര്യമാണ്. സിൽവർലൈനിനെതിരാണ് ജനവികാരമെന്ന് വോട്ട് അഭ്യർത്ഥിച്ച് വീടുകളിലെത്തിയ മന്ത്രിമാർക്ക് ബോധ്യമായതായും സുരേന്ദ്രൻ പറഞ്ഞു.
പിടിവാശി ഒഴിവാക്കി ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. വികസനമെന്നത് ജനഹിതത്തിന് വേണ്ടിയാവണം. അല്ലാതെ പിണറായി കരുതും പോലെ കമ്മീഷൻ അടിക്കാനാവരുത്. കേരളത്തെ കടക്കെണിയിലാക്കി കമ്മീഷനടിക്കാൻ ആരെയും കേന്ദ്രത്തിലുള്ള നരേന്ദ്രമോദി സർക്കാർ അനുവദിക്കില്ല.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സിൽവർലൈനിന്റെ പേരിൽ പൊലീസ് അതിക്രമത്തിന് ഇരയായത്. ഇവർക്ക് നീതി ലഭിക്കണം. ജനങ്ങളുടെ ആശങ്ക ഒഴിയും വരെയും ബിജെപി സമരരംഗത്തുണ്ടാകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
ജനവികാരത്തിന് മുമ്പിൽ മുഖ്യമന്ത്രി മുട്ടു മടക്കി: കെ.സുരേന്ദ്രൻ
- Design