അതെ, ഇപ്പോൾ ശരിക്കും ലജ്ജ തോന്നുന്നുണ്ട്
അതെ, ഇപ്പോൾ ശരിയ്ക്കും ലജ്ജ തോന്നുന്നുണ്ട്. ഇക്കാലത്തും തലയിൽ വെളിച്ചം കേറാത്തവരാൽ നയിക്കപ്പെടാൻ വിധിക്കപ്പെട്ട ഒരു ജനസമൂഹത്തെക്കുറിച്ചോർത്ത്…. ലോകത്തെ ഏറെ പ്രതീക്ഷയോടെ നോക്കുകയും മാറ്റത്തിനായി പരിശ്രമിക്കുകയും ആർജ്ജവേത്താടെ വേദികൾ കീഴടക്കുകയും ചെയ്യുന്ന പെൺകുട്ടികളെ കെട്ടിപ്പൂട്ടിയിടാൻ നോക്കുന്ന ‘പണ്ഡിതൻ’മാരെയും അവരുടെ അന്തംകെട്ട അനുയായികളെയും കുറിച്ചോർത്ത്….
ചിന്താപരമായ കൊടുക്കൽ വാങ്ങലുകൾക്ക് ഒരു സാധ്യതയുമില്ലാത്തവിധം മത പ്രമാണങ്ങളെ വളച്ചൊടിച്ച് തെറിവിളികളും പരിഹാസങ്ങളും ഏറ്റുവാങ്ങാൻ നിന്നുകൊടുക്കുന്ന മാനസിക വാർധക്യം ബാധിച്ചവരെയോർത്ത്….ഒരു കൊച്ചുപെൺകുട്ടിയുടെ ശരീരത്തിലേക്ക് മാത്രം കണ്ണുകൾ പായിച്ച് അത് കേവലം ശരീരം മാത്രമാണെന്നും അവൾ ലജ്ജാലുവായിരുന്നുവെന്നും തങ്ങളുടെ തോന്നിവാസത്തെ ന്യായീകരിക്കാൻ പൊതുസമൂഹത്തിനുമുന്നിൽ നാണമില്ലാതെ വിളിച്ചുപറയുക വഴി സ്വയം അപമാനിതരാവുകയായിരുന്നു ഇന്നലെ പത്ര സമ്മേളന വിളിച്ച മത പ്രമാണിമാർ. ഇ
ങ്ങനെ പെണ്ണുങ്ങളെ പൂട്ടിയിടാൻ മത പ്രമാണങ്ങൾ വളച്ചൊടിച്ച് കള്ളങ്ങളുടെ കൂമ്പാരമാക്കിയതിന്റെ തുടർച്ചയായിരുന്നു ആ പ്രസ്താവനയും എന്നതിനാൽ അപ്പറച്ചിലുകളിൽ തെല്ലും അമ്പരപ്പു തോന്നിയില്ല. ആ കള്ളങ്ങളെ അങ്ങനെതന്നെ പൊളിച്ചടുക്കാത്തിടത്തോളം ഈ അൽപ ജ്ഞാനികളായ പ്രമാണിമാരാൽ നയിക്കപ്പെടാൻ തന്നെയായിരിക്കും മുസ്ലിംകളുടെ വിധി.
അതിനു സൗകര്യമില്ല എന്ന് ബോധമുള്ള മുസ്ലിംകൾ പൂർവാധികം ശക്തിയിൽ പറഞ്ഞ് ഇക്കൂട്ടരെ എതിർത്തു തോൽപിച്ചില്ലെങ്കിൽ അതിനു കൊടുക്കേണ്ടി വരുന്ന വില സങ്കൽപിക്കാനാവാത്തവിധം വലുതായിരിക്കും. പരസ്യമായി വേദിയിൽ അപമാനിതയായ ആ പത്താംക്ലാസുകാരി എൻറെ മകളാണ്. എൻറെ വീട്ടിലും ഉണ്ട് ഒരു പത്താം ക്ലാസുകാരി.
ആ വേദിയിൽ അപമാനിച്ചത് അവളെ പോലുള്ള ഒരുപാട് പെൺകുട്ടികളെയാണ്. വിജഞാനം ആർജ്ജിക്കാനും അതിലൂടെ സമൂഹത്തിൽ സ്വന്തം ഇടം കണ്ടെത്താനുമുള്ള ഇവരുടെയൊക്കെ രാപകലില്ലാത്ത പരിശ്രമത്തെയും ആ വഴിയിൽ അവർ അനുഭവിക്കുന്ന പ്രതിസന്ധികളെയും ആണ് കേവല ശരീരമാക്കി വിലയിടിച്ചു താഴ്ത്തിയത്. ‘പൊതു വേദിയിൽ പെൺശരീരത്തെ പ്രദർശിപ്പിക്കുന്നത് മതം വിലക്കിയിട്ടുണ്ട്’ എന്ന് എന്ന് സ്വയം വ്യാഖ്യാനിച്ചുണ്ടാക്കിയ തെളിവു നിരത്തുന്ന ‘പണ്ഡിത’ സമൂഹത്തിന് തങ്ങളുടെയൊന്നും താങ്ങില്ലാതെ തന്നെ ചുറ്റിനും മുസ്ലിം പെൺകുട്ടികൾ പറന്നുയരുന്ന കാഴ്ച കാണാൻ കഴിയാത്തവിധം മതാന്ധത ബാധിച്ചിരിക്കുന്നു.
മുസ്ലിം സമുദായം അതിെന്റ ബാഹ്യമായ ഭീഷണികളിൽ ഏറ്റവും തീവ്രമായ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അതിനെതിരായ പ്രതിരോധവും ആസൂത്രണം ചെയ്യുന്നതിന് പകരം മുസ്ലിം പെണ്ണുങ്ങളുടെ നെഞ്ചത്തേക്ക് പാഞ്ഞുകയറി നന്നാക്കാനുള്ള പതിവു കലാപരിപാടിയിലാണ് സമുദായ നേതൃത്വം. മറുവശത്ത് രാജ്യം നേരിടുന്ന ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങളും ജനവിരുദ്ധ നയങ്ങളെയും വളരെ സമർത്ഥമായി മറച്ചു വയ്ക്കുന്നതിന് ഹിന്ദുത്വ രാഷ്ട്രീയം കൂട്ടുപിടിക്കുന്നതും മുസ്ലിം സ്ത്രീയെ തന്നെ! തലയിൽ തുണിയിട്ട മുസ്ലിം പെൺകുട്ടികളെ സമുദായത്തിനകത്തുള്ളവരും പുറത്തുള്ളവരും ഒരു പോലെ ഭയക്കുന്ന ഉദാഹരണങ്ങളുടെ ഘോഷയാത്ര തന്നെയാണ്.
രസമതല്ല, നേരത്തെ മുസ്ലിം സ്ത്രീക്ക് മതം നിഷേധിക്കുന്ന അവകാശങ്ങൾക്കു വേണ്ടി മുതലക്കണ്ണീരുമായി ഇറങ്ങിയ ബി.ജെ.പിക്കാർ അവളെ ‘രക്ഷിക്കുന്നതിനായി’ മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നല്ലോ?! മതത്തിെന്റ കരാള ഹസ്തങ്ങളിൽപ്പെട്ട് ഉഴറുന്നവരുടെ ‘രക്ഷകർ’ എന്ന ലേബലിൽ അവരതൊക്കെ പ്രചരിപ്പിച്ച് വോട്ടാക്കി മാറ്റി. എന്നാൽ, തട്ടമിട്ട മുസ്ലിം പെൺകുട്ടികൾ സിവിൽ സർവീസ് രംഗം കീഴടക്കാൻ പോകുന്നുവെന്നും അത് രാജ്യത്തിന് ഏറ്റവും അപകടകരമാണെന്നുമുള്ള അത്യധികം വംശീയവും സ്ത്രീവിരുദ്ധവുമായ പ്രചരണങ്ങൾ ഹിന്ദുമഹാഭയിൽ വെച്ച് നടത്തിയതിെന്റ വിഡിയോ ക്ലിപ്പുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നു.
മുസ്ലിം സ്ത്രീക്കുവേണ്ടിയെന്ന വ്യാജേന വാദിച്ചവർ ഇപ്പോൾ പുതിയ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുകയാണ്. അവളുടെ പുറംലോക സാന്നിധ്യത്തെ അപകടകരമായി പ്രഖ്യാപിച്ചുകൊണ്ട്. അതുകൊണ്ട്, രോഗി ഇച്ഛിക്കുന്നതും വൈദ്യൻ കൽപിക്കുന്നതും ഒന്നായിമാറുന്ന കാഴ്ചയാണിത്. മുസ്ലിം പെൺകുട്ടികൾ വിദ്യാഭ്യാസപരമായി മുന്നേറുന്നതിൽ ഇരുകൂട്ടരും അസ്വസ്ഥരാണ്. അഥവാ രാജ്യത്ത് കത്തിയാളാൻ പോവുന്ന സ്ത്രീവിരുദ്ധ- ഫാഷിസ്റ്റ് രാഷ്ട്രീയത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയായ മുസ്ലിം വിരുദ്ധതയുടെ ആളിക്കത്തിക്കലാണ് ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
അതിന് എണ്ണപകർന്ന് ഇരുകൂട്ടരും പരസ്പര സഹായ സഹകരണ സംഘങ്ങളായി പ്രവർത്തിക്കുന്നു. മുസ്ലിംകൾ നേരിട്ടുകൊണ്ടിരിക്കുന്ന അപകടകരമായ പ്രതിസന്ധിയെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾക്ക് കരുത്തു പകരേണ്ടതിനു പകരം തങ്ങൾ വീണ്ടും വീണ്ടും ദുർബലരാണെന്ന് ഇത്തരം ചെയ്തികളിലൂടെ അരക്കിട്ടുറപ്പിക്കുകയാണ് ഉളുപ്പില്ലാത്ത മതനേതൃത്വം.
ഇക്കണക്കിന് പോയാൽ ഉത്തരേന്ത്യയിലെ പോലെ തീർത്തും അരക്ഷിതരാക്കപ്പെട്ട വിഭാഗമായി കേരളത്തിലെ മുസ്ലിംകളും മാറാൻ അധികനാൾ വേണ്ടി വരില്ല. കടുത്ത സ്ത്രീ വിരുദ്ധരും വലതുപക്ഷ ഭരണകൂട ദാസ്യൻമാരുമായ ബറേൽവികളും ദയൂബന്ദികളും വടക്കേന്ത്യൻ മുസ്ലിംകളെ ഏതു കോലത്തിലാക്കിയെന്നതിെന്റ സാക്ഷ്യങ്ങളാണ് ഇന്നവിടെ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. മുസ്ലിം വംശഹത്യക്കൊരുങ്ങുന്ന സംഘ്പരിവാർ ഫാഷിസത്തെ നേരിടാൻ ഇവരുടെ തലയിൽ ഒന്നുമില്ല.
മുസ്ലിം സ്ത്രീകളുടെ ‘കണ്ണീരൊപ്പാൻ’ മുത്ത്വലാഖ് നിരോധിക്കാൻ ബി.ജെ.പി സർക്കാർ നീക്കം തുടങ്ങിയ സമയത്ത് അതിനെ പ്രതിരോധിക്കാൻ ഈ മൗലാനമാർ നേതൃത്വം നൽകുന്ന മുസ്ലിം വ്യക്തി നിയമ ബോർഡ് കാണിച്ച മണ്ടത്തരം മാത്രം മതി അതിനുള്ള ഉദാഹരണമായിട്ട്. അങ്ങേയറ്റം അപരിഷ്കൃതമായ മുത്ത്വലാഖിന് അനുകൂലമായി മുസ്ലിം സ്ത്രീകളിൽനിന്നുള്ള അഭിപ്രായ ശേഖരണത്തിനായി വനിതാ പ്രതിനിധികളെ അയച്ചു.
അതിലൊരു കണ്ണും മുഖവുമൊക്കെ മൂടിക്കെട്ടിയ പ്രതിനിധി സ്ത്രീകളെ മസ്തിഷ്ക പ്രക്ഷാളനം നടത്താൻ ഇങ്ങു കേരളത്തിലുമെത്തിയിരുന്നു. പ്രത്യേകം ‘സെലക്ട്’ ചെയ്ത ചില സംഘടനയിലെ വനിതാ നേതാക്കളെയും അംഗങ്ങളെയും ഒരു ഹാളിലേക്ക് ക്ഷണിച്ചുവരുത്തി സ്വകാര്യമായായിരുന്നു ആ പരിപാടി. മുത്ത്വലാഖിെന്റ യഥാർത്ഥ ഇരകളെ കയറ്റാൻ തയ്യാറാവാതെ, അവരെ കേൾക്കാൻ തയ്യാറാവാതെ, പുറത്തുനിർത്തിയായിരുന്നു ഇക്കൂട്ടരത് നടത്തിയത്. ആ ഇരകൾ ഇൗ നീക്കത്തിനെതിരെ പ്രതിഷേധിച്ചതിനാൽ അത് വിവാദമായി.
ഇങ്ങനെ അഭിപ്രായമൊക്കെ ശേഖരിച്ചു പോയിട്ട് എന്തു സംഭവിച്ചു? ഒരു ചുക്കും സംഭവിച്ചില്ലെന്ന് മാത്രമല്ല ബി.ജെ.പി സർക്കാർ അവരുടെ അജണ്ട സുന്ദരമായി സെറ്റ് ചെയ്തെടുക്കുകയും ചെയ്തു. ഇതാണ് ഇവരുടെ പ്രതിരോധത്തിന്റ അവസ്ഥ. വിശ്വാസപരമായ കള്ളങ്ങളും തെറ്റുകളും തിരിച്ചറിഞ്ഞ് സ്വയം നവീകരിക്കാൻ തയ്യാറാവുമോ? അതില്ലെന്ന് മാത്രമല്ല, തങ്ങൾ വെട്ടി മിനുക്കിയ മുട്ടൻ വടികൊടുത്ത് ശത്രുക്കളിൽ നിന്ന് നല്ല തല്ലു വാങ്ങിക്കുകയും ചെയ്യും.
അടുത്തിടെ ബി.ജെ.പി ആസൂത്രിതമായി നടത്തിയ ഹിജാബ് വിവാദത്തിലും പത്തി മടക്കേണ്ട അവസ്ഥ വന്നപ്പോൾ മുസ്ലിം വ്യക്തി നിയമ ബോർഡ് ഒരു പ്രസ്താവന നടത്തി. രാജ്യത്ത് മുസ്ലിം പെൺപള്ളിക്കൂടങ്ങൾ ധാരാളമായി തുടങ്ങണമെന്ന്! എന്തൊരു കോമഡിയാണെന്ന് നോക്കൂ. രാജ്യത്ത് ഒരു അമ്പത് വർഷം മുമ്പെങ്കിലും ആൺ- പെൺ പള്ളിക്കൂടങ്ങൾ നന്നായി നടത്താൻ ശേഷിയുണ്ടായിരുന്ന, അതുവഴി മുസ്ലിംകളുടെ വിദ്യാഭ്യാസ പരവും രാഷ്ട്രീയവും സാമ്പത്തികവുമായ സുസ്ഥിതിക്ക് സാധിക്കുമായിരുന്ന ഒരു അധികാര സ്ഥാപനത്തിെന്റ വൈകിയുദിച്ച ‘വിവേക’മാണിത്.
അതും വിശാലടിസ്ഥാനത്തില്ല. ഹിജാബ് സംരക്ഷിക്കുക എന്ന പരിമിതമായ അജണ്ടയിൽ നിന്നുള്ളത്. പിന്നെയെങ്ങനെ മുസ്ലിംകൾ രക്ഷപ്പെടും? എന്നാൽ, ഹിന്ദുത്വ ഫാഷിസത്തിനെതിരെ രാജ്യത്ത് ഏറ്റവും ശക്തവും രാഷ്ട്രീയവുമായ പ്രതിരോധങ്ങൾ ഉയർന്നുവരുന്നത് മുസ്ലിം സ്ത്രീകളുടെ ഇടയിൽ നിന്നാണെന്നത് ആർക്കും നിഷേധിക്കാനാവാത്ത വസ്തുതയാണ്. അതിൽ വിശ്വാസ പരിസരങ്ങളിൽ നിന്നുതന്നെയാണെന്നതും ഈ അൽപ ബുദ്ധികൾ കാണുന്നില്ലല്ലോ. ഷഹീൻ ബാഗ് ഉയർന്നത് ഇവരുടെ മൂക്കിനു താഴെയായിരുന്നിട്ടുകൂടി അവർക്കാ പ്രതിരോധത്തിെന്റ ശക്തി തിരിച്ചറിയാനായില്ലെന്നത് എത്ര പരിമിതമായ ലോകത്താണ് ഈ ‘പണ്ഡിത വർഗം’ എന്നോർക്കുമ്പോഴാണ് സത്യത്തിൽ ലജ്ജയുണ്ടാക്കുന്നത്.
2022ലും പെൺകുട്ടികളെ നോക്കി ഈ മണ്ടത്തരം വിളമ്പുന്ന മൊല്ലാക്കമാരോടാണ്, കഴിഞ്ഞ ദിവസം ലോക പ്രശസ്ത പുലിറ്റ്സർ പ്രൈസ് വാങ്ങിയ കശ്മീരിൽ നിന്നുള്ള സന്ന ഇർഷാദ് മാട്ടൂ എന്ന ഫോട്ടോ ജേണലിസ്റ്റ് മത വിശ്വാസം പുലർത്തുന്ന മുസ്ലിം പെൺകുട്ടിയാണ്.. ഇവരൊക്കെ അവരുടെ വീടുകളിൽ ചോറും കറിയുമുണ്ടാക്കി കഴിയുകയായിരുന്നുവെങ്കെിൽ ഈ പ്രതിരോധം സാധ്യമാവുമായിരുന്നോ? നിങ്ങൾക്ക് കയറിച്ചെല്ലാൻ കഴിയാതെ പോയ ഇടങ്ങളിലേക്ക് കയറി നിന്നുകൊണ്ടാണ് ഇതൊക്കെ അവർ സാധ്യമാക്കുന്നത്.
ഈ നേതൃത്വത്തെ ഉളുപ്പില്ലാതെ ന്യായീകരിക്കാൻ വരുന്ന മറ്റൊരു കോമഡിക്കാരുണ്ട്. സമുദായങ്ങളിൽ ഉത്തമമെന്ന് (ഉമ്മത്തൻ വസ്വത്തൻ) എന്ന് സ്വന്തം അഹങ്കരിക്കുന്ന ഇവർ തോന്നിവാസം കാണിക്കുന്നിടത്ത് പിടിക്കപ്പെടുമ്പോൾ മറ്റ് ജനവിഭാഗങ്ങളുടെ തെമ്മാടിത്തതിനൊപ്പം തൂക്കമൊപ്പിക്കാൻ നടത്തുന്ന നാണം കെട്ട കലാപരിപാടിയാണത്. ‘അവരങ്ങനെ ചെയ്യുന്നുണ്ടല്ലോ, പിന്നെയെന്താ നമുക്കും അങ്ങനെയായാൽ’, ‘അവർ ചെയ്യുമ്പോ ഇല്ലാത്ത ആക്രമണമെന്തിനാ നമുക്കുനേരെ’ എന്ന തരം വൃത്തികെട്ട സമീകരണ യുക്തി എടുത്തിട്ട് അലക്കുന്നതിൽ ഇക്കൂട്ടത്തിലെ ‘വിവേകമതികൾ’ക്കുപോലും ഒരു ലജ്ജയുമില്ല.
സത്യമതൊന്നുമല്ല, ജനാധിപത്യം, തുല്യത, നീതി തുടങ്ങിയ മൂല്യങ്ങളെയും അതിലേക്കുള്ള പ്രായോഗിക തേട്ടങ്ങളെയും സംഘ്പരിവാർ ഫാസിഷത്തെ പോലെ ഈ മതാധികാര പാട്രിയാർക്കിയുടെ ലോബികൾ ഭയക്കുന്നുവെന്നതാണ്. എന്നാൽ, ഇപ്പറഞ്ഞ വിരട്ടലുകൾകൊണ്ടെന്നും നിശ്ചയ ദാർഢ്യവും ബോധവും ഉള്ള യുവതയെ ഇരുകൂട്ടർക്കും തളച്ചിടാനാവില്ലെന്ന് കാലം തെളിയിക്കും. അതുറപ്പ്.
ഫേസ്ബുക്കില് കുറിച്ചത്
- Design