News in its shortest

പല്ലിയാണോ മീനങ്ങാടിയാണോ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്‌ ?

ടി സി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്‌

ജമ്മു കാശ്മീരിലെ പല്ലിയാണോ കേരളത്തിലെ മീനങ്ങാടിയാണോ രാജ്യത്തെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്ത്? പഞ്ചായത്തീരാജ് ദിനാചരണത്തോടനുബന്ധിച്ച് ജമ്മു കാശ്മീരിലെ പല്ലിയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ, ആ പഞ്ചായത്തിനെ അതായത് പല്ലിയെ, രാജ്യത്തെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്തുകൂടിയായി പ്രധാനമന്ത്രി പ്രഖ്യാപിച്ച വാർത്ത ഇന്നത്തെ പത്രങ്ങളിലുണ്ട്.

500 കിലോവാട്ടിന്റെ സൗരോർജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്തായിരുന്നു ഈ പ്രഖ്യാപനം. അതിന്റെ മാത്രം ബലത്തിലാണ് മോദിയുടെ പ്രഖ്യാപനമെന്ന് വാർത്തയിൽ നിന്നു വ്യക്തം. കാർബൺ ബഹിർഗമനവും ആഗീരണവും തമ്മിലുള്ള അനുപാതം തുല്യമാകുമ്പോഴാണ് ഒരിടം കാർബൺ സന്തുലിതമാകുന്നത്.

വാഹനങ്ങളുടെ എണ്ണവും വീടുകളും കൂടുതലുള്ളിടങ്ങളിൽ കാർബൺ ബഹിർഗമനവും വളരെ കൂടുതലായിരിക്കും. സൗരോർജ്ജം പോലുള്ള ബദൽ മാർഗങ്ങളുടെ ഉപയോഗം, മാലിന്യം കത്തിക്കാതിരിക്കൽ, കമ്പോസ്റ്റിംഗ് തുടങ്ങിയ ഒട്ടേറെ മാർഗങ്ങളിലൂടെ കാർബൺ ബഹിർഗമനം കുറയ്ക്കാനാകും. അതോടൊപ്പംതന്നെ ഫലവൃക്ഷങ്ങളും മറ്റും വച്ചുപിടിപ്പിച്ച് (തെറ്റിദ്ധരിക്കരുത്, വനവൽക്കരണമല്ല ഉദ്ദേശിച്ചത്) കാർബൺ ആഗീരണം ചെയ്യുന്നതിന്റെ തോതും കൂട്ടാനാകും.

kerala psc coaching kozhikode

ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് ഒരിടം കാർബൺ ന്യൂട്രലായി മാറുക. അത് സാധ്യമായിട്ടുണ്ടോ എന്ന് വെറുതേ പ്രഖ്യാപിച്ചാൽപോര കൃത്യമായ രീതിശാസ്ത്രങ്ങളിലൂടെ പഠനം നടത്തേണ്ടതുണ്ട്. വയനാട്ടിലെ മീനങ്ങാടിയുടെ കാര്യത്തിൽ അതുണ്ടായിട്ടുണ്ട്. പല്ലിയുടെ കാര്യത്തിൽ അത്തരം എന്തെങ്കിലും സർവ്വേ നടന്നിട്ടുണ്ടോ എന്നറിയില്ല.

2016ലാണ് മീനങ്ങാടിയെ കാർബൺ ന്യൂട്രൽ പഞ്ചായത്ത് ആക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കാർബൺ ബഹിർഗമനത്തിന്റെയും ആഗീരണത്തിന്റെയും തോത് കണ്ടെത്തുകയാണ് ഇതിന് ആദ്യം ചെയ്യുന്നത്. അതിനാവശ്യമായ സർവ്വേയും മറ്റ് പ്രവർത്തനങ്ങളും ഏറെ മുന്നോട്ടുപോയെങ്കിലും അവയുടെ അടിസ്ഥാനത്തിൽ ഔദ്യോഗികമായ ഒരു പ്രഖ്യാപനം ഉണ്ടാകാതെ പോയതാണ് മീനങ്ങാടിക്ക് ആ സ്ഥാനം കിട്ടാതായതിന്റെ കാരണമെന്നു കരുതാം.

കാർബൺ തുലിതത്തിന്റെ മാനദണ്ഡങ്ങൾ വച്ചാണെങ്കിൽ, പ്രത്യേകിച്ച് ഒന്നും ചെയ്യാതെതന്നെ ഈ സ്ഥാനത്തിന് എന്തുകൊണ്ടും അർഹരായിരിക്കും കേരളത്തിലെ ഇടമലക്കുടി, മാങ്കുളം, അഗളി പഞ്ചായത്തുകളൊക്കെ. ഇടമലക്കുടിയൊക്കെ കാർബൺ തോത് തീർത്തും ഇല്ലാത്ത പഞ്ചായത്താകാനുള്ള സാധ്യതയാണ് കൂടുതൽ.

അതേപ്പറ്റി നല്ലൊരു പഠനം നടത്തിയാൽ വേണമെങ്കിൽ ഇന്ത്യയിലെ ആദ്യത്തെ കാർബൺരഹിത പഞ്ചായത്തായി ഇടമലക്കുടിയെ പ്രഖ്യാപിക്കാൻ പോലും നമുക്ക് സാധിച്ചേക്കും. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ജില്ലയായി ആസാമിലെ മജൂലിയെ പ്രഖ്യാപിക്കാനുള്ള ചില ശ്രമങ്ങൾ ഏതാനും വർഷം മുൻപ് നടന്നിരുന്നു. 2020 ആകുമ്പോൾ മജൂലി ആ ലക്ഷ്യത്തിലെത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, അങ്ങനെയൊരു പ്രഖ്യാപനം ഇതുവരെ ഉണ്ടായിക്കണ്ടില്ല. മജൂലി ഇപ്പോഴും ശ്രമങ്ങള്‍ തുടരുകയായിരിക്കാം.

പല്ലിയാണോ മീനങ്ങാടിയാണോ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്‌ ?
80%
Awesome
  • Design

Comments are closed.