കോവിഡ്: കേരളം തന്ത്രം മാറ്റണം ; ഇനിയും സമയം വൈകിയിട്ടില്ല
ടോണി തോമസ്
ഇംഗ്ലീഷിൽ “One should not lose sight of the forest for the trees” എന്നൊരു പഴഞ്ചൊല്ലുണ്ട്. ചെറിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വലിയ കാര്യങ്ങളിൽ കാഴ്ച്പ്പാട് നഷ്ടപ്പെടരുതെന്നാണ് സാരാംശം. ഇത് COVID പ്രതിരോധത്തിൽ വളരെ പ്രസക്തമാണ്.
കേരളത്തിലെ ചില അശിക്ഷിത അധികാരികൾ പറഞ്ഞു നടന്നത് അവരുടെ കഴിവുകൊണ്ട് അവർ COVID ‘ചവുട്ടി പിടിച്ചു` നിർത്തി; 90% രോഗികൾ `ഇമ്പോർട്ടഡ് കേസുകൾ` ആണ്; ആകെ പകർച്ച 2% മാത്രമേയുള്ളു; പകർച്ച ചില സ്ഥലങ്ങളിൽ മാത്രമേയുള്ളു; അടച്ചു പൂട്ടൽ ആണ് COVID പ്രതിരോധം; ലോക്ക്ഡൗൺ പാലിച്ചു മര്യാദക്കിരുന്നാൽ COVID പിടിക്കില്ല; ജനങ്ങൾ പുറത്തിറങ്ങിയാൽ COVID വന്നു ചത്തൊടുങ്ങും; തോക്കാണ് ജനങ്ങൾക്കുള്ള സന്ദേശം; ഇതുപോലെ ബാലിശമായ മറ്റു പലതും.
COVID പ്രതിരോധം ഒരു കൃത്രിമപ്പണിയാക്കി, കേരളത്തിന്റെ ഭരണകൂടത്തെയും, ആളുകളെയും മുഴുവൻ ഇവർ തെറ്റിദ്ധരിപ്പിച്ചു, സ്വയം കീർത്തിയുണ്ടാക്കാനുള്ള ഒരവസരമാക്കി, അതിനു വേണ്ടി ഭരണ സംവിധാനങ്ങൾ ദുര്വ്യയം ചെയ്തു. ഇതിന്റെ അതിഭീകര ഭവിഷ്യത്ത് ഇപ്പോൾ കേരളം, കേരളീയർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെ പൂർണ്ണമായി മാറ്റി, ഈ രീതികൾ മാറ്റി വിജയകരമായി ഒരു പ്രതിരോധം ഇപ്പോഴും കേരളത്തിന് സാധ്യമാണ്, ഒരു പ്രത്യുത്ഥാനം ഇനിയും പൂർണ്ണമായി വൈകിയിട്ടില്ല.
കേരളത്തിൽ രോഗത്തിന്റെ കണക്കുകൾ കൂടുമ്പോൾ ജനങ്ങളെ കൂടുതൽ ശക്തിയുപയോഗിച്ചു വീണ്ടും അടിച്ചമർത്താനുള്ള പ്രവണത മാറ്റി വച്ച്, ജനങ്ങളുടെ ക്ഷേമം മനസ്സിൽ വച്ച്, ശാസ്ത്രത്തിലൂന്നിയ ഒരു പ്രതിരോധമാണ് ഇപ്പോൾ ആവശ്യം. ഇതിലേക്കായി എനിക്ക് അറിവുള്ള ചില നിർദേശങ്ങൾ ഇവിടെ കൊടുക്കുന്നു. ഈ നിർദ്ദേശങ്ങളുടെ കാരണങ്ങൾ ഞാൻ ഇവിടെ വിശദീകരിക്കുന്നില്ല, അത് പല പോസ്റ്റുകളായി ഞാൻ മുൻപ് പലപ്പോഴായി കൊടുത്തിട്ടുള്ളതാണ്.
സംശയമുള്ളവർ അത് വായിക്കുക, മനസിലാക്കുക. ഇതിൽ നിർദേശങ്ങൾ മാത്രം, അങ്ങിനെ കാണുക.
1. കേരളത്തിൽ ചില `ക്ലസ്റ്ററുകളിൽ` മാത്രമല്ല, കേരളം മുഴുവൻ COVID പകർന്നു കഴിഞ്ഞു. അത് കൊണ്ട് `ക്ലസ്റ്ററിൽ` രോഗം പിടിച്ചു നിർത്താൻ വേണ്ടി കണ്ടൈൻമെൻറ് സോൺ ഒരു പ്രയോജനവുമില്ല. ജനങ്ങളുടെ ജീവിതം വളരെയധികം ദുസ്സഹമാക്കുന്ന ഈ രീതി നിർത്തണം.
2. രോഗം പകരുന്നത് സമ്പർക്കവും, ഉറക്കെ സംസാരിക്കുമ്പോഴും, ചുമയ്ക്കുമ്പോഴും, മറ്റും വായിൽ നിന്നും വരുന്ന ശ്വാസതുള്ളികൾ മൂലവുമാണ്. കെട്ടിടങ്ങളും, വ്യവസായ സ്ഥാപനങ്ങളും, ചന്തകളും, വഴികളും മറ്റും അടയ്ക്കുന്നത് കൊണ്ട് രോഗപ്രതിരോധത്തിൽ ഒരു പ്രയോജനവുമില്ല. എല്ലാവരോടും മാസ്ക് ഉപയോഗിക്കാൻ നിർദേശിച്ചു, മറ്റടച്ചുപൂട്ടൽ പൂർണ്ണമായി നിരോധിക്കുക.
3. പൊതുജനത്തിന് തൊഴിൽ ചെയ്യാനും, വരുമാനമുണ്ടാക്കാനുമുള്ള സൗകര്യം ഇല്ലായ്മ ചെയ്തത് തിരുത്തി സാധാരണ നിലയ്ക്കാകുക. ഇത് കൊണ്ട് അധിക അപകട സാധ്യത ഉണ്ടാവില്ല.
4. അന്തർസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിൽ വന്നു ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുക. ഇവർ നാടിനെ സമ്പത് വ്യവസ്ഥയുടെ അടിത്തൂൺ ആണ്
5. ഇപ്പോൾ നടപ്പിലാക്കുന്ന മിക്ക തീരുമാനങ്ങളും തിരക്ക് കൂട്ടുകയാണ്, കുറയ്ക്കുകയല്ല. തിരക്ക് കുറയ്ക്കാൻ കൂടുതൽ കടകൾ കൂടുതൽ സമയം തുറന്നു വയ്ക്കുക. പൊതുഗതാഗതം കൂടുതൽ ദൂരം, കൂടുതൽ എണ്ണം നിരത്തിലിറക്കുക. ഞായർ, രാത്രി കർഫ്യു പിൻവലിക്കുക.
6. ജനങ്ങൾക്ക് അനിയന്ത്രിതമായി പുറത്തു പോകാനും, വെയിൽ കൊള്ളാനും, ശരീരമനങ്ങി വ്യായാമം ചെയ്യാനും, സ്നേഹിതരെയും ബന്ധുക്കളെയും കാണാനും, പോഷകാഹാരങ്ങൾ കഴിക്കാനുമുള്ള സൗകര്യമുണ്ടാക്കുക. മാനസികവും, ശാരീരികവുമായ സന്തോഷം രോഗ പ്രതിരോധം കൂട്ടും.
7. എയർ കണ്ടിഷൻഡ് അല്ലാത്തതും, ഓപ്പൺ എയറും ആയ എല്ലാ സ്ഥാപനങ്ങളും പൂർണമായി തുറക്കാൻ അനുവാദം നൽകുക. തിരക്ക് നിയന്ത്രിച്ചു എയർ കണ്ടിഷൻഡ് സ്ഥാപനങ്ങൾ തുറക്കാൻ അനുവാദം നൽകുക.
8. COVID രോഗലക്ഷണങ്ങളുള്ളവരിൽ മാത്രം ചികിത്സക്കായി RT-PCR ആന്റിജൻ ടെസ്റ്റ്കൾ നടത്തുക. രോഗലക്ഷണങ്ങളില്ലാത്തവരെ ടെസ്റ്റ് ചെയ്യുന്നത് യാതൊരു ഗുണവും ചെയ്യില്ല.
9. രോഗ വ്യാപനം അറിയാനായി നല്ല രീതിയിൽ ആന്റിബോഡി സർവെയ്ലൻസ് ടെസ്റ്റുകൾ നടത്തുക. ഇതനുസരിച്ചു പ്രതിരോധ തന്ത്രം പുതുക്കുക.
10. കോൺടാക്ട് ട്രേസിങ്, റൂട്ട് മാപ്, ഇന്നത്തെ പകർച്ച നിരക്ക് വച്ച് കേരളത്തിൽ പ്രയോജനകരമല്ല. അതു നിർത്തുക.
11. ലക്ഷണമില്ലാത്തതും, വളരെ ചെറിയ ലക്ഷണങ്ങളും മാത്രമുള്ള ‘രോഗി’ കൾക്ക് ‘ചികിത്സ’ നൽകുകയും, ക്വാറന്റൈൻ ചെയ്യുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കുക. ആരോഗ്യ സംവിധാനങ്ങൾ ലക്ഷണമുള്ള, ചികിത്സ ശാസ്ത്രീയമായി ആവശ്യമുള്ളവർക്ക് മാത്രമായി ചുരുക്കുക. COVID മൂലം സംഭവിക്കാവുന്ന മരണം കുറയ്ക്കാൻ, ചികിത്സ ആവശ്യമുള്ള ചെറിയ ഒരു ശതമാനം ആളുകൾക്ക്, അത് നൽകുക.
12.സർക്കാർ സംവിധാനങ്ങൾ ആരോഗ്യ പരിപാലന ശേഷി മാത്രം കൃത്യമായി മാനേജ് ചെയ്താൽ മതി.ആരോഗ്യ സംവിധാനത്തിൽ എത്രമാത്രം ശേഷിയുണ്ട്, ഈ ശേഷി, ജീവനക്കാർ, ആശുപത്രി, കിടക്കകൾ, ICU, വെന്റിലെറ്റർ, മുതലായ രീതിയിൽ മനസ്സിലാക്കി, നിയന്ത്രിക്കുക.
13. FLCTC വീട്ടിൽ ഒറ്റപ്പെട്ടു താമസിക്കാൻ സൗകര്യമില്ലാത്ത, രോഗ ലക്ഷണമുള്ളവർക്ക് മാത്രമായിചുരുക്കുക.
14. റിവേഴ്സ് ക്വാറന്റൈൻ നിർത്തുക. മാസ്ക് കൃത്യമായി ഉപയോഗിക്കുന്നതിനേക്കാൾ യാതൊരു ഗുണവും ഇത് നൽകില്ല.
15. RT-PCR നെഗറ്റീവ് ആയി വരുന്ന വിദേശ യാത്രക്കാരെയും, അന്യ സംസ്ഥാനത്തുനിന്നു വരുന്നവരെയും ക്വാറന്റൈൻ നിർബന്ധനകളിൽനിന്നു ഒഴിവാക്കുക. ഇത് ഹോസ്പിറ്റാലിറ്റി/സർവീസ്/ആരോഗ്യപരിപാലന മേഖലയെ നന്നായി സഹായിക്കും.
16. കല്യാണം, മറ്റു ചടങ്ങുകൾ തുറസ്സായ സ്ഥലത്തു വച്ച് നടത്തുകയാണെങ്കിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണം മാറ്റുക. എയർ കണ്ടിഷൻഡ് ആയ സ്ഥലത്തു നടക്കുന്ന ചടങ്ങുകൾക്ക് ഹാളിന്റെ വലുപ്പമനുസരിച്ചു ആളുകൾക്കു പണ്ടെടുക്കാനുള്ള സൗകര്യം ഒരുക്കണം.
17. ആരാധനലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുക. സാധരണ നിലയ്ക്ക് പ്രാർത്ഥിക്കാൻ അനുവാദം നൽകുക. പ്രത്യേകിച്ചും മുതിർന്നവർക്ക് ഇത് വലിയ മാനസിക ആശ്വാസം നൽകും.
18. മരിച്ച ഒരാളിൽ വൈറസ് നിലനിൽക്കില്ല. ഇപ്പോഴത്തെ നിലയ്ക്ക് കേരളത്തിൽ മിക്കവാറും എല്ലാവരിലും കോറോണവൈറസ് ഉണ്ടാവും, വന്നുപോയി കാണും. ആ നിലയ്ക്ക് മരിച്ച ശരീരം അണുവിമുക്തമാക്കി, സാധാരണ പോലെ ശ്രവം പടരാതെ, നേരിട്ട് സമ്പർക്കം ചെയ്യാതെ, ശ്രദ്ധിച്ചു സംസ്കാരം ചെയ്താൽ മാത്രം മതി.
19. ജനങ്ങൾക്കെതിരെ വളരെ ലാഘവത്തോടെ കേസുകൾ എഴുതികൂട്ടുന്നതു നിർത്തുക. ജനങ്ങളുടെ ജീവിതം ലോക്ക്ഡൗൺ കഴിയുമ്പോൾ, കോടതിയും, ലോക്കപ്പും ആക്കി മാറ്റരുത്.
20. സർക്കാർ ശമ്പളം വാങ്ങുന്ന എല്ലാവരോടും ജോലി സ്ഥലത്തു പോയി സാധാരണ രീതിയിൽ ജോലി ചെയ്യാൻ നിർദ്ദേശിക്കുക. 21. ഭരണഘടനക്കും, നിയമങ്ങൾക്കും പ്രത്യക്ഷമായും,പരോക്ഷമായും നിരക്കാത്ത, COVID പ്രതിരോധ തീരുമാനങ്ങൾ പിൻവലിക്കുക. പൗരാവകാശം പൂർണമായി പുനഃസ്ഥാപിക്കുക.
22. ദിവസേന മാധ്യമങ്ങൾ മൂലം നടത്തുന്ന COVID കണക്ക് മാമാങ്കം പൂർണ്ണമായി നിർത്തുക. ഭീതി കൂട്ടുക എന്നല്ലാതെ ഇതു ഒന്നിനും സഹായിക്കില്ല. സർക്കാർ ശമ്പളം വാങ്ങുന്ന അധികാരികൾ TV ചാനലുകൾ കറങ്ങി നടന്ന് അന്തി ചർച്ച നടത്തുന്നത് നിരോധിക്കുക.
കേരളത്തിൽ സംഭവിക്കുന്ന 100 മരണങ്ങളിൽ ഒന്നിൽ താഴെ മാത്രമേയുള്ളു COVID മൂലം സംഭവിക്കുന്നത്. ഒരു COVID മരണം പോലും സർക്കാരിന്റെ ഒരു തരത്തിലുമുള്ള ശക്തിപ്രകടനം കൊണ്ട് ഇല്ലാതാക്കാൻ പറ്റില്ല. ഈ സാമാന്യ വിവരം മനസ്സിലാക്കി, COVID നു വേണ്ടി സർക്കാർ സംവിധാനങ്ങൾ മൊത്തമായി മരവിപ്പിച്ചു നിർത്തരുത്.
അധികാരികൾ COVID നെ ശക്തികൊണ്ട് നേരിടുമ്പോൾ അത് പൊതു ജനങ്ങളിൽ അനാവശ്യ ഭീതി, സാമ്പത്തിക ദുരിതം, മറ്റു കഷ്ടതകൾ ഉണ്ടാക്കി,മരണങ്ങൾ കൂട്ടുകയാണ്, കുറയ്ക്കുകയല്ല. സർക്കാരിന്റെ എല്ലാ ശക്തിയും, ആയുധങ്ങളും ഉപയോഗിച്ചാലും അത് COVID പ്രതിരോധത്തിന് ഒരു രീതിയിലും ഫലപ്രദമാവില്ല. ജനങ്ങളെ അകാരണമായി അടിച്ചമർത്താം എന്ന് മാത്രം.
അത് കൊണ്ട് സർക്കാർ എത്ര മാത്രം കുറച്ചിടപ്പെടുന്നോ, ആളുകളുടെ ജീവനും, ജീവിതത്തിനും, മനസ്സമാധനത്തിനും അത്രയും നല്ലത്. ദുഷ്ടലാക്കില്ലാത്ത,അറിവുള്ള, കഴിവുള്ള വിദഗ്ധരെ കൊണ്ടുവന്നു, COVID പ്രതിരോധം ശാസ്ത്രീയമായി നടത്തുക. സർക്കാർ ദുരന്ത നിവാരണ സംവിധാനങ്ങളും മറ്റു ശേഷികളും, ദുരന്തങ്ങൾ സംഭവിക്കുന്നിടത്തേക്ക് വിന്യസിക്കുക. സംരക്ഷിക്കാൻ സാധിക്കുന്ന ജീവനുകൾ രക്ഷിക്കുക.
Comments are closed.