ആരവിടെ, ജനാധിപത്യവധം ആട്ടക്കഥ മുഴുവൻ രാത്രിയും കളി നടത്താനുള്ള ഏർപ്പാടുകൾ ചെയ്യൂ
പ്രമോദ് പുഴങ്കര
The King is Dead. Long Live the King! മഹാരാജാവ് നീണാൾ വാഴട്ടെ. തിരുവിതാംകൂർ രാജകുടുംബം എന്ന പേരിൽ അറിയപ്പെടുന്ന അശ്ലീലത്തിന് ജനാധിപത്യ റിപ്പബ്ലിക്കിലെ പരമോന്നത ന്യായാസനം സാധുത നൽകിയതായി അടിയങ്ങൾ ബോധിപ്പിച്ചു കൊള്ളുന്നു.
രാജഭരണവും രാജാവുമെല്ലാം ഒറ്റയടിക്ക് എടുത്തുപോയി എന്നാണ് ഇന്ത്യൻ റിപ്പബ്ലിക്കിലെ പല പ്രജകളും വിശ്വസിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ല സംഗതികളെന്നും ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ റിപ്പബ്ലിക്കിനോട് ചേരുക മാത്രമാണ് ഉണ്ടായതെന്നും അതിൻപ്രകാരം ഇപ്പോഴും രാജകുടുംബത്തിന് സവിശേഷാധികാരങ്ങളുണ്ടെന്നും പൗരന്മാർ എന്നഹങ്കരിക്കുന്ന ജനങ്ങളോട് ന്യായാസനം അറിയിച്ചു.
രാജാക്കന്മാർക്ക് നൽകിയിരുന്ന പണക്കിഴിയും എല്ലാ വിധത്തിലുള്ള ബഹുമതിമുദ്രകളും നാമങ്ങളും എടുത്തുകളഞ്ഞതായി ഭരണഘടന ഭേദഗതി ചെയ്തെങ്കിലും ആചാരത്തിലും വലിയ ഭരണഘടനയോ എന്നാണ് റിപ്പബ്ലിക്കൻ കോടതി ചോദിച്ചത്. ശബരിമലയിൽ യുവതികൾ കയറിയാൽ ആചാരം മുറിയുമെന്നും അത് പാടില്ലെന്നും ലിംഗനീതിയോട് പോയി പണിനോക്കാൻ പറയെന്നും വിധിച്ച അതേ പൂജനീയ ഹസ്തങ്ങൾ ഈ വിധിയിലുമുണ്ട്. അതായത് രാജാവ് മരിക്കുന്നില്ല, ജീവിക്കുന്നു സകല നക്ഷത്രങ്ങളിലൂടെയും എന്ന് സാരം.
തിരുവയറു നിറയ്ക്കാനും തിരുവയറൊഴിയാനുമുള്ള ശേഷി നഷ്ടപ്പെട്ടാലും ദത്തെടുത്തും രാജാക്കന്മാർ നിലനിൽക്കും. അതായത് കാര്യം രാജ്യത്ത് ജനാധിപത്യമാണെങ്കിലും രാജകുടുംബം നിലനിൽക്കും. തിരുവനന്തപുരത്ത് ഇനിയും ആറാട്ടുമുണ്ടന്മാരെ മുന്നിൽ നിർത്തി, നായന്മാരുടെ അകമ്പടിയിൽ രാജാവ് എന്ന അശ്ലീലത്തിനു സംസ്ഥാനപോലീസിലെ കുതിരപ്പൊലീസിന്റെ അകമ്പടിയിൽ ആറാട്ട് നടത്താം.
മഹാരാജാവിനു ചിത്രമെടുപ്പിലുള്ള കമ്പത്തെക്കുറിച്ച് പുരാണം പറയാൻ തമ്പുരാട്ടിമാർ എന്ന പ്രത്യേകതരം സ്ത്രീകൾ പ്രത്യക്ഷപ്പെടും. അവരുടെ കവിതയെഴുത്തിലെ കമ്പത്തെക്കുറിച്ച് തങ്കച്ചിമാർ പറഞ്ഞുപരത്തിക്കോളും. അതായത്, മഹാരാജാവിന് ചിരിക്കു വകയുള്ള കാര്യം ഉണർത്തിക്കുന്നതെന്തെന്നാൽ, ആചാരത്തെക്കുറിച്ച് ഈ മന്ദന്മാർക്കുള്ള ശാഠ്യമാണ്.
തിരുവിതാംകൂർ രാജകുടുംബം എന്നത് അനാദിയായ കാലത്തുള്ള ഒന്നുമല്ല. എന്തായാലും ഇനിയിപ്പോളത് ആചന്ദ്രതാരം അങ്ങനെയിരുന്നോട്ടെ എന്നാണ്. നാട്ടിലെ ഒരു ക്ഷേത്രത്തിലും ബ്രാഹ്മണൻ, അമ്പലവാസി, നായർ എന്നിവരൊഴികെ മറ്റൊരു ജാതിക്കാരെയും കയറ്റാതിരുന്നതും ആചാരമായിരുന്നു.
അതും പദ്മനാഭദാസർ വകയായിരുന്നു. നായർ പെണ്ണുങ്ങളുമായുള്ള ഭോഗാലസ്യത്തിൽ അച്ചിക്കൊട്ടാരങ്ങളുണ്ടാക്കി ചരിത്രത്തിൽ സ്ഥാനം പിടിച്ച മഹാരാജാവിന്റെ പൂർവികരെക്കുറിച്ച് ഇനിയൊരുത്തനും മിണ്ടില്ല. നാട്ടുകാർ എന്ന് പറയുന്ന അശ്രീകരങ്ങൾ രാജഭരണത്തിനെതിരെയും അമേരിക്കൻ മോഡലിനെതിരെയുമൊക്കെ നടത്തിയ സമരത്തിനെ വെടിവെച്ചു കൊന്നു വാഴാൻ നോക്കിയാ നമ്മുടെ ചരിത്രവും നല്ല സ്വർണം പൂശിയെടുക്കാൻ ഇനി വകയുണ്ട്.
പായസപ്പാത്രത്തിൽ സ്വർണം കട്ട നമ്മുടെ പൂയില്യം തിരുനാളിനെക്കുറിച്ച് ഇനി ഏതൊരുത്തൻ മിണ്ടുമെന്നറിയണം. തലക്കരം, മുലക്കരം, വൃക്ഷക്കരം എന്നിങ്ങനെ നാനാവിധ നികുതികളിലൂടെ മേലനങ്ങാതെ ഉണ്ടാക്കിയ സ്വർണം മുഴുവൻ പദ്മനാഭന്റെ നിലവറയിൽ പൂട്ടി വെച്ചത് നാട്ടുകാരുടെ കാശല്ലേ എന്നിനി ഒരുത്തനും ചോദിക്കില്ല. ഇപ്പോൾത്തന്നെ ബി ജെ പി ആർഷഭാരത സുരേന്ദ്രൻ തുരങ്കം വഴി വന്ന് കിഴക്കേ കവാടത്തിൽ അരയിൽ മുണ്ടും കെട്ടി മുഖം കാണിക്കാൻ നിൽക്കുന്നുണ്ട്.
സുരേന്ദ്രൻ മുഖ്യമന്ത്രിയാകുമ്പോൾ ഇവിടുന്ന് സത്യവാചകം ചൊല്ലിക്കൊടുക്കുന്ന രാജപ്രമുഖനാകണം എന്നാണ് ആവശ്യം. അങ്ങയുടെ കൊച്ചുമകനോട് അക്കാര്യം ആവശ്യപ്പെടുന്ന ഒസ്യത്ത് പോരെ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. രമേശൻ നായർ, ഉമ്മൻചാണ്ടി മാപ്പിള എന്നിവർ പാഞ്ഞുവരുന്നുണ്ട് എന്നും വിവരമുണ്ട്.
കോൺഗ്രസ് എന്നും ആചാരങ്ങൾക്കൊപ്പമാണ്, സ്വാമിൻ എന്നാണ് ആർപുവിളി. ഇന്ത്യൻ യൂണിയനുമായി ചേർന്ന ഉടമ്പടി ഇപ്പോഴും നിലനിൽപ്പുള്ള ഒന്നാണെങ്കിൽ കാശ്മീരിന്റെ കാര്യത്തിലും അത് പാലിക്കേണ്ട എന്ന് ചോദ്യമുയർന്നാൽ യു എ പി എ ചുമത്താമെന്നും സുരേന്ദ്രൻ പറയുന്നു. അമിത് ഷാജി ഉറപ്പ് നൽകുമെന്ന് പറഞ്ഞു. രാജകുടുംബം എന്നൊരു കുടുംബത്തിന് നിയമപരമായി അംഗീകാരം നൽകിയ സുപ്രീം കോടതിയിൽ ഇനിയും ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് വാദിക്കാൻ പഠിപ്പിക്കുന്നത് ദുർവ്യയമാണെന്നും ആ പണം നായർപ്പടയുണ്ടാക്കാൻ വിനിയോഗിക്കണമെന്നും അങ്ങൊരു ഓല കൊടുക്കണം.
സായിപ്പിന്റെ നിഴൽ കണ്ടപ്പോൾ ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ബ്രിട്ടീഷുകാർക്കുമായി ഭരണം എഴുതിക്കൊടുത്ത് കാലാകാലം സുഖമായി രാജപദവിയിൽ വാഴാൻ നിശ്ചയിക്കുകയും സ്വാതന്ത്ര്യസമരത്തെയും കര്ഷകസമരങ്ങളേയും വെടിവെച്ചു കൊന്നൊടുക്കാൻ ശ്രമിക്കുകയും ചെയ്ത നമ്മുടെ ചരിത്രം മാറ്റിയെഴുതാനും വഞ്ചീശ മംഗളത്തോടെ ചുരുങ്ങിയത് തിരുവിതാംകൂറിലെയെങ്കിലും വിദ്യാലയങ്ങളിൽ സുപ്രഭാതം പൊട്ടിവിരിയിപ്പിക്കാനും ഉടനടി ഉത്തരവിടണം. ആരവിടെ, ജനാധിപത്യവധം ആട്ടക്കഥ മുഴുവൻ രാത്രിയും കളി നടത്താനുള്ള ഏർപ്പാടുകൾ ചെയ്യൂ. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം പൊളിച്ചുമാറ്റി പൂയില്യൻ തിരുനാളിന്റെ പ്രതിമ സ്ഥാപിക്കാൻ ഉത്തരവിടുന്നു.
Comments are closed.