News in its shortest

മഹാത്മാഗാന്ധി മഹാരാജാസ് കോളെജ് മാസികയ്ക്ക് നല്‍കിയ അപൂര്‍വ അഭിമുഖം വായിക്കാം

പ്രകാശന്‍ പിപി എന്ന ചെറുതുരുത്തി സ്വദേശി എറണാകുളം മഹാരാജാസ് കോളെജിന്റെ ലൈബ്രറിയില്‍ നിന്നും തന്റെ ഗവേഷണ കാലത്ത് കണ്ടെത്തിയ മഹാത്മാഗാന്ധിയുടെ അഭിമുഖം.

ജാതിയെക്കുറിച്ചും ചാതുർവർണ്യത്തെക്കുറിച്ചുമുള്ള ഗാന്ധിജിയുടെ നിലപാടുകൾ പലപാട് വിമർശിക്കപ്പെട്ടതാണല്ലോ. ഗവേഷണ കാലത്തെ തിരച്ചിലിനിടയിൽ ഏറണാകുളം മഹാരാജാസ് കോളേജ് ലൈബ്രറിയിൽ നിന്ന് കിട്ടിയ ഒരു അപൂർവ്വ അഭിമുഖം. (1926ലെ ഏറണാകുളം മഹാരാജാസ് കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ച ഗാന്ധിജിയുമായുള്ള അഭിമുഖം.)[വി.ടി.ശ്രീധനമേനോൻ, ബി.എ.]തീണ്ടൽ എങ്ങനെ നശിപ്പിക്കും?

ചോദ്യം: തീണ്ടൽ നശിപ്പിപ്പാൻ ഏതെല്ലാമാണ് മുഖ്യവഴികൾ?

ഉത്തരം: ഏതെങ്കിലും ഒരു ജാതിക്കാർക്കു പ്രത്യേകമായുള്ളതല്ലാത്ത സകല പൊതുജന വിദ്യാലയങ്ങളും ക്ഷേത്രങ്ങളും റോഡുകളും ഉപയോഗിപ്പാൻ എല്ലാവരെയും അനുവദിക്കുക. അവർണ്ണഹിന്ദുക്കളുടെ കുട്ടികൾക്കു വിദ്യാലയങ്ങൾ സ്ഥാപിച്ചുകൊടുക്കുക. ആവശ്യമുള്ളേടത്തു കിണറുകൾ കുഴിക്കുക, മുതലായവ. അതിനുപുറമേ മദ്യപാനം നിറുത്തുവാൻ ഉൽസാഹിക്കുകയും വദ്യസഹായം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുക.

ചോദ്യം: തീണ്ടൽ നശിപ്പിച്ചാൽ അവരുടെ മതസംബന്ധമായ നില എന്തായിരിക്കും?

ഉത്തരം: ബാക്കിയുള്ള സവർണ്ണഹിന്ദുക്കളെപ്പോലെതന്നെ അവരും ശൂദ്രർ ആകാം.ചോദ്യം: ജാതിയെ അടിസ്ഥാനപ്പെടുത്തി പൊതുജനസഭകളിലേക്ക് ജനപ്രതിനിധികളെ തിരിഞ്ഞയക്കുന്നതു നിങ്ങൾക്കു സമ്മതമാണോ? ഉത്തരം: എനിക്കു സമ്മതമല്ല. പക്ഷേ, ഏതെങ്കിലും ജാതിക്കാരെ മന:പൂർവ്വമായി പ്രജാസഭകളിൽനിന്നും പുറത്തുനിർത്തുന്നതു ‘സ്വരാജ്യ’ത്തിനു വളരെ ഹാനിയായിത്തീരും. അതിനുപുറമേ ഇപ്പോൾ പ്രജാസഭകളിൽ ഉള്ള ജാതിക്കാർ അവിടെ ഇല്ലാത്ത ജാതിക്കാരെക്കൂടി ഉൾപ്പെടുത്തുവാൻ ശ്രമിക്കേണ്ടതാണ്.

ചോദ്യം: ഇന്ത്യാരാജ്യം കർമ്മഭൂമിയാണെന്നും ഈ ജന്മത്തിൽ സമ്പത്ത്, ബുദ്ധി, സാമുദായികനില മുതലായ ഐഹിക കാര്യങ്ങളിലുള്ള അവകാശത്തിന്റെ തോതു ഓരോരുത്തരുടെയും പൂർവ്വജീവിതം അടിസ്ഥാനപ്പെടുത്തി മാത്രമായിരിക്കുമെന്നും നിങ്ങൾക്ക് വിശ്വാസമില്ലേ?

ഉത്തരം: വിശ്വാസമുണ്ട്. പക്ഷേ, നിങ്ങൾ വിചാരിക്കുന്നതുപോലെയല്ല. താൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം താൻ തന്നെ അനുഭവിക്കാതെ തരമില്ല. എന്നാൽ ഇന്ത്യ ശരിയായ കർമ്മഭൂമിയാണ്. ഭോഗഭൂമിയല്ല.

ചോദ്യം: തീണ്ടൽ നശിപ്പിക്കുന്നതിനു മുമ്പിൽതന്നെ അവരുടെ ഇടയിൽ വിദ്യാഭ്യാസത്തിനും മറ്റും കുറെക്കൂടി പ്രചാരം സിദ്ധിക്കേണ്ടത് ആവശ്യമല്ലേ?

ഉത്തരം: തീണ്ടൽ നശിപ്പിച്ചാലല്ലാതെ അവർക്കു വേറെ യാതൊരു കാര്യത്തിലും അഭിവൃദ്ധിയുണ്ടാകുന്നതല്ല.

https://www.facebook.com/photo?fbid=3180869178622744&set=a.820528521323500

ചോദ്യം: മദ്യവും മാംസവും ഉപയോഗിക്കുന്നവരെ അവ ഉപയൊഗിക്കാത്തവർ അകറ്റി നിർത്തുന്നത് സാധാരാണമല്ലേ; ശരിയുമല്ലേ?

ഉത്തരം: അങ്ങനെ വേണമെന്നില്ല; മദ്യപാനിയായ തന്റെ അനുജനെ വീണ്ടെടുപ്പാൻ ശ്രമിക്കേണ്ടത് മദ്യപാനിയല്ലാത്ത ജ്യേഷ്ഠന്റെയും ചുമതലയാണ്. അതുപോലെതന്നെയാണ് മാംസത്തിന്റെയും കാര്യം.

ചോദ്യം: എന്നാൽ മദ്യം, മാംസം മുതലായവ ഉപയോഗിക്കാത്തവർ അവ ഉപയോഗിക്കുന്നവരുമായി കൂടിച്ചേർന്നാൽ അവരും കാലക്രമം കൊണ്ടു മദ്യപാനികളും മറ്റുമായിത്തീർന്നു ചീത്തയായിപ്പോകുന്നില്ലേ?

ഉത്തരം: താൻ ചെയ്യുന്നത് തെറ്റാണെന്നു അറിയാതെ മദ്യം ഉപയോഗിക്കുന്ന ഒരുവൻ ചീത്തായായിപ്പോയേതീരൂ എന്നില്ല. എന്നാൽ നിങ്ങൾ പറഞ്ഞതുപോലെ ദുർമ്മാർഗ്ഗികളുമായുള്ള സഹവാസം മനുഷ്യനെ ദുർമ്മാർഗ്ഗിയാക്കിത്തീർക്കാൻ എളുപ്പമുണ്ട്.

ചോദ്യം: തീണ്ടൽ ജാതിക്കാരുടെ പുറമേ, അവരെക്കാൾ മേലെയുള്ള തിണ്ടലില്ലാത്ത മറ്റുജാതിക്കാരെപ്പോലും തൊടുകയോ, കൂടിയിരുന്നു ഭക്ഷിക്കുകയോ ചെയ്യാത്തതുകൊണ്ട് ബ്രാഹ്മണർ എപ്പോഴും കുറ്റക്കാരായിത്തന്നെയിരിക്കയല്ലേ?

ഉത്തരം: ഇതരജാതിക്കാരെ തൊടുകപോലും ചെയ്യില്ല എന്നു വാദിച്ചാൽ അവർ തീർച്ചയായും കുറ്റക്കാർതന്നെ.

ചോദ്യം: മനുഷ്യനു ജന്മനാ സിദ്ധിച്ചിട്ടുള്ള ചില അവകാശങ്ങളെ സാധൂകരിക്കുന്നതിനുവേണ്ടി ബ്രാഹ്മണരുടെ അഗ്രഹാരങ്ങളിൽകൂടി ഘോഷയാത്രചെയ്യുന്നതുകൊണ്ട് മറ്റുള്ളവരുടെ വിശപ്പുതീരുന്നുണ്ടോ?

ഉത്തരം: മനുഷ്യനു ഭക്ഷണം കൊണ്ടുമാത്രം ജീവിക്കുവാൻ സാധിക്കുകയില്ല. തന്റെ ‘മാനം’ ഭക്ഷണത്തേക്കാൾ വലിയതാണ്.

ചോദ്യം: സഹകരണത്യാഗത്തെപ്പറ്റി മുഴുവൻ മനസ്സിലാക്കാൻ മാത്രം പഠിപ്പില്ലാത്ത മറ്റു ജാതിക്കാർ രാജ്യകാര്യങ്ങളിലേക്കാൾ തങ്ങളുടെ മതസംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയുള്ള ബ്രാഹ്മണരും കൂടി കൂട്ടിമുട്ടുമ്പോൾ ‘സത്യാഗ്രഹം’കൊണ്ടു ലഹള ഉണ്ടാകുന്നില്ലേ?

ഉത്തരം: വൈക്കത്തെപ്പറ്റിയാണ് (വൈക്കം സത്യാഗ്രത്തെപ്പറ്റിയാണ്) സംസാരിക്കുന്നതെങ്കിൽ അവിടുത്തെ തീണ്ടൽജാതിക്കാർ വളരെ അടങ്ങി ഒതുങ്ങിയാണിരിക്കുന്നതെന്ന് വേണം പറവാൻ. നിങ്ങളുടെ ചോദ്യത്തിൽനിന്നു ബ്രാഹ്മണരും ലഹളയ്ക്കൊരുമ്പിട്ടേക്കമെന്ന ഒരു ധ്വനി പുറപ്പെടുന്നുണ്ട്. എന്നാൽ അവരെയും അവരുടെ മതവിശ്വാസങ്ങളെയും എനിക്കു ഒട്ടുംതന്നെ ബഹുമാനമില്ലാതായിത്തീരും.

ചോദ്യം: ജാതിമതവിശ്വാസങ്ങൾ ഒന്നും ഇല്ലാതെ എല്ലാവരും ഒന്നുപോലെയായിത്തീരേണമെന്നാണോ നിങ്ങളുടെ ആഗ്രഹം?

ഉത്തരം: വിശപ്പ്, ദാഹം മുതലാവയിൽപ്പോലെതന്നെ ജന്മസിദ്ധമായ അവകാശങ്ങളിലും എല്ലാവരും ഒന്നുപോലെയായിത്തീരണം.

ചോദ്യം: ഇപ്രകാരമുള്ള മഹത്തായ ലോകതത്വങ്ങൾ മഹാത്മാക്കൾക്കല്ലാതെ സാധാരണ മനുഷ്യനു ഉണ്ടാകുമോ? അയാൾക്കു ഋഷിപ്രോക്തമായ നിയമപ്രകാരമുള്ള ജീവിതം നയിച്ചു മോക്ഷം സമ്പാദിക്കേണമെന്നല്ലാതെ മറ്റു എന്തുവിചാരമാണുള്ളത്?

ഉത്തരം: ജനനം ഹേതുവായിട്ടുമാത്രം ഒരുവനെ തൊടുവാൻ വയ്യാ എന്നു പറയുന്നത് തെറ്റാണെന്നു വാദിക്കുന്നതിൽ ‘മഹത്തായ ലോകതത്ത്വങ്ങൾ’ഒന്നും തന്നെയില്ല. എന്നുതന്നെയല്ലാ, തീണ്ടൽ ഒരു ദുരാചാരമാണെന്നു ഹിന്ദുക്കളല്ലാതെ മറ്റെല്ലാവരും സമ്മതിക്കുന്നുമുണ്ട്. ഇതിനു പുറമേ നമുക്കു ഇപ്പോൾ പരിചയമുള്ള തീണ്ടൽ ആചാരം ഋഷികളുടെ ഒരു സ്ഥാപനമാണെന്നു പറയുന്നത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം.

Comments are closed.