ടിക് ടോക് നിരോധനം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍
സുനില്‍ തോമസ് തോണിക്കുഴിയില്‍
നമ്മൾ ഇന്നു കാണുന്ന ഇന്റർനെറ്റ് 1970കളിൽ അമേരിക്കൻ പ്രതിരോധ വകുപ്പ് അടിത്തറയിട്ട കമ്പ്യൂട്ടർ നെറ്റ്വർക്കില് നിന്നാണ് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത്.
ഏത് അടിയന്തിര സാഹചര്യത്തിലും കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഒരു കമ്പ്യൂട്ടർ ശൃംഖല ആയിട്ടാണ് ഇന്നത്തെ ഇൻറർനെറ്റിന്റെ പ്രാഥമിക രൂപകല്പന നടന്നത്. പ്രധാനമായും സൈനിക ആവശ്യങ്ങൾക്കു വേണ്ടി ആയിരുന്നു ഇതുണ്ടാക്കിയത്. ഈ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് ഇൻറർനെറ്റിന്റെ തുടക്കം. തുടർന്ന് ഈ ശ്രൃംഖലയിലേക്ക് യൂണിവേഴ്സിറ്റികളേയും മറ്റ് സ്ഥാപനങ്ങളേയും ചേർത്തു.
പേഴ്സണൽ കമ്പ്യൂട്ടറുകളുടെയും വിവരവിനിമയ സംവിധാനങ്ങളുടെയും രംഗത്തുണ്ടായ പുരോഗതി ഇന്റർനെറ്റിനെ കൂടുതൽ ജനകീയമാക്കി. ഇപ്പോഴത്തെ ഇന്റർനെറ്റ് പതിയെ പതിയെ അതതു കാലത്തെ ആവശ്യങ്ങൾക്കനുസരിച്ച് വികസിച്ചു വന്ന ഒരു സംവിധാനമാണ്.
സാങ്കേതികവിദ്യയിലും കണക്ടിവിറ്റിയിലും ഓരോ സമയത്തും ഉണ്ടായ പുരോഗതിക്ക് അനുസരിച്ച് നിരവധി ആപ്ലിക്കേഷനുകൾ ഇന്റർനെറ്റിലേക്ക് കൂട്ടിച്ചേർക്കുകയുണ്ടായി . ഇനിയും ഇത്തരം കൂട്ടിചേർക്കലുകൾ തുടർന്നു കൊണ്ടേയിരിക്കും. അഞ്ചോ പത്തോ വർഷങ്ങൾക്ക് ശേഷമുള്ള ഇന്റർനെറ്റിനെപ്പറ്റി പ്രവചിക്കുവാനാകില്ല. സങ്കേതിക വിദ്യകൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഇൻറർനെറ്റിന്റെ അടിസ്ഥാന രൂപകൽപന നമ്മൾ കാണുന്ന ഭൂപടത്തിൽ കാണുന്ന രാജ്യാതിർത്തികൾ പരിഗണിച്ച് ഉണ്ടാക്കിയിട്ടുള്ളതല്ല .
ഇന്റർനെറ്റ് ആധുനിക മനുഷ്യന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ ഒരു അടിസ്ഥാന സൗകര്യമായി മാറിയപ്പോൾ ഇന്റർനെറ്റ് വഴി സ്വന്തം പരമാധികാരത്തിലും രാജ്യസുരക്ഷയിലും മറ്റുള്ളവർ കടന്നുകയറിയേക്കുമോ എന്ന ഭീതി എല്ലാ രാജ്യങ്ങൾക്കുമുണ്ട്.
അതിനാൽ ഓരോ രാജ്യവും ഇന്റർനെറ്റ് ഉപയോഗത്തിനും അത് അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യകൾക്കും അതിർവരമ്പുകൾ നിർമ്മിച്ചിട്ടുണ്ട് . എന്നാൽ ഇവയൊന്നുംതന്നെ പരിപൂർണ്ണമായി ഭൂപടത്തിലെ അതിർത്തികൾക്കനുസരിച്ച് പ്രവർത്തിക്കുന്നവയല്ല. പക്ഷെ സാങ്കേതിക ജ്ഞാനമുള്ള ചുരുക്കം ചിലർക്കെങ്കിലും ഇത്തരം കൃത്രിമ അതിർത്തികൾ ഭേദിക്കാൻ കഴിയും.
ഇന്റർനെറ്റിന്റെ വളർച്ചയും വികാസവും അനുസരിച്ച് പല രാജ്യങ്ങളിലും ഈ അതിർവരമ്പുകൾ ഇന്റർനെറ്റ് നിയമങ്ങളുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനാധിപത്യ രാജ്യങ്ങളിലും ഏകാധിപത്യ രാജ്യങ്ങളിലും ഇവ വളരെ വ്യത്യസ്ഥമാണെന്ന് കാണാം. ചൈന പോലെയുള്ള ഏകാധിപത്യരാജ്യങ്ങൾ പൗരൻമാർക്ക് സമ്പൂർണമായ ഇന്റർനെറ്റ് സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല. അതേ സമയം പാശ്ചാത്യ രാജ്യങ്ങൾ പലതും വളരെ ലിബറൽ സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്.
ഏത് സാങ്കേതികവിദ്യയുടെയും ഉപയോഗം കൂടുമ്പോൾ നിലവിലുള്ള സാമൂഹിക രീതികളും പൊതു നിയമങ്ങളും അനുസരിച്ച് ഇത്തരം സാങ്കേതിക വിദ്യകളെ നിയന്ത്രിക്കാൻ സർക്കാരുകൾ ശ്രമിക്കാറുണ്ട്. സമുഹത്തിന്റെ പൊതു നന്മക്ക് ഇതാവശ്യവുമാണ്. ഇന്ത്യയിലെ ഇത്തരത്തിൽപ്പെട്ട പ്രധാന നിയമം 2000 ലെ ഇൻഫോർമേഷൻ ടെക്നോളജി ആക്ട് ആണ്. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പല വിധ ഇലക്ട്രോണിക് ഇടപാടുകൾക്കും സാധുത നൽകുന്നത് ഈ നിയമമാണ്.
എന്നാൽ ഈ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. മൊബെൽ ഫോണുകൾ സർവ്വ സാധാരണമാവുകയും രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഇന്റർനെറ്റ് സൗകര്യങ്ങള്‍ ലഭ്യമാവുകയും ചെയ്തു.
ഈ പുരോഗതി നൂതനമായ നിരവധി ആശയങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും വഴിതെളിച്ചിട്ടുണ്ട്. അതിൽ പ്രധാനം ബിഗ് ഡാറ്റ അനലറ്റിക്സ് ആണ്. ഇൻറർനെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് ആളുകൾക്ക് താൽപര്യമുളളവിഷയങ്ങൾ കണ്ടെത്തുക, വ്യക്തികളുടെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുക എന്നിങ്ങനെ പലതരം സാധ്യതകൾ പരിശോധിക്കുകയാണ് ബിഗ് ഡാറ്റ അനലറ്റിക്സ് നടത്തുന്നത്.
നമ്മുടെ വ്യക്തിഗതമായ വിവരങ്ങളും താൽപര്യങ്ങളും സംബന്ധിച്ച ഡാറ്റ ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്ക് അത്യന്താപേക്ഷിതമാണ്. ഈ ഡാറ്റ ശേഖരിക്കാനായി ഇവർ പല മാർഗ്ഗങ്ങളും ഉപയോഗിക്കും. നമ്മുടെ അനുവാദമില്ലാതെ ഫോണിൽ നിന്നും കമ്പ്യുട്ടറിൽ നിന്നും പിന്നാമ്പുറത്തു കൂടി വിവരങ്ങൾ ശേഖരിക്കുന്നത് പൊതുവെ കണ്ടു വരുന്ന രീതിയാണ്. കൂടാതെ നമ്മുടെ കൗതുകങ്ങളെ ചൂഷണം ചെയ്യുന്ന സോഷ്യൽ മീഡിയാ ആപ്പുകൾ, വിവിധ തരം സൗജന്യങ്ങൾ നൽകുന്ന വെബ് സൈറ്റുകൾ, മൽസരങ്ങൾ, മാൽവെയറുകൾ, വൈറസുകൾ എന്നിങ്ങനെ മറ്റ് പല സൂത്രപ്പണികളിലൂടെയും കമ്പനികൾ ഡേറ്റ ശേഖരിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഇതിനെക്കുറിച്ച് വലിയ ധാരണയില്ലാതെ പലരും ഈവിവരങ്ങൾ കൊടുക്കുകയും ചെയ്യും.
നമ്മുടെ ജിപിഎസ് കോർഡിനേറ്റുകൾ, ബ്രൗസിങ്ങ് ഹിസ്റ്ററി, സാധനങ്ങൾ വാങ്ങിയതിന്റെ വിവരങ്ങൾ, സുഹൃത്തുകളുടെ ഫോൺ നമ്പരുകളും മറ്റ് വിവരങ്ങളും, ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള വിവരങ്ങൾ തുടങ്ങിയവയെല്ലാം ഡാറ്റ അനലറ്റിക്സ് കമ്പനികൾക്ക് വിലപ്പെട്ട വിവരങ്ങളാണ്. ഒറ്റപ്പെട്ട ഒരു വ്യക്തിയുടെ ഇത്തരം വിവരങ്ങൾ പ്രത്യക്ഷത്തിൽ ഉപയോഗശൂന്യമാണെന്ന് തോന്നാം. എന്നാൽ ലക്ഷോപലക്ഷം ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച് അതിൽ നിന്ന് നിഗമനങ്ങളിലെത്താനും ഇത്തരം നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികളുടെ താൽപര്യങ്ങൾ കണ്ടെത്താനും കഴിയുന്ന അൽഗോരിതങ്ങളുണ്ട്. അതിനാലാണ് കഴിഞ്ഞ നൂറ്റാണ്ടിൽ ലോക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതിൽ ക്രൂഡ് ഓയിൽ ഉൽപാദക രാജ്യങ്ങൾക്കും എണ്ണക്കമ്പനികൾക്കും ഉണ്ടായിരുന്ന മേൽക്കൈ ഈ നൂറ്റാണ്ടിൽ ഡേറ്റ കൈവശമുള്ളവർക്കാണെന്ന് പറയുന്നത്.
പൗരന്റെ സ്വകാര്യതയിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങളെ ലോകമെമ്പാടും നിരവധിയാളുകൾ പലപ്പോഴായി എതിർത്തിട്ടുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളും ഈ വിഷയത്തെ ഗൗരവമായി കാണുകയും ഡാറ്റാ പ്രൈവസി നിയമങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ പുറത്തിറക്കിയ ജനറൽ ഡേറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR) ഇത്തരത്തിലുള്ള പ്രധാന നിയമങ്ങളിലൊന്നാണ്. സ്വകാര്യതയുടെ കാര്യത്തിൽ, ഇൻറർനെറ്റ് ഭീമൻമാരായ ഗൂഗിളിനും ഫേസ്ബുക്കിനുമൊക്കെ യൂറോപ്പിൽ ഇതനുസരിക്കേണ്ടി വന്നു.
ഇന്ത്യയിൽ ഇത്തരമൊരു നിയമത്തിന്റെ കരട് 2019 ൽ പാർലമെന്റിൽ സമർപ്പിക്കുകയുണ്ടായി. ഇപ്പോഴും അത് പാർലമെന്റിന്റെ പരിഗണനയിലാണ്.
ടിക് ടോക്ക് പോലെ വളരെ ജനപ്രിയമായ ചില മൊബൈൽ ആപ്പുകളെ പൗരൻമാരുടെ ഡാറ്റ ശേഖരിച്ചു എന്നും ഈ ആപ്പുകൾ രാജ്യസുരക്ഷക്ക് നന്നല്ലയെന്നും പറഞ്ഞ് ഈയിടെ കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ട്. ചൈനാ നിർമ്മിതമാണ് ഇവയെല്ലാം എന്നതും ശ്രദ്ധേയമാണ്. എന്നാൽ പൗരൻമാരുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്ന നിരവധി ആപ്പുകൾ ഇപ്പോഴും ലഭ്യമാണ്. ഈ രംഗത്തെ ഭീമൻമാരായ ഗൂഗിളും ഫേസ്ബുക്കുമൊക്കെ എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന് നമുക്ക് അറിയില്ല.
പൊതുജനമുപയോഗിക്കുന്ന പലതരത്തിലുള്ള ആപ്പുകൾ, ശേഖരിക്കുന്ന വിവരങ്ങൾ വിദേശ രാജ്യങ്ങളിൽ എത്തുന്നില്ലാ എന്ന് എങ്ങിനെ ഉറപ്പിക്കാനാകും. കുറച്ചു കാലം മുമ്പ് പെഗാസിസ് എന്ന മാൽവെയറുപയോഗിച്ച് രാഷ്ട്രീയ നേതാക്കളുടെയും മറ്റും വിവരം ചോർത്തി എന്ന വിവാദം ഇത്തരുണത്തിൽ സ്മരിക്കാം. ലോകം മൊത്തം വ്യാപിച്ചു കിടക്കുന്ന ഇന്റര്‍നെറ്റിൽ ഡേറ്റ ചോർത്തുന്നതിനും മറ്റും രാജ്യാതിർത്തികൾ ബാധകമല്ല എന്ന കാര്യം മറക്കരുത്.
കേന്ദ്ര സർക്കാർ ഡേറ്റ ചോർച്ച കണ്ടെത്തി ചൈനീസ് ആപ്പുകളെ പുറത്താക്കിയത് നല്ല കാര്യം തന്നെയാണ് . പക്ഷെ ഡേറ്റ ചോർത്തുന്ന സകലരേയും പുറത്താക്കുക തന്നെ വേണം , അവർ ഏതു രാജ്യത്തു നിന്ന് പ്രവർത്തിക്കുന്നവരായാലും. ഈ വിഷയത്തിൽ ഇനി നമുക്ക് വേണ്ടത് കേവലം രാഷ്ട്രീയ ലാഭത്തിനു വേണ്ടി പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങളല്ല മറിച്ച് പൗരന്റെ സ്വകാര്യതയും രാജ്യസുരക്ഷയും സംരക്ഷിക്കാനുള്ള വ്യക്തമായ നിയമങ്ങളും ആ നിയമങ്ങൾ നടപ്പാക്കാനുള്ള സംവിധാനവുമാണ്.
ഒരു ജനാധിപത്യ രാജ്യത്ത് സർക്കാർ എടുക്കുന്ന ഏതു നടപടിയും സുതാര്യമാകണം; ആ നടപടികൾ പൗരൻമാർക്ക് പരിശോധിക്കുന്നതിനും വേണമെങ്കിൽ തിരുത്തൽ നടപടികൾ ആരംഭിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഉണ്ടാകണം.
സോഷ്യൽ മീഡിയയും ഇന്റർനെറ്റും വ്യാപകമായ ഇക്കാലത്ത് സർക്കാരുകളുടെ പ്രവർത്തനത്തെ ജനങ്ങൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നുണ്ട്. അധികാരസ്ഥനങ്ങളിലുള്ളവർക്ക് ഇത്തരം പരിശോധന പലപ്പോഴും ഹിതകരമാകണമെന്നില്ല.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പല രീതിയിൽ സ്വാധീനിക്കാൻ അധികാരികൾ ശ്രമിക്കാൻ സാധ്യതയുണ്ട്. അതിനാൽ ടിക് ടോക്ക് പോലയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെതിരേ ഉണ്ടായ നടപടി ഈ രംഗത്ത് പ്രവർത്തിക്കുന്ന മറ്റുള്ളവർക്കുള്ള മുന്നറിയിപ്പല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു,
സ്വകാര്യത ഭരണഘടന നൽകുന്ന ഒരു മൗലിക അവകാശമാണെന്ന് സുപ്രീം കോടതി തന്നെ വിധിച്ചിട്ടുള്ളതാണ്. ഇന്റർനെറ്റിൽ പൗരൻമാരുടെ സ്വകാര്യത സംബന്ധിച്ച നിയമങ്ങൾ അടിയന്തിരമായി നിർമ്മിക്കേണ്ടതാണ്. ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യാൻ അധികാരസ്ഥാങ്ങളിലുള്ളവർക്ക് സാധിക്കാത്ത രീതിയിൽ ക്രമീകരിക്കേണ്ടത് നമ്മുടെ ജനാധിപത്യം നിലനിന്നുപോകുന്നതിന് അത്യാവശ്യമാണ്.
ഇന്ത്യൻ പൗരൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ അവനറിയാതെ രാജ്യസുരക്ഷയെ ബാധിക്കുന്നില്ല എന്നതും പൗരന്റെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നില്ല എന്നും അടിയന്തിരമായി ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്.
Comments are closed.