മൃദുസംഘി തീവ്രസംഘിയുടെ പ്രച്ഛന്നവേഷമാണെന്ന് തിരിച്ചറിയാൻ ചില്ലറ ലിറ്റ്മസ് ടെസ്റ്റുകൾ മതി
ശ്രീചിത്രന്‍ എം ജെ
തീവ്രവാദിയുടെ മുമ്പ് ചേർക്കേണ്ട വിശേഷണപദത്തിൻ്റെ രാഷ്ട്രീയത്തെക്കുറിച്ചാണ് ഇപ്പോൾ തർക്കം. തർക്കത്തിലൊരു കാര്യവുമില്ല. ഏകം സത്. വിപ്രാ ബഹുധാ വദന്തി. സത്യം ഒന്നാണ്. പോറ്റിമാർ പലതും പറയും. തീവ്രവാദി ഈസ് ഈക്വൽ റ്റു തീവ്രവാദി. പിന്നെ, സാങ്കൽപ്പിക അച്ചുതണ്ട് എന്നപോലെ, കാര്യം മനസ്സിലാക്കാനായി നമുക്ക് ഏതുതരം ക്ലാസിഫിക്കേഷനുമാവാം. ഇപ്പൊഴും ഫാഷിസത്തിന്റെ അടിസ്ഥാനപഠനങ്ങൾ നടത്തിയവരിൽ തന്നെയാണ് ക്ലാസിഫിക്കേഷന്റെ താക്കോൽ. വിൽഹെം റീഹ് നടത്തുന്ന, മൗലികവാദം, തീവ്രവാദം, പുനരുത്ഥാനവാദം,വർഗീയവാദം എന്ന വിഭജനം ഒന്ന് പരിചയപ്പെട്ടു പോകുന്നത് നന്നായിരിക്കും.
വർഗീയവാദം {communalism} – സ്വന്തം മതത്തിൽ തീവ്രമായി വിശ്വസിക്കുകയും മറ്റുമതങ്ങൾ തെറ്റാണെന്നും കരുതുന്നു. അതോടെ അവന്റെ ഭാഷയിൽ മറ്റുമതക്കാൾ അവിശ്വാസികൾ ആവുന്നു. എല്ലാ കർത്തവ്യങ്ങളും വർഗീയവാദിക്ക് ദൈവദത്തമാണ്. ദൈവം സ്വന്തം മതത്തിന്റെ ആളായതുകൊണ്ട് മറ്റുമതക്കാർക്കേൽക്കുന്ന പീഢനങ്ങൾ ഒന്നും വർഗീയവാദിയുടെ വിഷയമേയല്ല.
തീവ്രവാദം{fanaticism} സ്വന്തം മതത്തിന്റെ നിയമങ്ങൾക്കനുസരിക്കാത്തവർ അന്യമതത്തിലായാലും സ്വന്തം മതത്തിലായാലും ബലം പ്രയോഗിക്കപ്പെടാൻ വിധിക്കപ്പെട്ടവരാണ്, തീവ്രവാദിയുടെ കണ്ണിൽ. ഭീഷണി മുതൽ ഉന്മൂലനം വരെ എന്തും തീവ്രവാദി അതിനായി ചെയ്യാൻ തയ്യാറാണ്. വർഗീയവാദിയുടെയും തീവ്രവാദിയുടെയും അതാതുനിലകളിൽ ഉള്ള വ്യത്യാസം തീവ്രവാദി ഉന്മൂലനത്തിന്റെ ഭ്രാന്തിലെത്തുമ്പോൾ വർഗീയവാദിയുടെ ദൈനംദിനവ്യവഹാരത്തെ നിശ്ചയിക്കുന്നത് പക്ഷപാതിത്വമാണ് എന്നതാണ്.
മൗലികവാദം{fundamentalism} വിശുദ്ധഗ്രന്ഥങ്ങൾ എന്നുവിശേഷിപ്പിക്കുന്ന സ്വന്തം മതഗ്രന്ഥങ്ങളുടെ അപ്രമാദിത്വം, അവയുടെ ശാശ്വതമൂല്യം – ഇതിലൊക്കെയാണ് മൗലികവാദിയുടെ ഊന്നൽ. ശ്രദ്ധ പ്രധാനമായും കേന്ദ്രീകരിക്കുന്നത് മറ്റു മതത്തിലേക്കല്ല, സ്വന്തം മതവിശ്വാസത്തിലേക്കുതന്നെയാണ്. ആ അർത്ഥത്തിൽ മൗലികവാദി ഇൻട്രോവർട്ട് ആണെന്ന് റീഹ്. ഉറച്ച അധികാരഘടന ഉപയോഗിച്ച് വിശുദ്ധഗ്രന്ഥങ്ങളുടെയോ മൂല്യങ്ങളുടേയോ അച്ചടക്കം സ്വന്തം മതത്തിൽ അടിച്ചേൽപ്പിക്കലാണ് മൗലികവാദിയുടെ പ്രധാനലക്ഷ്യം.
പുനരുത്ഥാനവാദം {revivalisam} മൗലികവാദികളുടെ ആശയധാര തന്നെയെങ്കിലും സമീപനത്തിലും പ്രവർത്തനത്തിലും കുറേക്കൂടി ജനാധിപത്യം ഇവർ തോന്നിപ്പിക്കും. തങ്ങൾ മൂലതത്വങ്ങൾ എന്നും കരുതുന്നവ പൂത്തുലഞ്ഞിരുന്ന ഒരു സമൂഹം ഇവിടെയുണ്ടായിരുന്നെന്നും അതിപ്പോഴത്തെ തലമുറ വിസ്മരിച്ചെന്നും അവ പുനസ്ഥാപിക്കപ്പെടണം എന്നുമാണ് അടിസ്ഥാന ആശയം. ശ്രദ്ധിക്കുക, ഇവയൊന്നും വെള്ളം കടക്കാത്ത കമ്പാർട്ടുമെന്റുകൾ അല്ല എന്നുമാത്രമല്ല, ഇവരെല്ലാം കൂടിക്കുഴഞ്ഞാണ് കിടക്കുന്നത് എന്നതും യാഥാർത്ഥ്യമാണ്. ഇവയെല്ലാമൊരാളിൽച്ചേർന്നൊത്തു കാണണമെങ്കിൽ ഇന്നൊരു പ്രയാസവുമില്ല. ഇന്ത്യൻ ഫാഷിസം ഇവയെ എല്ലാം ചേർത്തുനിർത്തുന്ന പൊതുവ്യക്തിത്വം കൃത്യമായി രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
മൃദുസംഘി തീവ്രസംഘിയുടെ പ്രച്ഛന്നവേഷമാണെന്ന് തിരിച്ചറിയാൻ ചില്ലറ ലിറ്റ്മസ് ടെസ്റ്റുകൾ മതി. ഉദാഹരണത്തിന് സംവരണത്തെക്കുറിച്ചുള്ള അഭിപ്രായം. അതുപോലെ ഇസ്ലാമിൽ നിന്ന് ഇസ്ലാമിക തീവ്രവാദിയെ തിരിച്ചറിയാനും ചെറിയ ചില ലിറ്റ്മസുകൾ ഉണ്ട്. അതിലൊന്നാണ് ഇന്നലെ കണ്ടത്. അഭിമന്യുവിനെ കൊന്നത് ഇസ്ലാമിക തീവ്രവാദികളാണ് എന്നു പറയുമ്പോഴനുഭവപ്പെട്ട ചൊറിച്ചിൽ മറ്റൊന്നുമല്ല. നിഷ്കങ്കമായ മോഡിഭക്തി എന്നൊന്നുണ്ട് എന്നു ചിലർ പറയുന്നെങ്കിൽ , ആരോഗ്യസമ്പുഷ്ടമായ കാൻസർ എന്നൊരിനം കാൻസറുമുണ്ട് എന്നും അവർ വിശ്വസിക്കും എന്നേ കരുതാനുള്ളൂ. അതുപോലെത്തന്നെയാണ് നിഷ്കളങ്കമായ മൗദൂദിഭക്തിയും. ഒരു വ്യത്യാസവുമില്ല.
ഹിന്ദു വേറെ ഹിന്ദുത്വ വേറെ എന്നതുപോലെ ഇസ്ലാം വേറെ പൊളിറ്റിക്കൽ ഇസ്ലാം വേറെ – അതിനൊരു സംശയവുമില്ല. പക്ഷേ തീവ്രവാദി എന്ന വാക്ക് തുടർന്നു വരുന്നതോടെ കാര്യം വ്യക്തമാണ്, ഹിന്ദുത്വതീവ്രവാദി എന്നായാലും ഹിന്ദുതീവ്രവാദി എന്നായാലും ഉദ്ദേശിക്കുന്നത് ഒന്നാണ് – തീവ്രവാദി എന്ന വാക്ക് തുടർന്നു വരുന്നതോടെ അപ്പുറത്ത് ‘ത്വ’ എന്ന ഒരക്ഷരം ഉണ്ടെങ്കിലും ഇല്ലെങ്കിലും സമാനമാണ്. അതുപോലെ, ഇസ്ലാമിക തീവ്രവാദി എന്നതിനപ്പുറം ‘പൊളിറ്റിക്കൽ’ എന്ന നാലക്ഷരം ഉണ്ടായാലും ഇല്ലെങ്കിലും സമാനമാണ്. ശ്രദ്ധിക്കുക – തീവ്രവാദി എന്ന വ്യക്തതയുള്ള വാക്ക് തുടർന്ന് വരുമ്പോൾ മാത്രം.
അല്ലാത്തപക്ഷം തീർച്ചയായും ഹിന്ദുവും ഹിന്ദുത്വവും ഒന്നല്ല, ഇസ്ലാമും പൊളിറ്റിക്കൽ ഇസ്ലാമും ഒന്നല്ല.ഫാഷിസം പിടിമുറുക്കുന്ന ചരിത്രസന്ദർഭത്തിൽ ഓരോ വഴിത്തിരിവിലും വെച്ച് മൃദുവാദികൾ പലരും സോഫ്റ്റ് ആയ ചർമ്മം ഊരിക്കളയുന്നതും തീവ്രവാദികൾ ആയി മാറുന്നതും നമുക്കു കാണാം. ഫാഷിസ്റ്റ് സമൂഹത്തിലെ ഓരോ സംഭവങ്ങളും അതിനുള്ള ഉരകല്ലുകളായി പ്രവർത്തിക്കും. വ്യക്തിജീവിതത്തിൽ ഏതാണ്ടൊരു യുക്തിവാദിയോടടുത്തു നിന്ന, മതാചാരങ്ങളോട് തീരെ താല്പര്യമില്ലാതിരുന്ന, മരിച്ചാലൊരു മരണാനന്തരക്രിയയും ചെയ്യരുതെന്ന് എഴുതിവെച്ച, മനുഷ്യർ തന്റെ മൃതദേഹം ചുമക്കരുതെന്നു പറഞ്ഞ, സവർക്കർ ആണ് ഇന്ന് ഇന്ത്യയിൽ കത്തുന്ന വിഷയങ്ങളായ ഗോവധനിരോധനവും രാഷ്ടീയഹിന്ദുത്വവും മുസ്ലീം വിദ്വേഷവും മിലിറ്ററിയുടെ അമിതപ്രാധാന്യവും അടക്കമുള്ള ഫാഷിസ്റ്റ് ആശയാവലി നിർമ്മിച്ചുകൊടുത്തത്.
ഹിന്ദി രാഷ്ട്രഭാഷയും സംസ്കൃതം രാഷ്ടീയലിപിയും കുണ്ഡലിനിയും ഓംകാരവും കൃപാണവും സ്വസ്തികവും ഉള്ള ഹിന്ദുപതാകവും ഉള്ളൊരു ഹിന്ദുസ്ഥാൻ സ്ഥാപിക്കപ്പെടലാണ് സവർക്കറുടെ ലക്ഷ്യവും സ്വപ്നവുമായിരുന്നത്. മൗദൂദിയുടെ രാഷ്ട്രസങ്കൽപ്പനത്തിലും ഒരു വ്യത്യാസവുമില്ല. ചിഹ്നങ്ങളുടെയും ആചാരക്രമത്തിൻ്റെയും വ്യത്യാസം മാത്രം.അതുകൊണ്ട്, ഇന്നാട്ടിൽ ജീവിക്കുന്ന, ഇന്ന് അതിജീവനത്തിന് പെടാപ്പാടു പെടുന്ന ഹിന്ദുക്കളും മുസ്ലീങ്ങളുമൊന്നും “തീവ്രവാദി” എന്ന കാറ്റഗറിയിൽ പെടാത്തിടത്തോളം അവർ വിഷമിക്കേണ്ട ഒന്നും ആ പ്രയോഗത്തിലില്ല.
എന്നാൽ ഇല്ലാത്ത ഈ വിഷമം കുത്തിവെക്കുന്നവരുടെ ഉദ്ദേശം വേറെയാണ്, മതപരമായ വിഭജനയുക്തിയെ ഒളിച്ചു കടത്തലാണ്.അതിനോട് ഒത്തുതീർപ്പില്ലാതെ വിയോജിക്കുക എന്നത് ഏത് മതേതരവാദിയുടെയും ഉത്തരവാദിത്തമാണ്.ഒരിക്കൽക്കൂടി,അഭിമന്യുവിനെ ഇസ്ലാമികതീവ്രവാദികൾ കൊന്നതാണ്.
Comments are closed.