കേരളം കോവിഡ് പ്രതിരോധിച്ചതെങ്ങനെ? മുഖ്യമന്ത്രി പറയുന്നു
പിണറായി വിജയന്, മുഖ്യമന്ത്രി
കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ടുള്ള ദിവസങ്ങളില്‍ ഇനി കാണാം എന്നു പറഞ്ഞുകൊണ്ടായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ അതത് ദിവസങ്ങളിലെ പ്രധാന സംഭവങ്ങളാണ് എടുത്തു പറഞ്ഞിരുന്നത്. നമ്മുടെ പ്രവര്‍ത്തനത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ഒരു പൊങ്ങച്ചം അവതരിപ്പിക്കാന്‍ വാര്‍ത്താസമ്മേളനം ഉപയോഗിച്ചിരുന്നില്ല.
ഇവിടെ ചില കാര്യങ്ങള്‍ നമ്മള് ഈ ഘട്ടത്തില്‍ ഓര്‍ത്തുപോകുന്നത് നന്നായിരിക്കും.
ജനുവരി 30ന് ആദ്യത്തെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തശേഷം നാം മുള്‍മുനയിലാണ് നിന്നത്. രാജ്യത്ത് ആദ്യത്തെ കോവിഡ്-19 ബാധ ഇവിടെയായിരുന്നു. ചൈനയിലെ വുഹാനില്‍നിന്നു വന്ന വിദ്യാര്‍ത്ഥി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തില്‍ കേരളം ആകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിക്കപ്പെട്ടു. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സംവിധാനങ്ങളും രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കാനുള്ള നിര്‍ദേശവും നല്കി. ഫെബ്രുവരി രണ്ടിന് ആലപ്പുഴയിലും മൂന്നിന് കാസര്‍കോട്ടും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂന്നുപേരെയും ചികിത്സിച്ച് ഭേദപ്പെടുത്താനും കൂടുതല്‍ ആളുകളിലേക്ക് പടരാതെ ശ്രദ്ധിക്കാനും നമുക്ക് കഴിഞ്ഞു.
ആദ്യഘട്ടത്തിലെ കോവിഡ് 19 പ്രതിരോധത്തിന്റെ വിജയമായിരുന്നു അത്. എന്നാല്‍, ഫെബ്രുവരി 19ന് സംസ്ഥാനത്ത് വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്തുനിന്നു വന്ന ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കാണ് രോഗമുണ്ടായത്. അതിനു മുമ്പുതന്നെ നാം സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. എന്നിട്ടും അഞ്ചുപേര്‍ക്ക് രോഗബാധ ഉണ്ടായത് രണ്ടാംഘട്ട വൈറസ് വ്യാപനത്തിന്റെ ഭീഷണിയാണ് നമുക്കുമുന്നില്‍ ഉയര്‍ത്തിയത്.
അതോടെ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി. സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും സഹയാത്രികരെയും കണ്ടെത്തി പരിശോധന നടത്തി. ശാസ്ത്രീയമായ റൂട്ട്മാപ്പ് തയ്യാറാക്കി. വിമാനത്താവളങ്ങളില്‍ പ്രാഥമിക പരിശോധന നിര്‍ബന്ധമാക്കി.
വായിക്കാന്‍ സന്ദര്‍ശിക്കുക: നിഷ്കളങ്കതയെ കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റേയും കാതല്‍
വിമാനം ഇറങ്ങുന്നവരെ വീടുകളിലേക്കോ ആശുപത്രികളിലേക്കാ നിരീക്ഷണത്തില്‍ കഴിയാന്‍ അയച്ചു.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ആള്‍ക്കൂട്ടങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും സാംസ്കാരിക രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.
വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ചു. പൊതുപരിപാടികള്‍ ആകെ റദ്ദുചെയ്യുകയും സിനിമാ തിയറ്ററുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആശാ വര്‍ക്കര്‍മാരും സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും സന്നദ്ധ സേവകരും സര്‍ക്കാര്‍ സംവിധാനങ്ങളാകെയും ഒറ്റക്കെട്ടായി രോഗപ്രതിരോധത്തിന് രംഗത്തിറങ്ങുകയാണുണ്ടായത്. ഒരു ഭേദചിന്തയുമില്ലാതെ സംവിധാനമാകെ ഒറ്റ ലക്ഷ്യത്തിനുവേണ്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന അനുഭവമാണുണ്ടായത്.
വ്യക്തിശുചികരണം, അണുമുക്തമാകാനുള്ള സാനിറ്റൈസറുകളുടെ ഉപയോഗം, ശാരീരിക അകലം പാലിക്കല്‍ തുടങ്ങിയവ കര്‍ക്കശമായി സംസ്ഥാനം നടപ്പാക്കി. ലോക്ക്ഡൗണ്‍ രാജ്യവ്യാപകമായി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കേരളത്തില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചു. മാസ്ക്കുകളുടെ ഉപയോഗം വ്യാപകമാക്കി. കുറഞ്ഞ ചെലവില്‍ സാനിറ്റൈസറും മാസ്ക്കും ഉല്പാദിപ്പിച്ച് ജനങ്ങളില്‍ എത്തിക്കാന്‍ തുടങ്ങി. വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ വര്‍ധിച്ച ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കി.
പെട്ടെന്ന് സ്തംഭിച്ചുപോയ നാടിനെയും ജനജീവിതത്തെയും തിരികെ പിടിക്കാന്‍ 20,000 കോടി രൂപയുടെ സ്പെഷ്യല്‍ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു. വിദേശങ്ങളില്‍നിന്ന് പ്രവാസികള്‍ തിരിച്ചെത്തുവാന്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയ്ക്കെതിരെ സംസ്ഥാന നിയമസഭ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.
പഴുതടച്ചുള്ള ഇടപെടലുകളാണ് നാം നടത്തിയത്. ഇന്ത്യയിലെ രോഗികളുടെ എണ്ണത്തില്‍ ഒന്നാമതായിരുന്നു ആദ്യഘട്ടത്തില്‍ നാം. ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും നമ്മുടേതാണ്. കേരളം കോവിഡിന്റെ നാട് എന്നു പറഞ്ഞാണ് അയല്‍സംസ്ഥാനം റോഡ് മണ്ണിട്ടു മൂടിയത്. ഫെബ്രുവരി ഒന്നിന് സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം 1471 ആയിരുന്നു. ആ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 36.
വായിക്കാന്‍ സന്ദര്‍ശിക്കുക: യുവതാരങ്ങളില്‍ കോവിഡ് സഹായം നല്‍കിയത് ഐശ്വര്യ ലക്ഷ്മി മാത്രം
മാര്‍ച്ച് 26 ആയപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 1,01,285. അത് ഏപ്രില്‍ നാലാകുമ്പോള്‍ 1,71,355 വരെയെത്തി. ഏപ്രില്‍ നാലിന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 174 പേരെയാണ്. അന്ന് ആശുപത്രിയില്‍ 734 പേര് ഉണ്ടായിരുന്നു. ആശുപത്രികളില്‍ കിടക്കുന്നവരുടെ എണ്ണം ഏപ്രില്‍ 11ന് 814 ആയി ഉയര്‍ന്നു. ആ ദിവസം ആശുപത്രിയില്‍ എത്തിയവര്‍ 126 ആണ്.
കൈവിട്ടുപോകുമെന്നു കരുതിയ അവസ്ഥ ഒരുഘട്ടത്തിലുണ്ടായി. ഒരു രോഗി ഒറ്റയടിക്ക് രോഗം പകര്ന്നുനല്കിയത് 23 പേര്‍ക്കാണ്. ആയാളില്‍ നിന്ന് പകര്ന്നവരിലൂടെ 12 പേര്‍ക്കും രോഗബാധയുണ്ടായി. അത് ഒരു ലക്ഷണമായെടുത്താല് ഒരുപക്ഷെ കേരളം ഭയാനകമായ അവസ്ഥയിലേക്ക് പോകുമായിരുന്നു. ഓരോ രോഗിയെയും കണ്ടെത്തുകയും അവര്‍ സഞ്ചരിച്ച വഴികളിലൂടെ ചെന്ന് പകരാന്‍ സാധ്യതയുള്ളവരെ തെരഞ്ഞുപിടിക്കുകയും ഐസൊലേഷനിലാക്കുകയും ചെയ്തു.
ഇപ്പോള്‍ നമുക്ക് ആശ്വസിക്കാനും അഭിമാനിക്കാനുമുള്ള വകയുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,71,355ല്‍നിന്ന് 46,323 ആയി കുറഞ്ഞിരിക്കുന്നു.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോക ശരാശരി 5.75 ശതമാനമാണ്. ഇന്ത്യയിലെ നില നോക്കിയാല്‍ അത് 2.83 ശതമാനം. കേരളത്തിലേത് 0.58 ശതമാനമാണ്.
ജനസംഖ്യാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 പരിശോധനാ സംവിധാനമുള്ളത് നമ്മുടെ സംസ്ഥാനത്താണ്. കോവിഡ് ടെസ്റ്റിങ് കിയോസ്ക് രാജ്യത്ത് ആദ്യം സ്ഥാപിച്ചത് ഇവിടെയാണ്. രാജ്യത്ത് പ്ലാസ്മാ തെറാപ്പി ആരംഭിക്കുന്നത് കേരളമാണ്. നമുക്കിപ്പോള്‍ 38 കോവിഡ് സ്പെഷ്യല്‍ ആശുപത്രികളുണ്ട്. കേരളമാണ് കോവിഡ് പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം.
സംസ്ഥാനത്ത് 1296 ഗവണ്മെന്റ് ആശുപത്രികളിലായി കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് 49,702 കിടക്കകള്‍ ഇപ്പോള്‍ സജ്ജമാക്കിയിട്ടുണ്ട്. ഐസിയുവില്‍ 1369 രോഗികളെ ചികിത്സിക്കാം. 800 വെന്റിലേറ്ററുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാണ്. ഇതിനുപുറമെ 866 സ്വകാര്യ ആശുപത്രികളിലായി 81,904 ബെഡ്ഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിലായി 6059 ഐസിയു ബെഡ്ഡുകളും 1578 വെന്റിലേറ്ററുകളും സജ്ജമാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇപ്പോള്‍ തന്നെ നാം തയ്യാറാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
1205-ലധികം കമ്യൂണിറ്റി കിച്ചണുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളില്‍നിന്ന് നിരീക്ഷണത്തിലുള്ളവര്‍ക്കും ആവശ്യക്കാര്‍ക്കും സൗജന്യമായും അല്ലാതെയും ഭക്ഷണം നല്കുന്നു. 331 കുടുംബശ്രീ ജനകീയ ഹോട്ടലുകളിലൂടെ 20 രൂപയ്ക്ക് നാം ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു. കേരളമൊഴികെ രാജ്യത്താകെ അതിഥി തൊഴിലാളികള്‍ക്കായി 22,567 ക്യാമ്പുകളുള്ളപ്പോള് കേരളത്തില്‍ മാത്രം 19,902 ക്യാമ്പുകളുണ്ട്. ഇവിടെ 3,52,515 അതിഥി തൊഴിലാളികള്‍ സുരക്ഷിതരായി താമസിക്കുന്നു. അഗതികള്‍, തെരുവില്‍ ഉറങ്ങുന്നവര്‍ എന്നിവര്‍ക്ക് നാം താമസവും ഭക്ഷണവും നല്കുന്നു. സര്‍ക്കാര്‍ 3685 പേരെയാണ് ഇങ്ങനെ പുനഃരധിവസിപ്പിച്ചത്.
കേരളം കോവിഡ് പ്രതിരോധത്തിനായി 300ലധികം ഡോക്ടര്‍മാരെയും 400ലേറെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും യുദ്ധകാലാടിസ്ഥാനത്തില്‍ നിയമിച്ചു. എപിഎല്‍/ബിപിഎല്‍ വ്യത്യാസമില്ലാതെ സൗജന്യ റേഷന്‍ കൊടുത്തു. സൗജന്യ കിറ്റുകള്‍ വിതരണം നടന്നുവരുന്നു. നമ്മുടെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന് വലിയ സ്വീകാര്യത നേടി. കാന്‍സര്‍ രോഗികള്‍ക്ക് മരുന്നും ചികിത്സയും മുടങ്ങാതിരിക്കാന്‍ ചികിത്സാ സൗകര്യം ജില്ലാതലത്തില്‍ കേരളം ഏര്‍പ്പെടുത്തി.
കേരളത്തിന്റെ ചികിത്സാ സംവിധാനങ്ങളുടെ മേډയും കരുത്തും ഇവിടെനിന്ന് കോവിഡ് രോഗം ഭേദപ്പെട്ട് തിരിച്ചുപോയ എട്ട് വിദേശികള്‍ മറയില്ലാതെ പറഞ്ഞിട്ടുണ്ട്. 93ഉം 88ഉം വയസ്സായ വൈറസ് ബാധിതരെ ചികിത്സിച്ച് ഭേദപ്പെടുത്തി പൂര്‍ണ ആരോഗ്യവാډാരായി തിരിച്ച് വീട്ടിലെത്തിക്കാന്‍ നമുക്ക് കഴിഞ്ഞു.
ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കും ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കും നമുക്ക് സാധ്യമായത് ഏതെങ്കിലും ഇന്ദ്രജാലം കൊണ്ടല്ല. നമ്മുടെയെല്ലാം കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ്. ഐക്യത്തിന്റെയും ഒരുമയുടെയും ഫലമാണ്. അതുകൊണ്ടാണ് ലോകവ്യാപകമായി കേരളം അഭിനന്ദിക്കപ്പെടുന്നത്. ലോകപ്രശസ്തരായ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും മുഖപ്രസംഗമെഴുതിയും ഫീച്ചറുകള്‍ എഴുതിയും കേരളത്തിന്റെ മാതൃകയെക്കുറിച്ച് പറയുന്നത് ഈ അനുഭവം കൊണ്ടാണ്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെ സംസ്ഥാനത്തിന് നല്കിയ പ്രശംസ സ്വന്തം ജീവന് പണയംവെച്ച് രോഗപ്രതിരോധ രംഗത്തുള്ള ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ളതാണ്. ഐസി യൂണിറ്റിലെ രാപ്പകല്‍ പരിചരിക്കുന്നവരും ഭക്ഷ്യവസ്തുക്കള്‍ ലോറിയില്‍ കയറ്റുന്നവരും ശുചീകരണ തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും മന്ത്രിയും മുഖ്യമന്ത്രിയും എല്ലാമടങ്ങുന്ന കേരളത്തിന്റെ സേനയാണ് ഈ യുദ്ധമുഖത്തുള്ളത്.
ഏതു പ്രതിസന്ധിയും മറികടക്കാന്‍ നമുക്ക് മറ്റൊന്നും തടസ്സമല്ല എന്നാണ് തെളിയിക്കപ്പെട്ടത്.
അതിന്റെ ഫലമാണ് ഇപ്പോള്‍ നമുക്ക് ശ്വാസംവിടാമല്ലോ എന്ന തോന്നലിലേക്ക് നമ്മളെ എത്തിച്ചത്. എന്നാല്‍, ഇത് ശ്വാസംവിടാനുള്ള സമയമല്ല എന്നതും ഇതോടൊപ്പം നാം തിരിച്ചറിയണം.
Comments are closed.