News in its shortest

സോളാറും സരിതയും പരിചയമുള്ളവര്‍ക്ക് സ്പ്രിങ്ക്‌ളര്‍ ഉഡായിപ്പെന്ന് തോന്നാം

രഞ്ജിത്ത് ആന്റണി

SaaS, സോഫ്റ്റ്‌‌വെയർ ലൈസൻസ്സിങ്, പിന്നെ സ്പ്രിങ്കളറുംവിവാദങ്ങൾ അടങ്ങുന്നില്ല. വിദഗ്ദ്ധർമ്മാർക്കും കുറവില്ല. ഈ സോളാറും സരിതയെയും ഒക്കെ പരിചയപ്പെട്ട മലയാളിക്ക്, ആദ്യമായി സ്പ്രിങ്ക്ളർ എന്ന് കേട്ടപ്പൊ എന്തൊ ഉഡായിപ്പ് കമ്പനി ആണെന്ന് തോന്നിയിരിക്കണം. സ്പ്രിങ്ക്ളർ മാവേലിക്കരക്കാരന്റെ ആണെന്നും കൂടെ കേട്ടപ്പൊ അങ്ങ് ഉറപ്പിച്ച മട്ടാണ്. ഇത് ഉഡായിപ്പ് തന്നെ.

കമ്പനിയെ കുറിച്ച് ഒരു രണ്ട് വാക്ക്.സ്പ്രിങ്ക്ളർ, ബില്യണ് ഡോളർ വാല്യുവേഷൻ നേടിയ ആദ്യ മലയാളി ഫൌണ്ടറുടെ സ്റ്റാർട്ടപ്. ഇന്ന് 2 ബില്യണിനു മുകളിൽ മാർക്കെറ്റ് വാല്യുവേഷനുണ്ട്. ഈ സംഖ്യകൾ പുറത്ത് നിൽക്കുന്ന ഒരാൾക്ക് വെറും അക്കങ്ങളാണ്. പക്ഷെ ഒരു കമ്പനിയുടെ ഗ്രോത്തിൽ ഈ 1 ബില്യണ് വാല്യുവേഷൻ കടന്ന കമ്പനി എന്നത് ഒരു വലിയ നേട്ടമാണ്. വെറും ഒരു സാധാരണ നേട്ടമല്ല. അസാധാരണവും, അഭിനന്ദനീയവുമായ നേട്ടമാണ്.വിഷയത്തിലേയ്ക്ക് വരാം.

എന്താണ് ഈ SaaS (Software As a Service). SaaS എന്താണെന്ന് അറിയുന്നതിന് മുൻപ്, ഓണ് പ്രെമിസ് എന്താണെന്ന് മനസ്സിലാവണം.ഇന്ന് നമുക്കെല്ലാം ഒരു ഈമെയിൽ ഐഡി എങ്കിലും ഉണ്ട്. ഫേസ്ബുക്കിൽ ഈ കുറിപ്പ് വായിക്കുന്നവർക്ക് ഉറപ്പായും കാണും. ഒരു ഈമെയിൽ ഐഡി ഉണ്ടാക്കുക എന്നത് പൂ പറിക്കുന്ന പോലെ സിമ്പിളാണ്. ബ്രൌസർ തുറക്കുന്നു, ജിമെയിലിൽ ചെല്ലുന്നു. ഈ-മെയിൽ ഐ.ഡി ക്രിയറ്റ് ചെയ്യുന്നു. തീർന്നു. ഒരു 10 മിനിറ്റിന്റെ പരിപാടി. ഒരു ഉപഭോക്താവിനെ സംബന്ധിച്ച് ഈമെയിൽ ഉണ്ടാക്കുക എന്നാൽ ഇത്രയേ ഉള്ളു. പക്ഷെ, ഇതിന്റെ പുറകിലെ സാങ്കേതികത കോമ്പ്ലെക്സ് ആണ്.

ഒരു സേർവ്വറുണ്ട് (ശരിക്കും ഒന്നല്ല, രണ്ട് സേർവ്വറുണ്ട്. ഈമെയിൽ വായിക്കാൻ ഒരു IMAP/POP സേർവ്വറും, അയക്കാൻ SMTP സേർവ്വറും). ആ സേർവ്വറെ ഹാക്കേഴ്സിൽ നിന്ന് സംരക്ഷിക്കാൻ ഒരു ഫയർവാൾ ഉണ്ട്. നൂറായിരം റിക്വസ്റ്റുകൾ ഒരേ സമയത്ത് ഹാൻഡിൽ ചെയ്യാൻ പ്രാപ്തമാക്കുന്ന ലോഡ് ബാലൻസ്സർ എന്നൊരു സംഗതി ഉണ്ട്. ഒരു സ്ഥാപനത്തിന് സ്വന്തമായി ഈമെയിൽ സംവിധാനം ഉണ്ടാക്കുകയാണെങ്കിൽ ഈ പറഞ്ഞ കിടുതാപ്പുകൾ എല്ലാം വാങ്ങി, ഒരു ഏ.സി മുറിയിൽ വയറും വള്ളിയും വലിച്ച് സെറ്റപ് ചെയ്ത്, വലിയ ബാൻഡ്വിഡ്ത് ഉള്ള ഒരു ഇന്റർനെറ്റ് കണക്ഷനും എടുത്ത് ക്രമീകരിക്കണ്ടി വരും.

ഇവയൊക്കെ നോക്കി നടത്താൻ മൂന്നൊ നാലൊ എമ്പ്ലോയീസും.ഈമെയിൽ അയക്കാനുള്ള ഈ മിനിമം സെറ്റപ് 100 പേർക്കുള്ള കമ്പനിക്ക് വേണ്ടി ഉണ്ടാക്കാൻ മിനിമം 10 ലക്ഷം രൂപ വേണം. നല്ലൊരു സേർവ്വറിന് തന്നെ 2-3 ലക്ഷം രൂപ വിലയുണ്ട്.

ഇത് കൂടാതെ ബാൻഡ്വിഡ്ത്തിന് മാസവരിയും കറണ്ട് ചാർജ്ജും ഇത് മെയിന്റെയിൻ ചെയ്യാൻ സഹായിക്കുന്ന ജീവനക്കാർക്കുള്ള ശമ്പളവും എല്ലാം ചേർത്ത് വർഷം മിനിമം ഒരു 50-60 ലക്ഷം രൂപ ചിലവാകും. ഒന്നാലോചിക്കണം, കറണ്ട് കട്ട്, ജനറേറ്റർ കോസ്റ്റ്, കെട്ടിട വാടക എല്ലാം നമ്മൾ ഇക്കൂടെ ചേർക്കണം. ഇത് കൂസ്ടാതെ വർഷാവർഷം പുതിയ സേർവ്വറുകൾ, അതിന്റെ അനുസാരികൾ, സ്റ്റോറേജിന് വേണ്ട ഹാർഡ് ഡിസ്കുകൾ, ഡാറ്റയുടെ ബാക്കപ്പിന് ആവശ്യമായി സാങ്കേതിക സൌകര്യങ്ങൾ എല്ലാം ചേർത്താലും 50-60 ലക്ഷത്തിൽ നിന്നാൽ ഭാഗ്യം എന്ന് കരുതിയാൽ മതി.

കൂടാതെ കമ്പനിയിൽ ആളു കൂടുന്നതനുസരിച്ച് സേർവ്വറുകൾ അപ്ഗ്രേഡ് ചെയ്യണം. ചിലപ്പോൾ 10 പേർ പുതുതായി കമ്പനിയിൽ ചേർന്നെങ്കിൽ അവർക്ക് വേണ്ടി 100 പേർക്കുള്ള സേർവ്വർ തന്നെ വാങ്ങണ്ടിയും വരും. 90 പേർക്കുള്ള സൌകര്യം ഉപയോഗിക്കുന്നു പോലുമില്ല. (അതെവിടെയാ 100 പേർക്കും, 200 പേർക്കുമുള്ള സേർവ്വറെന്ന് ചോദിച്ച് ആരും വരരുത്. CPU വും, കോറും, മെമ്മറിയെ കുറിച്ചൊന്നും ക്ലാസെടുക്കാൻ വയ്യ.)ഇനി ഈ ബുദ്ധിമുട്ടുകളൊക്കെ ഒഴുവാക്കാം.

ഗൂഗിൾ തന്നെ ജിമെയിലിന്റെ എണ്ട്രപ്രൈസ് പതിപ്പ് നൽകുന്നുണ്ട്. ജി. സ്യുട്ട് എന്നാണ് പേരു. ആളൊന്നുക്ക് $25 മാസം നൽകണം. 100 പേരുള്ള സ്ഥാപനത്തിന് മാസം $2500 ആകും. 2 ലക്ഷം എന്ന് കൂട്ടുക. എന്നാലും വർഷം 24 ലക്ഷം രൂപയെ നമുക്ക് ഒരു ഈമെയിൽ സെറ്റപ്പിന് ആകുന്നുള്ളു. കറണ്ട് ബില്ലടക്കണ്ട, കറണ്ട് കട്ടിനെ പേടിക്കണ്ട, വലിയ ബാൻഡ്വിഡ്ത് ഉള്ള ഇന്റർനെറ്റ് കണക്ഷൻ വേണ്ട. മാസം $2500 അക്കൌണ്ടിൽ നിന്ന് അവരെടുത്തോണ്ട് പൊയക്കോളും. നമ്മളൊന്നും അറിയണ്ട.

ഇവിടെ സ്വന്തമായി ഡാറ്റ സെന്റർ സ്ഥാപിച്ച് ഈമെയിൽ സെറ്റപ് ചെയ്യുന്നതാണ് ഓണ് പ്രെമിസ്. ജി.സ്യൂട്ടിന്റെ സർവ്വീസ് SaaS ഉം.Software As a Service എന്ന പദത്തിന്റെ വിശാലമായ അർത്ഥം മനസ്സിലാക്കാനാണ് ഇത്രയും പരത്തി എഴുതണ്ടി വന്നത്. ഇവിടെ “Service” എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്, ഉപയോഗിക്കുന്ന Software മാത്രമല്ല. സേർവ്വറും, കറണ്ടും, കെട്ടിടവാടകയും, ജനറേറ്ററിനു പെട്രോളടിക്കാനുള്ള ചിലവും, ജീവനക്കാരുടെ ശമ്പളവും, അവരുടെ ചായ/സ്നാക് ചിലവുകളും, ജീവനക്കാരുടെ വണ്ടി പാർക്ക് ചെയ്യണ്ട സ്ഥല ലഭ്യതയുടെ മൂല്യവുമൊക്കെ ആ Service എന്ന പദത്തിൽ അന്തർലീനിയമാണ്. അതായത് SaaS ദാതാവ് വെറുമൊരു സോഫ്റ്റ്‌‌വെയർ അല്ല നൽകുന്നത്.

അത് നടത്താനുള്ള ചിലവുകളും അതിന്റെ റെസ്പോണ്സിലിറ്റിയും എല്ലാം ഒറ്റ അടിക്ക് ഏറ്റെടുക്കുകയാണ്. ഇങ്ങനെ SaaS ദാതാവ് ഈ റിസ്ക് ഏറ്റെടുക്കുന്നത് കൊണ്ട്, അവരുടെ ലൈസൻസ്സിങ് ടേമുകൾ മിക്കവാറും ഏകപക്ഷീയമാണ്. അതൊരു ഇൻഡസ്ട്രി സ്റ്റാൻഡാർഡ് ആയി തന്നെ അംഗീകരിച്ചിട്ടുണ്ട്. ഒരു കൊടുക്കൽ വാങ്ങൽ ട്രാൻസാക്ഷനിൽ ഏറ്റവും റിസ്ക് എടുക്കുന്നവരെ സംരക്ഷിക്കാനാണ് എഗ്രിമെന്റ് നിയമങ്ങൾ. സ്ഥലം വിൽക്കുന്നവനല്ല റിസ്ക്, അത് വാങ്ങുന്നവനാണ്. കാറു വിൽക്കുന്നവനെക്കാൾ റിസ്ക് കാറു വങ്ങുന്നവനാണ്. അതിനാൽ തന്നെ നിയമപരമായി തന്നെ റിസ്കുകൾ കൂടുതലുള്ളവർക്ക് അനുകൂലമാണ് എഗ്രിമെന്റുകൾ. അങ്ങനെ തന്നെ ആണ് വേണ്ടതും.

SaaS സേവനദാതാക്കൾ നേരിടുന്ന പ്രശ്നം അവർക്ക് ഒരു കസ്റ്റമറുടെ താത്പര്യങ്ങൾ മാത്രം സംരക്ഷിച്ചാൽ പോരാ. അവരുടെ മറ്റ് ഉപഭോക്താക്കളുടേതും കൂടെ സംരക്ഷിക്കണ്ട ബാദ്ധ്യതയുണ്ട്. അതിനാൽ ഒരു കസ്റ്റമർക്ക് തങ്ങളുടെ സേർവ്വറിലേയ്ക്കൊ, ഡാറ്റ സെന്ററിലേയ്ക്കൊ നേരിട്ട് ആക്സസ്സ് നൽകുന്നത് നിരോധിക്കും. ഇവരുടെ അടിസ്ഥാന ബിസ്സിനസ്സിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന കാര്യമാണത്. ഒരു കസ്റ്റമർക്ക് ആക്സസ്സ് നൽകിയാൽ മറ്റ് കസ്റ്റമേഴ്സിന്റെ വിശ്വാസമാണ് നഷ്ടപ്പെടുക. കട പൂട്ടും. ഇത് ഉറപ്പു വരുത്തുന്നതിന് എഗ്രിമെന്റിൽ Data protection എന്നൊരു ക്ലോസ് തനെന ഉണ്ട്.

ഇക്കാരണം കൊണ്ട് തന്നെ കസ്റ്റമറുടെ ഡാറ്റ സംരക്ഷിക്കാനുള്ള ബാദ്ധ്യത കസ്റ്റമറേക്കാൾ ഉപരി സേവനദാതാവിനാണ്. (San Francisco യിൽ ഷൂട്ടിങ് നടത്തിയ ദമ്പദികളുടെ iCloud അണ്ലോക് ചെയ്യാൻ എഫ്.ബി.ഐ ആപ്പിളിനെ സമീപിച്ചതും, ആപ്പിൾ നിരാകരിച്ചതും ഇവിടെ കൂട്ടി വായിക്കാം.)Data protection ഉം പ്രൈവസി ക്ലോസും ഉറപ്പാക്കുന്ന മറ്റൊരു സംഗതി ഡാറ്റ അതാത് രാജ്യങ്ങളുടെ ജ്യുറിസ്ഡിക്ഷനിലായിരിക്കും സ്റ്റോർ ചെയ്യുക എന്നതാണ്. ഇത് പ്രത്യേകമായി എടുത്ത് പറയണമെന്നില്ല.

യൂറോപ്പിൽ സോഫ്റ്റ്‌‌വെയർ വിൽക്കണമെങ്കിൽ GDPR ലൈസൻസ്സുകൾ വേണമെന്നും, സ്വിറ്റ്സർലണ്ടിൽ അവരുടെ ഡാറ്റ പ്രൈവസി നിയമങ്ങളുണ്ടെന്നും, ഇൻഡ്യയിൽ ഡാറ്റ പ്രൊട്ടക്ഷൻ ഗൈഡ് ലൈൻസ് അനുസരിക്കണം എന്നും വിൽക്കുന്നവർക്ക് അറിയണം. മുകളിൽ വിവരിച്ച ഉദാഹരണം ഇമെയിലിന്റെ ആണ്. 50 കൊല്ലം പഴക്കമുള്ള ഒരു ടെക്നോളജി. എന്നാൽ Sprinklr ന്റേത് ഒരു സ്പെഷിലൈസഡ് ആപ്ലിക്കേഷനാണ്.

ഡാറ്റ അനലറ്റിക്സിൽ വൈദഗ്ദ്ധ്യവും, ഇത്രയധികം ഡാറ്റ പ്രോസ്സസ്സ് ചെയ്യാൻ കപ്പാസിറ്റിയുള്ള GPU ഒക്കെ ഉള്ള സേർവ്വറുകൾ ആവശ്യമുള്ള സേർവ്വറും അനുബന്ധ സംവിധാനങ്ങളും വേണം. അവരുടെ സേവനത്തിന്റെ അടിസ്ഥാനം തന്നെ ഡാറ്റയുടെ പവിത്രതയാണ്. ഡാറ്റ വിൽക്കുന്നത് സ്പ്രിങ്കളറിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്.

മാർച്ച് 24 തൊട്ട് ഇന്ന് വരെ 2 ലക്ഷം ഡാറ്റ ആണ് സ്പ്രിങ്കളറുടെ സേർവ്വറിൽ എത്തിയിരിക്കുന്നത്. ബിഗ് ഡാറ്റയുടെ ഒരു പെർസ്പെക്ടീവിൽ നോക്കുമ്പോൾ വളരെ ചെറിയ ഒരു നമ്പറാണ് ഈ രണ്ട് ലക്ഷം, 16000 കോടി മൂല്യമുള്ള ഒരു കമ്പനി, അവരുടെ കമ്പനി വാല്യുവിന്റെ ഏകദേശം പകുതി വിലയായ 6,000 കോടി കൊടുത്ത് ഈ 2 ലക്ഷം ഡാറ്റ വാങ്ങി വിറ്റു എന്നൊക്കെ പറയുമ്പോൾ വിശ്വസിക്കാൻ തലയ്ക്ക് ഓളം വേണം.

Visit www.ekalawya.com | www.shenews.co.in | www.mocifi.com

Comments are closed.