അന്ന് വീരുവിന്റെ ദിവസമായിരുന്നു, മറ്റുള്ളവര് കാഴ്ച്ചക്കാരും
റിയാസ് മുഹമ്മദ്
ഓർമ്മ പുതുക്കൽ. ചില കളിക്കാർക്ക് വേണ്ടി കാലം കാത്തു വെക്കുന്ന നിമിഷങ്ങളുണ്ട്. 2011 ലോകകപ്പിൽ ആയാൾ ഇന്ത്യയുടെ ഓപ്പണർ ആയിരുന്നു. ആദ്യ പന്തിൽ തന്നെ ബൗളറെ ബൗണ്ടറി കടത്തി എതിർ ടീമിന്റെ ആത്മ വിശ്വാസം തല്ലിക്കെടുത്തുന്ന ഓപ്പണർ. അയാൾക്ക് അത് പുതുമ അല്ല, കാരണം ഒരു പതിറ്റാണ്ട് കാലം അയാൾ വെടിപ്പായി ചെയ്തിരുന്ന ജോലിയാണത്. 2011 ലോകകപ്പിന് ശേഷം അയാളുടെ ഫോം മങ്ങിത്തുടങ്ങി.
യുവ രക്തം കയറ്റി പുതിയ ടീമിനെ കെട്ടിപ്പടുക്കാൻ ലോകകപ്പ് ടീമിനെ നയിച്ച ധോനി കരുക്കൾ നീക്കി. അതിൽ തെറ്റൊന്നും പറയാൻ കഴിയില്ല , സെവാഗിനും ഗംഭീറിനും ഒക്കെ പ്രായം ആയി തുടങ്ങിയെന്നും അവർ അടുത്ത ലോകകപ്പ് കളിക്കുന്ന കാര്യം സംശയം ആണെന്നും ആ ക്യാപ്റ്റൻ കരുതി. ടീമിൽ നിന്ന് പുറത്ത് കളയാൻ മാത്രം അവർ മോശമായി കളിച്ചോ എന്ന് ആലോചിച്ചാൽ വ്യക്തമായി ഉത്തരം കിട്ടില്ല, പക്ഷെ അവരുടെ പ്രായവും ഫിറ്റ്നസും കൂടി ധോനി കണക്കിലെടുത്തു എന്നത് ഉറപ്പാണ്. ഈ തീരുമാനത്തിൽ ക്യാപ്റ്റന് പിഴവ് പറ്റിയോ എന്ന് പറയാനും കഴിയില്ല.
ഇന്ത്യക്ക് പുതിയ ഒരു ഓപണിങ് കൂട്ടുകെട്ട് ഉണ്ടായി, അതിൽ ഒരു വലംകയ്യൻ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻമാരുടേ പട്ടികയിൽ ഇടം നേടി, ഒരു ചാംപ്യൻസ് ട്രോഫി നേടി. 2015 ലോകകപ്പിൽ സെമിയിൽ പുറത്തായി എങ്കിലും കുറ്റം പറയാവുന്ന പ്രകടനം ഇല്ല. 20 20 ലോകകപ്പിൽ പല കുറി കാലിടറിയത് ഒരു പക്ഷെ ക്ഷീണം ആയിരിക്കാം. ടെസ്റ്റിൽ വിദേശത്ത് അമ്പെ പരാജയപ്പെട്ടത് എന്തായാലും വല്യ വീഴ്ച തന്നെ. തീർത്തു പറയാൻ കഴിയില്ല, അവരെ ഒഴിവാക്കിയത് ശരിയോ തെറ്റോ എന്ന്. ടീം മുന്നോട്ട് കൊണ്ട് പോകാൻ തന്റെ കാഴ്ചപ്പാട് അനുസരിച്ച് ക്യാപ്റ്റൻ മുന്നോട്ട് പോയി എന്ന് മാത്രം പറയാം, അതാണല്ലോ ക്യാപ്റ്റന്റെ ജോലി.
വർഷാവർഷം നടക്കുന്ന ഐപിഎൽ മാത്രമായി സെവാഗിന് കിട്ടുന്ന വലിയ വേദി. വീരുവിന്റെ ബാറ്റിംഗ് കാണാൻ ധൃതി പിടിച്ച് ഇന്ത്യയുടെ ബാറ്റിംഗ് തുടങ്ങുന്ന സമയം ആവുമ്പോഴേക്കും ടെലിവിഷന്റെ മുൻപിൽ ഇരുന്ന തലമുറക്ക് 2 മാസക്കാലത്തെ 14 മത്സരങ്ങൾ ആയി ചുരുങ്ങി, അയാളെ കാണാൻ ഉള്ള അവസരം.
ഓരോ ബൗണ്ടറി അയാളുടെ ബാറ്റിൽ നിന്ന് വരുമ്പോഴും അവർ ആഗ്രഹിച്ചു ഇന്നാണ് ആ വലിയ ഇന്നിംഗ്സി ന്റേ വരവ് എന്ന്. പക്ഷെ അയാൾക്ക് അതിന് കഴിയാതെ പോയി മിക്കപ്പോഴും. അങ്ങനെ ഇരിക്കുമ്പോഴാണ് 2014 ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളുടെ വരവ്. ചെന്നൈ പഞ്ചാബ് മത്സരം. ആദ്യം ബാറ്റ് ചെയ്യുന്നത് പഞ്ചാബ്. സേവാഗ് രണ്ടു നല്ല ബൗണ്ടറി അടിക്കുന്നത് കാണാം, പിന്നെ മാക്സ് വെല്ലും മില്ലറും ഒക്കെ അടിച്ചോളും എന്ന് കരുതിയാണ് എല്ലാരും ഇരിക്കുന്നത്. അയാളുടെ സ്ഥിരം ബൗണ്ടറി കൾ ഒഴുകി തുടങ്ങി.
ധോനി എന്ന കുറുക്കനായ ക്യാപ്ടൻ പഴയ സഹകളിക്കാരനെ കുടുക്കാൻ എന്തെങ്കിലും തന്ത്രം മെനയും, ഉറപ്പ്! നെഹ്രക്ക് നല്ല തല്ല് കിട്ടി, ഈശ്വർ പണ്ടെയ്ക്കും. പക്ഷെ അശ്വിൻ വന്നാൽ കളി മാറും, ബുദ്ധിമാനായ സ്പിന്നർ ആണയാൾ. ഇങ്ങനേ പല ചിന്തകളും കടന്നു പോയി, ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ.പക്ഷെ അന്ന് ആ മനുഷ്യൻ വന്നത് ചിലത് തീരുമാനിച്ച് തന്നെയാണ്. അച്ഛൻ റൺസ് എടുക്കാത്തത് കാരണം കൂട്ടുകാരുടെ പരിഹാസത്തിന് ഇരയായ അയാളുടെ മകന്റെ മുഖം ഒന്ന് മാത്രം മതിയായിരുന്നു അയാൾക്ക് നിറഞ്ഞാടാൻ.
ഒപ്പം ഡൽഹി കൈവിട്ട തന്നെ ഒരു കൈ നീട്ടി സ്വീകരിച്ച പഞ്ചാബിന്റെ സ്വപ്നങ്ങളും. അശ്വിന്റെ ആദ്യ ഓവറിൽ തന്നെ സിക്സർ വീണു. പിന്നെ വന്നവർക്കും പോയവർക്കും ഒക്കെ പൊതിരെ തല്ല്. ധോനി എന്ന ക്യാപ്ടൻ ഒരു വേള ചിന്തിച്ച് കാണും, ഇനി ഒന്നും ചെയ്തിട്ട് കാര്യമില്ല… അയാള് വീഴുന്ന വരെ കാക്കണം.122 റൺസ് ആണ് 200 – ന് മുകളിൽ പ്രഹരശേഷിയിൽ അയാള് അടിച്ച് കയറ്റിയത്.
225 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യത്തിനു മുൻപിൽ അയാളുടെ പഴയ ഇന്ത്യൻ ക്യാപ്റ്റനും അയാളുടെ പ്രൗഢി ഏറിയ ടീമും വീണു. ഫൈനൽ കാണാതെ പുറത്ത്.കളി കഴിഞ്ഞു രവി ശാസ്ത്രി നടത്തിയ അഭിമുഖത്തിൽ കള്ള ചിരിയോടെ ധോനി പറഞ്ഞു : ” വീരു പാ ഇങ്ങനെ നിന്ന് അടിക്കുമ്പോൾ നമുക്കറിയാം, അധികമായി ഒന്നും ചെയ്യാൻ ഇല്ലെന്ന്” അയാളത് പറഞ്ഞപ്പോ തെല്ലും കുറ്റബോധം ഇല്ലായിരുന്നു, കാരണം ടീമിന്റെ വളർച്ചക്ക് വേണ്ടി തനിക്ക് ശരി എന്ന് തോന്നിയ തീരുമാനം ആണ് വീരുവിൻെറ കാര്യത്തിൽ ആ ലോകോത്തര ക്യാപ്ടൻ എടുത്തത്.
അന്ന് അയാളുടെ ദിവസം ആയിരുന്നു. ക്രിക്കറ്റിൽ അയാളുടെ ദിവസം ആണെങ്കിൽ പിന്നെ ബാക്കി എല്ലാവരും കാഴ്ചക്കാർ മാത്രം.മനോഹരമായ ഇന്നിംഗ്സി ന്റെ ഇടയിൽ ഹർഷ ഭോഗ്ലെ നടത്തിയ പരാമർശം രേഖപ്പെടുത്തി എഴുത്ത് അവസാനിപ്പിക്കുന്നു – ” നിങ്ങളിപ്പോൾ ഇൗ ഇന്നിംഗ്സ് കാണുന്നില്ലെങ്കിൽ ഉറപ്പായും നിങ്ങൾക്ക് ക്രിക്കറ്റ് ഇഷ്ടമല്ല “
Comments are closed.