വാക്സിൻ കണ്ടുപിടിക്കുന്നത് വരെ കൊറോണ പേടിസ്വപ്നമായി ഉണ്ടാകും
മുരളി തുമ്മാരുകുടി
കൊറോണയുടെ രണ്ടാം വരവിനേയും കേരളം പിടിച്ചു കെട്ടി കുപ്പിയിലാക്കിയതായിട്ടാണ് കാണുന്നത്. നാളെമുതൽ ചില ജില്ലകളിൽ ജനജീവിതം പതുക്കെ സാധാരണഗതിയിലാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയാണല്ലോ. ഏറ്റവും സന്തോഷമുള്ള കാര്യമാണ്.
പതിനായിരങ്ങളുടെ പോലും ജീവനെടുത്തേക്കമായിരുന്ന ഒരു സാഹചര്യത്തിൽ നിന്നാണ് നമ്മൾ രക്ഷപെട്ടു പോന്നത്, എത്ര കൃത്യതയോടെയാണ് നമ്മുടെ ആരോഗ്യ സംവിധാനവും നേതൃത്വവും ഈ കാര്യത്തെ കൈകാര്യം ചെയ്തത്, ഈ കാര്യങ്ങൾ ഒന്നും ഒരു പക്ഷെ നമ്മൾ ഒരു കാലത്തും അറിഞ്ഞില്ല എന്ന് വരും.
ദുരന്ത ലഘൂകരണത്തിന്റെ രീതി തന്നെ അങ്ങനെയാണ്. രാത്രി പന്ത്രണ്ട് മണിക്ക് ഒരു റോഡപകടം ഉണ്ടായാൽ അവിടെ ഓടിയെത്തി അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നവരെ എല്ലാവരും ഓർക്കും, അഭിനന്ദിക്കും, പക്ഷെ രാത്രി പത്തിന് ശേഷം യാത്ര വേണ്ട എന്നൊരാൾ പറയുകയും ആളുകൾ യാത്ര ചെയ്യാതിരിക്കുകയും ചെയ്താൽ അപകടമുണ്ടാവില്ല.അപ്പോൾ ആരുടെ ജീവനാണ് രക്ഷപ്പെട്ടതെന്ന് ആരും മനസ്സിലാക്കില്ല, ആരുടെയെങ്കിലും ജീവൻ രക്ഷപ്പെട്ടോ എന്ന് ഉപദേശിച്ച ആൾ അറിയുകയുമില്ലല്ലോ. നന്ദിയില്ല, അഭിനന്ദനമില്ല, അംഗീകാരമില്ല.
പക്ഷെ ഈ ദുരന്തത്തിന്റെ കാര്യത്തിൽ എന്താണ് കേരളം നേടിയെടുത്തതെന്ന് ലോകം ശ്രദ്ധിച്ചിട്ടുണ്ട്. മറ്റുള്ള സ്ഥലങ്ങളിൽ ഇനി എന്ത് സംഭവിക്കും എന്നതനുസരിച്ച് ഈ നേട്ടത്തിന്റെ വ്യാപ്തി ഒരു പക്ഷെ നമ്മൾ തിരിച്ചറിയാനും മതി. പക്ഷെ ജീവൻ രക്ഷ പെടുന്നതാണ് ദുരന്ത ലഘൂകരണ രംഗത്ത് ഉള്ളവർക്ക് പ്രധാനം, രക്ഷപ്പെടുന്നവർ അത് തിരിച്ചറിയുന്നതോ നന്ദി പറയുന്നതോ ഒന്നുമല്ല.
കോവിഡ് കാലത്ത് ദി പ്ലാറ്റ്ഫോം എന്ന സിനിമ നല്കുന്ന പാഠം
കൊറോണപ്പേടി കുറഞ്ഞു വരുന്ന കാലത്തു കുറച്ചു കാര്യങ്ങൾ കൂടി പറയാം.
1. വാക്സിൻ കണ്ടുപിടിക്കുന്നത് വരെ ഈ കൊറോണ മനുഷ്യരുടെ കൂടെ ഒരു പേടിസ്വപ്നമായി ഉണ്ടാകും. അതെത്ര കാലം എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല, പന്ത്രണ്ട് മുതൽ പതിനെട്ട് മാസം വരെ എന്നാണ് ഒരു അനുമാനം. അതുകൊണ്ട് “മലയാളി സൂപ്പർ” എന്നുള്ള നെഞ്ചത്തടി ഒന്നും ഓവര് ആക്കണ്ട.
2. ഈ കാലത്തിനിടക്ക് വീണ്ടും വീണ്ടും കൊറോണ തിരമാലകളായി ലോക രാജ്യങ്ങളിൽ എത്തും. കേരളത്തിലും വീണ്ടും കൊറോണ എത്തും, അന്നും ഇതുപോലെ തന്നെ ശക്തമായ നടപടികളിലൂടെ മാത്രമേ അതിനെ പിടിച്ചു കെട്ടാൻ പറ്റൂ. അതുകൊണ്ടു തന്നെ വരുന്ന മാസങ്ങളിൽ ജീവിതം വീണ്ടും വീണ്ടും സ്തംഭിപ്പിക്കപ്പെടാനും. അതിൽ ഏതൊരു തിരമാല വേണമെങ്കിലും സുനാമിയായി രൂപം പ്രാപിച്ച് നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കപ്പുറത്തേക്ക് രോഗികളുടെ എണ്ണം കൂട്ടാം, മരണങ്ങൾ ആയിരത്തിൽ എത്തിക്കാം. അതുകൊണ്ട് കൊറോണക്കാലം കഴിഞ്ഞു എന്നോ, കൊറോണ എന്നാൽ നിസ്സാരമാണെന്നോ ഉള്ള വിചാരം വേണ്ട.
3. കൊറോണക്ക് ശേഷമുള്ള ലോകം കൊറോണക്ക് മുൻപുള്ള ലോകം പോലെ ആയിരിക്കില്ല. അതുകൊണ്ട് ഇതിൽ നിന്നും പാഠം ഒന്നും പഠിക്കാതെ കൊറോണക്ക് മുൻപുണ്ടായിരുന്ന പോലെ “സാധാരണ ജീവിതത്തിലേക്ക്” പോകാം എന്നുള്ള ചിന്ത വേണ്ട. വ്യക്തിപരമായും സമൂഹമായും നാം ഏറെ മാറണം. അതിൽ ബഹുഭൂരിപക്ഷം മാറ്റങ്ങളും സമൂഹത്തിന് ഗുണകരമായത് തന്നെയാണ് (ടെലിമെഡിസിൻ മുതൽ ഓൺലൈൻ ലേർണിംഗ് വരെ, വർക്ക് ഫ്രം ഹോം മുതൽ ഹാൻഡ് വാഷിംഗ് വരെ). നല്ല പാഠങ്ങൾ പഠിച്ചും , മോശമായ കാര്യങ്ങൾ ഒഴിവാക്കിയും കൂടുതൽ നല്ല ഒരു സമൂഹം നമുക്ക് ഉണ്ടാക്കിയെടുക്കാം, എടുക്കണം. ഇക്കാര്യത്തിൽ സർക്കാരിനും ഏറെക്കാര്യങ്ങൾ ചെയ്യാനുണ്ട്, അതിനുള്ള നിർദ്ദേശങ്ങൾ പ്രത്യേകം തയ്യാറാക്കുന്നുണ്ട്.
4. കൊറോണക്ക് മരുന്ന് കണ്ടുപിടിക്കുന്നതിന് മുൻപ് കൊറോണ വീണ്ടും വീണ്ടും സമൂഹത്തിലൂടെ കടന്നുപോകും എന്ന് പറഞ്ഞല്ലോ. അതിൽ ഏതെങ്കിലും ഒക്കെ വരവിൽ ഇത് നമുക്കും കിട്ടാനുള്ള സാധ്യത ഉണ്ടെന്ന് മനസ്സിൽ തീർച്ചയായും കരുതുക. കൊറോണ ഏതു പ്രായക്കാരേയും ബാധിക്കുമെങ്കിലും പ്രായമായവർക്കും മറ്റു ജീവിത ശൈലീ രോഗങ്ങൾ ഉളളവർക്കും ആണ് അസുഖം മൂർച്ഛിക്കാനും മരിച്ചുപോകാനും ഉള്ള സാധ്യത കൂടുതൽ എന്നാണ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തെളിവുകൾ പറയുന്നത്.
യുവ സിനിമാ താരങ്ങളില് കോവിഡ് ധനസഹായം നല്കിയത് ഐശ്വര്യലക്ഷ്മി മാത്രം
5. ഇതിൽ പ്രായം ഒരാൾക്കുണ്ടെങ്കിൽ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പക്ഷെ ഏതു പ്രായത്തിലാണെങ്കിലും അമിതമായി തടി ഉള്ളവരെയാണ് രോഗം കൂടുഹൽ ബാധിച്ചതെന്ന് പഠനങ്ങൾ ഉണ്ട്. ഐ സി യു വിൽ എത്തിയ എൺപത് ശതമാനത്തിലും കൂടുതൽ ആളുകൾ അമിതമായി തടി ഉള്ളവരായിരുന്നു എന്ന് റിപ്പോർട്ട് ഉണ്ട്. അപ്പോൾ കൊറോണയുടെ അടുത്ത വരവ് വരുന്നതിന് മുൻപ് ചെയ്യാവുന്ന ഒരു കാര്യം ഉണ്ട്. തടി കുറക്കാൻ ശ്രമിക്കുക, ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ, വ്യായാമം ചെയ്യുന്നതിലൂടെ ഒക്കെ. കൊറോണ നമ്മുടെ അടുത്തെത്തുമ്പോൾ നമ്മളെ രക്ഷിക്കാൻ ആരോഗ്യ പ്രവർത്തകരെ നാം സഹായിക്കണം. ഏതൊരു പ്രായത്തിലാണെങ്കിലും കൂടുതൽ ആരോഗ്യമായിരിക്കുക, അമിത വണ്ണം കുറക്കുക, ജീവിത ശൈലീ രോഗങ്ങൾ പരമാവധി ജീവിത ശൈലി മാറ്റിത്തന്നെ നിയന്ത്രണത്തിലാക്കുക ഇതൊക്കെ കൊറോണ പ്രതിരോധത്തിന് മാത്രമല്ല പൊതുവെ ജീവിതത്തിന്റെ ഗുണനിലവാരം ഉയർത്താനും സഹായിക്കും.
6. കൊറോണപ്പേടിയിലൂടെ കടന്ന് പോയത് ജീവിതത്തിൽ എന്താണ് പ്രധാനം എന്ന് നമുക്ക് സ്വയം മനസ്സിലാക്കാനുള്ള അവസരം കൂടിയാണ്. എന്തിനാണ് പണം സമ്പാദിക്കുന്നത്, എങ്ങനെയാണ് പണം സമ്പാദിച്ച് വച്ചിരിക്കേണ്ടത്, എന്തിനൊക്കെയാണ് പണം ചിലവാക്കേണ്ടത് ഈ കാര്യത്തിൽ ഒക്കെ നമ്മൾ പുനർ വിചിന്തനം നടത്തണം. സുരക്ഷിതമായ യാത്രകൾ സാധ്യമാകുന്ന മുറക്ക് യാത്ര ചെയ്യുന്നത് ശീലമാക്കണം. രണ്ടാമത്തെ വില്ലയും മൂന്നാമത്തെ ഫ്ലാറ്റും, നാലാമത്തെ പ്ലോട്ടും ഒക്കെ എത്രയോ വിലയില്ലാത്തതും ആവശ്യമുള്ള കാലത്ത് ഉപകരിക്കാത്തതും ആണ്.
7. മനുഷ്യന്റെ ജീവിതത്തിൽ “സ്റ്റെബിലിറ്റി” എന്നത് എത്രയോ നൈമിഷികമാണ് എന്നറിയാനുള്ള അവസരം കൂടിയാണ്. കാര്യങ്ങൾ ഒക്കെ നന്നായി പോകുന്നു എന്ന സ്ഥിതിയിൽ നിന്നും കാര്യങ്ങൾ ഒക്കെ കുഴപ്പത്തിലേക്കാകൻ ഒരു ആഴ്ച പോലും വേണ്ട. ഇനി ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു “ഗൂഗ്ലി” വന്നാലും അതിനെ എങ്ങനെയാണ് തരണം ചെയ്യുന്നത് എന്നും ചിന്തിക്കണം.
8. നമ്മുടെ ജീവിതം തന്നെ പ്രവചിക്കാൻ വയ്യാത്ത ഒന്നാകുമ്പോൾ നമ്മുടെ കുട്ടികളെ ഏറ്റവും വേഗത്തിൽ സ്വയം പര്യാപ്തരാക്കേണ്ടത് പ്രധാനമാണ്. സ്കൂളിലും കോളേജിലും വിട്ടു നല്ല ഗ്രേഡുകൾ മേടിക്കാൻ സഹായിക്കുക മാത്രമല്ല ജീവിതത്തിൽ നിലനിൽപ്പിന്റെ അടിസ്ഥാന പാഠങ്ങളും നമ്മളവരെ പഠിപ്പിച്ചില്ലെങ്കിൽ ഇത്തരം ഒരു സാഹചര്യം വരികയും അവരെ മുന്നോട്ട് നയിക്കാൻ നമ്മളില്ലാതെ ആവുകയും ചെയ്താൽ ഹെഡ്ലൈറ്റിന് മുന്നിൽ വരുന്ന മുയലിനെപ്പോലെ അവർ പകച്ചു നിൽക്കും. അത് വരാനിടവരാതെ കുട്ടികളെ ജീവിത പാഠങ്ങൾ പഠിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കുക
9. നമ്മുടെ ജീവിതം എപ്പോൾ വേണമെങ്കിലും അവസാനിക്കാവുന്ന ഒന്നാണ്, പക്ഷെ ഇതൊന്നും നമുക്ക് സംഭവിക്കില്ലാത്ത ഒന്നാണെന്നാണ് നമ്മൾ ഇതുവരെ കരുതിയിരുന്നത്. ഇറ്റലിയിലും ബ്രിട്ടനിലും സ്പെയിനിലും അമേരിക്കയിലും ഒക്കെ പതിനായിരങ്ങൾ ഒറ്റയടിക്ക് മരിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് ഇന്നവർ, നാളെ ഞാൻ എന്നാകാം എന്ന് തന്നെയാണ്. അത് കൊറോണ കൊണ്ട് തന്നെ ആകണമെന്നില്ല. നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ കുട്ടികൾ, കുടുംബം ഇവരുടെ കാര്യം എന്താകും എന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാണ് ഈ കൊറോണക്കാലം. ഏത് പ്രായത്തിലും നിങ്ങൾക്ക് ഇതൊക്കെ ചെയ്യാമെങ്കിലും നിങ്ങൾക്ക് നാല്പത് വയസ്സെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഒരു വാക്കേലിനെ കാണണം, ഒരു വിൽ പത്രം ഒക്കെ ഉണ്ടാക്കി വക്കണം. നിങ്ങൾക്ക് അൻപത് വയസ്സ് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഇക്കാര്യങ്ങൾ വീട്ടിലുള്ളവരുമായി ചർച്ച ചെയ്യണം. സുഖകരമായ ചർച്ചയൊന്നുമല്ല, പക്ഷെ ചെയ്തിരിക്കേണ്ടതാണ്. ഇന്നത്തെ ചെറിയ വിഷമങ്ങൾ ഒരു കാലത്ത് കൂടുതൽ വിഷമിക്കുന്നതിൽ നിന്നും എല്ലാവരേയും ഒഴിവാക്കും.
10. ലോകത്ത് ഏറെ ഇടങ്ങളിൽ ഇപ്പോഴും മലയാളികൾ കൊറോണപ്പേടിയിൽ തന്നെയാണ്. കേരളത്തിന്റെ സമീപകാല വളർച്ചയുടെ എൻജിനും കേരളത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ ഒക്കെ നമ്മുടെ കൈത്താങ്ങും ആയിരുന്നു പ്രവാസികൾ. ഇപ്പോൾ നമ്മുടെ പേടി ഒക്കെ മാറിത്തുടങ്ങുന്ന സ്ഥിതിക്ക് ഇനി നമുക്ക് അവരെ പറ്റി ചിന്തിക്കാം. എങ്ങനെയാണ് അവരെയും അവരുടെ നാട്ടിലുള്ള കുടുംബങ്ങളെയും സഹായിക്കാൻ പറ്റുന്നത്, അവരിൽ തിരിച്ചെത്തുന്നവരെ എങ്ങനെയാണ് നമ്മൾ കൈകാര്യം ചെയ്യേണ്ടത്,എങ്ങനെയാണ് അവരുടെ നാട് എല്ലാക്കാലവും അവരോടൊപ്പം ഉണ്ടെന്ന് നമ്മൾ ഉറപ്പാക്കുന്നത് ?. ഇനി കുറച്ചു നാളുകൾ അവർക്ക് വേണ്ടിയാകട്ടെ നമ്മുടെ ശ്രമങ്ങൾ.
Online PSC Coaching: Visit: www.ekalawya.com
മുൻപ് പറഞ്ഞത് പോലെ കേരളത്തിലെ രണ്ടാം റൌണ്ട് കൊറോണപ്പേടിയും കുറഞ്ഞതിനാലും നാളെ മുതൽ ചില ജില്ലകളിലും ജനജീവിതത്തിൽ ഏറെ ഇളവുകൾ വന്നതിനാലും ഇനി കുറച്ചു നാളത്തേക്ക് കൊറോണ പോസ്റ്റുകൾ ഉണ്ടാവില്ല. വൈകുന്നേരത്തെ #യാത്രചെയ്തിരുന്നകാലം ഒന്നിടവിട്ട ദിവസങ്ങളിലേക്ക് മാറ്റും. കൊറോണക്കാലത്ത് പ്ലാൻ ചെയ്ത പുസ്തകങ്ങളുടെ ജോലി തുടരും, അതിന്റെ വിവരങ്ങൾ സമയാസമയം അറിയിക്കാം.
ഏറെ ആളുകൾ വെബ്ബിനാറിനായും ഓണലൈൻ ഷോകൾക്കായും വിളിക്കുന്നുണ്ട്. ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ല എന്നത് പണ്ടേ തീരുമാനിച്ചതാണ് അത് തുടരും. പക്ഷെ മറ്റുള്ള സാഹചര്യമാണെങ്കിൽ സമയത്തിന്റെ ലഭ്യത അനുസരിച്ച് പരിഗണിക്കുന്നതാണ്. അത്തരം പ്രോഗ്രാമുകൾ ഉണ്ടെങ്കിൽ തീർച്ചയായും മുൻകൂട്ടി പറയാം.
അപ്പോൾ എല്ലാം പറഞ്ഞത് പോലെ. സുരക്ഷിതരായിരിക്കുക.
Comments are closed.