കൈനീട്ടം ദുരിതാശ്വാസ നിധിക്ക് നല്കാന് കുട്ടികളോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇത്തവണത്തെ വിഷു കൈനീട്ടം നാടിനുവേണ്ടിയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കുട്ടികളോട് ആഹ്വാനം ചെയ്തു. വിഷു ആഘോഷത്തിന്റെ പ്രധാനമായ ഒരു ഭാഗം വിഷുകൈന്നീട്ടമാണ്. നമ്മുടെ നാട് അത്യസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തില്‍ ഇത്തവണത്തെ വിഷുകൈന്നീട്ടം നാടിനുവേണ്ടിയാകട്ടെ എന്ന് ഒരോരുത്തരോടും അഭ്യര്‍ത്ഥിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുകൈന്നീട്ടത്തെ മാറ്റാന്‍ എല്ലാവരും, പ്രത്യേകിച്ച് നമ്മുടെ കുട്ടികള്‍ തയ്യാറാകും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്കാണ് മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലില്‍ തന്നെ വിശുദ്ധ റമദാന് കാലം ആരംഭിക്കുകയാണ്. സക്കാത്തിന്റെ ഘട്ടം കൂടിയാണ് അത്. ആ മഹത്തായ സങ്കല്പവും നമ്മുടെ ഇന്നത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയായി മാറ്റണം എന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവര്ക്കും ഒരേ മനസ്സോടെ നിര്‍വഹിക്കാം.
ദിനരാത്രികള്‍ ഒരേ ദൈര്‍ഘ്യത്തോടു കൂടിയാവുന്ന ഘട്ടമാണ് വിഷു. പകലിന് എത്ര നീളമുണ്ടോ അത്ര തന്നെ നീളും രാത്രിയും എന്നാണ് സങ്കല്പം. പകലും രാത്രിയും തുല്യം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു തുല്യതയുടെ കൂടി സന്ദേശമാണ് പകര്‍ന്നുതരുന്നത്.
അംബേദ്കര്‍ ജയന്തിയുമാണ് നാളെ. തുല്യതയ്ക്കു വേണ്ടി, അതായത് സമത്വത്തിനുവേണ്ടി സ്വന്തം ജീവിതത്തെ പോരാട്ടമാക്കി മാറ്റിയ നവോത്ഥാനനായകനാണ് ഡോ. അംബേദ്കര്‍. നമ്മുടെ ഭരണഘടനയില്‍ സമഭാവനയുടേതായ അംശങ്ങള്‍ ഉള്‍ചേര്‍ക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജാതിക്കും മതത്തിനും ഒക്കെ അപ്പുറത്തുള്ള മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ തുല്യതയ്ക്കുവേണ്ടി പോരാടിയ അംബേദ്കറുടെ നൂറ്റിമുപ്പതാം ജയന്തിദിനവും ഈ വിഷുവിനു തന്നെ വരുന്നതില്‍ വലിയ ഒരു ഔചിത്യഭംഗിയുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലാവര്ക്കും വിഷു, അംബേദ്കര്‍ ജയന്തി ആശംസകള്‍ നേര്‍ന്നു.
Comments are closed.