ചെന്നിത്തലയുടേയും മമ്മൂട്ടിയുടെ അഴകിയ രാവണനിലേയും പാവങ്ങള്
എം ജെ ശ്രീചിത്രന്
ചെന്നിത്തലയുടെ പാവങ്ങൾ – ഒരു ചരിത്രാവലോകനം
ചെന്നിത്തലയുടെ സോഷ്യൽ മീഡിയ ഒപ്പീസ് ഏതാണ്ടു പൂർത്തിയായെന്നു തോന്നുന്നു. ഇനി ആ വീഡിയോയിൽ നിന്ന് കാര്യമായി തോന്നിയ ഒന്ന് പറയാം.സംഭവം മൊത്തത്തിൽ പി ആർ ടീമിനു പാളിപ്പോയതാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അതിനു മൂന്ന് സാദ്ധ്യതകളാണുള്ളത്.
ഒന്ന് – അത്രയും ദരിദ്രമായ പി ആർ ടീമിനെ ജോലിയേൽപ്പിച്ചതിൽ സംഭവിച്ച പിശക്. രണ്ട് – ഏതെങ്കിലും യൂത്ത് കോൺഗ്രസുകാർ തന്നെ സ്വയം പി ആർ വർക്ക് ഏറ്റെടുത്ത് ചെയ്തതിലൂടെ സംഭവിച്ച അബദ്ധം. മൂന്ന് – ഏൽപ്പിച്ച പി ആർ ടീം തന്നെ ചെന്നിത്തലയ്ക്കിട്ടു പണിഞ്ഞ പാര. മൂന്നിലേതുമാവാം. ഏതായാലും അതല്ല ഈ പോസ്റ്റിലെ വിഷയം.യഥാർത്ഥത്തിൽ ദുഃഖവെള്ളിപ്പുലർച്ചയിലെ കോമഡിക്കാഴ്ച്ചക്കപ്പുറം എന്നെ അതിൽ അസ്വസ്ഥപ്പെടുത്തിയത് ചെന്നിത്തലയുടെ ഒരു പ്രയോഗമാണ്. അതയാൾ രണ്ടു മൂന്നുവട്ടം ആവർത്തിക്കുന്നുണ്ട്.
“പാവങ്ങളെ സഹായിക്കുന്നുണ്ടല്ലോ അല്ലേ?”“പാവങ്ങളുടെ കാര്യം നോക്കണം.”“പാവങ്ങൾക്ക് നമ്മൾ വേണ്ടതെല്ലാം ചെയ്യണം.”ഇതൊരു പി ആർ പാളിച്ചയല്ല. കോൺഗ്രസ് എന്ന സംഘടനയുടെ ആശയമണ്ഡലത്തിന്റെ പ്രകാശനമാണ്. ‘കീഴ്ത്തട്ടുകാരായ പാവങ്ങൾ’ – ‘ഉദാരമതികളായ മേൽത്തട്ടുകാർ’ എന്ന ഈ ബൈനറിയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ച കോൺഗ്രസിൽ നിന്ന് ഇന്ത്യയെ ഭരിച്ചു ഭരിച്ചു ആർ എസ് എസിന്റെ കയ്യിലേക്കു വലിച്ചെറിഞ്ഞ കോൺഗ്രസിലേക്ക് അവരെ എത്തിച്ചത്പാവങ്ങളെ സഹായിക്കുന്ന സമ്പന്നരുടെ ഔദാര്യത്തിലൂടെ പാവങ്ങൾ രക്ഷപ്പെടുന്നു.
അങ്ങനെ രക്ഷപ്പെടാനായി കയ്യും നീട്ടി യാചനാഭാവത്തിലിരിക്കുന്ന പാവങ്ങളും അവരെ സഹായിക്കാനായി നിൽക്കുന്ന കരുണാമയരായ മേൽത്തട്ടിലെ കാവൽവിളക്കുകളും. ഈ സങ്കൽപ്പനം ആധുനികപൂർവ്വമായ മൊണാർക്കിയിൽ നിന്ന് – രാജവാഴ്ച്ചയിൽ നിന്ന് കടന്നുവന്നതാണ്. രാജാവിനെ ആട്ടപ്പിറന്നാളുണ്ടാവുമ്പോൾ, കുട്ടി ജനിക്കുമ്പോൾ, പുതിയ പട്ടമഹിഷിയെ കെട്ടുമ്പോൾ, ഇനി എന്തെങ്കിലും ക്ഷാമമോ രോഗബാധയോ വന്നാൽ തന്നെ – ‘പാവങ്ങൾ! മന്ത്രീ, അവർക്കുവേണ്ട ദാനധർമ്മാദികൾ ചെയ്യൂ. നമ്മുടെ പ്രജകൾ സന്തുഷ്ടരായിരിക്കട്ടെ” എന്ന് ആർത്തദീനത്രാണരക്ഷകനായ രാജാവ് കൽപ്പിക്കും.
അപ്പോൾ ‘പാവങ്ങളു’ടെ ഓട്ടപ്പാത്രത്തിലും കീറശ്ശീലയിലും നാണയങ്ങൾ വീഴും. അപ്പോൾ പാവങ്ങൾ ഒന്നിച്ച് സ്തുതിക്കും – “ പ്രജാവൽസലനും കാരുണ്യവാരിധിയുമായ മഹാരാജൻ നീണാൾ വാഴട്ടെ ! ”ഈ ഫ്യൂഡൽ സാമൂഹികഭാവനയിൽ നിന്ന് കോൺഗ്രസിനെ മോചിപ്പിക്കാനാണ് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്നതുമുതൽ ശ്രമിച്ചത്. ഗാന്ധിയുടെ ആ വരവിനെക്കുറിച്ച് നഹ്രു ഒറ്റവാക്കിൽ ‘ഗാന്ധി വന്നു’ എന്നു പറയുന്നതിന്റെ ആഴം അതാണ്. അതൊരു ഒന്നൊന്നര വരവാണ്.
അന്നുവരെ സമൂഹത്തിലെ ഉപരിവർഗ ഉൽപ്പതിഷ്ണുക്കളുടെ സംഘടനയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധി പറയുന്ന ‘പതിതപാവനരുടെ’ സംഘടനയായി മാറുന്നത് ഗാന്ധി വരുന്നതോടെയാണ്. അനേകം വിയോജിപ്പുകളുണ്ടെങ്കിലും ഗാന്ധി എന്ന നേതാവിനെ ആദരിക്കേണ്ട കാര്യമാണിത്. ഗാന്ധി ആദ്യം പങ്കെടുക്കുന്ന കോൺഗ്രസ് സമ്മേളനത്തിൽ ചെയ്യുന്ന ഒരു ‘പെർഫോമൻസ്’ അവിടെയുണ്ടായിരുന്ന കക്കൂസുകൾ കഴുകുകയാണ്.
അതൊരു കേവലമായ പ്രകടനമല്ല. തീർച്ചയായും അതിൽ പ്രകടനപരതയുണ്ട്, പക്ഷേ അത് കോൺഗ്രസിന്റെ അന്നുവരെയുള്ള മേൽത്തട്ടുജീവിതത്തോട് ഗാന്ധി പ്രഖ്യാപിക്കുന്ന ആദ്യത്തെ വിടർച്ചയായിരുന്നു. ‘ഞാൻ നിങ്ങളുദ്ദേശിച്ച ആളല്ല, ബാരിസ്റ്റർ ബിരുദവും ലണ്ടനിലേയും ദക്ഷിണാഫ്രികയിലേയും വാസവും കഴിഞ്ഞുവന്ന ഒരു മേൽത്തട്ടുജീവിയല്ല, ഞാൻ കാണുന്ന കണ്ണ് വേറെയാണ്” എന്ന് ഗാന്ധി പറഞ്ഞുതുടങ്ങുകയായിരുന്നു. അതാണ് തുടർന്ന് എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വലിയ സാമൂഹ്യശക്തിയെ നിർമ്മിച്ചെടുത്തത്, ബ്രിട്ടീഷുകാർക്കെതിരെ നിൽക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ ഗതി നിർണ്ണയിച്ചത്. ‘പാവങ്ങളെ സഹായിക്കുന്ന’ ദീനദയാലുവായ രാമനെയല്ല, ‘പതിതപാവനനായിത്തീരുന്ന’ സീതാരാമനെയാണ് ഗാന്ധി കണ്ടെത്താൻ ശ്രമിച്ചത്.
ഗാന്ധിശിഷ്യനായിരിക്കുകയും എന്നാൽ ഗാന്ധിയേക്കാൾ പലമടങ്ങ് ആധുനികനായിരിക്കുകയും ചെയ്തുകൊണ്ട് ജവഹർലാൽ അതിന്റെ അടുത്ത പടവ് പണിതു. ആധുനികജനാധിപത്യമെന്ന ഗാന്ധിക്കു പിടിയില്ലാത്ത കാര്യം നഹ്രുവിനറിയാമായിരുന്നു, അതുകൊണ്ടുതന്നെ ‘പതിതർ’ക്കൊപ്പം നിന്ന് ‘പാവനനാ’യിത്തീരുക മാത്രമല്ല ഒരു പുതിയ ജനാധിപത്യരാഷ്ട്രത്തിലെ നേതാവിന്റെ കടമ എന്നും പതിതനിലയിൽ നിന്ന് അവരെ മോചിപ്പിക്കാനുള്ള ആധുനികവൽക്കരണം സാദ്ധ്യമാക്കണം എന്നും അതിന് താൻ, അഥവാ ജനനേതാവ്- അടിമുടി ആധുനികനായിത്തീരണം എന്നും നഹ്രു മനസ്സിലാക്കി.
തീർച്ചയായും ഇതിന്റെ അടുത്ത പടവ് കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപപ്പെടുന്നതാണ്. വർഗങ്ങളുടെ സംഘർഷത്തെക്കുറിച്ചുള്ള ഭൗതികാടിസ്ഥാനത്തിലുള്ള ബോദ്ധ്യത്തിൽ നിന്ന്, പതിതരുടെ നില മെച്ചപ്പെടുത്താൻ അവർക്കൊപ്പം വേഷമണിഞ്ഞാലോ അവരെ ഉയർത്തിക്കൊണ്ടുവരാനായി ആധുനികനായാലോ പോര, മറിച്ച് അവരുടെ അധികാരലബ്ധി വേണമെന്ന വർഗ്ഗബോധത്തിന്റെ മുന്നിൽ നിന്നാണ് ഇടതുപക്ഷം നിർമ്മിക്കപ്പെട്ടത്.പോട്ടെ, ചരിത്രം ഇവിടെ വിടാം. പിന്നീട് സംഭവിച്ചതെന്താണ്? നഹ്രുവിന്റെ പടവിൽ കയറിനിൽക്കാൻ ശ്രമിച്ച കുറച്ചുപേരെങ്കിലും അന്ന് കോൺഗ്രസിലുണ്ടായിരുന്നു.
ഗാന്ധിയുടെ അതിനു മുൻപുള്ള പടവിൽ നിന്നവർ അതിലും കൂടുതലുണ്ടായിരുന്നു. പക്ഷേ, നഹ്രുവിന്റെ കാലം കൂടി കഴിഞ്ഞ ശേഷം കോൺഗ്രസ് തിരിച്ചു പോയത് ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് വരുന്നതിനും മുൻപുള്ള കോൺഗ്രസിന്റെ കീഴ്പ്പടവിലേക്കാണ്. ‘മേൽത്തട്ടുകാരുടെ ആത്മഗതവേദി’ എന്ന് ജി അലോഷ്യസ് ഒരിടത്ത് ഇവരെക്കുറിച്ച് പറയും. “നമ്മൾ ഉദാരമതികൾ, ആ പാവങ്ങളെ സഹായിക്കേണ്ടതല്ലേ” എന്ന ഉപരിവർഗത്തിന്റെ സായാഹ്നചർച്ചയിലെ കാരുണ്യത്തിന്റെ ആത്മഗതങ്ങൾ. അതായത്, ചെന്നിത്തലയുടെ ‘പാവങ്ങളെ സഹായിക്കൂ’ എന്ന ആവർത്തനത്തിലുള്ള മനോഭാവത്തിന് ചെന്നിത്തല തന്നെ തിരിച്ചറിയാത്ത ആഴമുണ്ട്.
ബിബിൻ ചന്ദ്ര പാലിനും ലജ്പത് റായ്ക്കും ഗോഖലേക്കും അണിചേരാവുന്ന ഒന്നാണ് ‘പാവങ്ങളെ സഹായിക്കൽ’. അതായത് ഗാന്ധിജി വരും മുൻപുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ മനോഭാവത്തിന് തന്നെ യോജിക്കാവുന്നത്. അതുകൊണ്ട് ചെന്നിത്തല മഹാദേവനേയും ഉസ്മാനേയും വർഗീസിനേയുമല്ല സത്യത്തിൽ വിളിക്കുന്നത്, ഗാന്ധിപൂർവ്വമായ, പിന്നീട് നഹ്രുശേഷമായ കോൺഗ്രസിലെ സകല മേൽത്തട്ടുകാരുണ്യങ്ങളേയുമാണ്. എന്താണ് ഇതിൽ നിന്ന് കമ്യൂണിസ്റ്റുകാരന്റെ വ്യത്യാസം? അതിനേക്കുറിച്ച് ഞാൻ എഴുതിക്കൂട്ടേണ്ട കാര്യമില്ല.
കേരളാമുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ കണ്ടാൽ മതി. പാവങ്ങളെ സഹായിക്കുന്ന പദ്ധതികളുടെ പ്രഖ്യാപനമല്ല നടത്തുന്നതെന്നും അവകാശങ്ങളുള്ള ആധുനികജനസമൂഹത്തിലെ വിവിധ വർഗ്ഗനിലകളിലുള്ള മനുഷ്യരെ സമഗ്രമായും അതോടൊപ്പം സവിശേഷമായും കാണുന്ന സമീപനവും പദ്ധതിയും പ്രയോഗവും എന്താണെന്ന് നിങ്ങൾക്ക് തുറന്ന കണ്ണുണ്ടെങ്കിൽ മനസ്സിലാക്കാനാവും.
അതായതുത്തമാ, ചെന്നിത്തലയുടെ പാവങ്ങൾ വിക്തോർ യോഗോയുടെ പാവങ്ങളല്ല. അത് അഴകിയ രാവണൻ എന്ന സിനിമയിൽ പണക്കാരനായ മമ്മൂട്ടിയുടെ കഥാപാത്രം ബോബൈയിൽ നിന്ന് വരുമ്പോൾ പുറത്തുനിൽക്കുന്ന എല്ലാവർക്കും നൂറുരൂപ വെച്ചുകൊടുക്കാൻ മമ്മൂട്ടി പറയുന്ന ‘പാവങ്ങൾ’ ആണ്. ആ പാവങ്ങൾക്ക് വേണ്ടി ചെന്നിത്തലയദ്ദേഹം അഹോരാത്രം ഫോൺ ചെയ്തു സഹായമെത്തിക്കട്ടെ എന്നാശംസിക്കുന്നു.
Comments are closed.