‘ചെത്താണ് ഞങ്ങളുടെ പാരമ്പര്യം, അതിനു നിനക്ക് എന്താണ് ? ‘
കൃപൽ ഭാസ്ക്കർ
ഒരു മഴക്കാലം, നല്ല കാറ്റുമുണ്ട് അന്ന് ഞാൻ വളരെ കുഞ്ഞാണ്. മഴയൊന്നൊഴിഞ്ഞപ്പോൾ അച്ഛൻ കത്തിപ്പിട്ടിൽ(ചെത്ത് കത്തി സേഫ് ആയി വയ്ക്കുന്ന ഒരു പെട്ടി, അത് കയറു വച്ച് അരയിൽ കെട്ടും) ഒക്കെ കെട്ടി പന ചെത്താൻ ഇറങ്ങി. ഞാൻ അച്ഛനെ ജനലിലൂടെ നോക്കിയിരിക്കുകയാണ്, അങ്ങനെ അച്ഛൻ ഓരോ പനകളായി കയറി ഇറങ്ങി, അച്ഛൻ കയറുന്നവയിൽ തന്നെ ഏറ്റവും ഉയരത്തിലുള്ള പനയിൽ ചെത്തുമ്പോഴാണ് നല്ല ശക്തിയോട് കൂടിയ കാറ്റിന്റെയൊപ്പം വലിയ ഒരു മഴയുടെ വരവ്.
ആ പന കാറ്റിൽ ആടി ഉലയുന്നുണ്ട് , ഇത് കണ്ടു കൊണ്ടിരിക്കുന്ന ഞാൻ പേടിച്ചു വിറയ്ക്കുകയാണ്, എന്റെ കണ്ണൊക്കെ നിറഞ്ഞു കവിഞ്ഞു, കുറച്ചു കഴിഞ്ഞതും മഴ നിന്നു, അച്ഛൻ പതുക്കെ പനയിൽ നിന്ന് ഇറങ്ങി, അടുത്ത പന കയറാനായി നടന്നു പോയി. ഇന്നും ഈ പ്രായത്തിലും എനിക്ക് അച്ഛൻ മഴയത്ത് പന കയറുന്നത് ഒരത്ഭുതമാണ്. പാലക്കാട്ടെ കൊടും വേനലിൽ ഞങ്ങൾ വേനലവധി ആസ്വദിക്കുമ്പോൾ അച്ഛൻ നട്ടുച്ചയ്ക്കും പനയ്ക്ക് മുകളിലുണ്ടാവും , പന കയറാൻ പോവുമ്പോൾ ഒരു ഷർട്ടോ ചെരിപ്പോ ഇടാറില്ല, അത് കൊണ്ട് തന്നെ മിക്കവാറും വേനലുകളിലും അച്ഛനു സൂര്യാഘാതം എൽക്കാറുണ്ട്.
ഒരു പന കയറ്റക്കാരന്റെ പ്രധാനശത്രുവാണ് തേനീച്ച, പനയ്ക്ക് മുകളിൽ നിന്ന് തേനീച്ച കുത്തേൽക്കുന്ന അച്ഛൻ ആ വേദന കടിച്ചമർത്തി താഴെ ഇറങ്ങി ഒരു ഓട്ടമാണ്, അടുത്തുള്ള ഓട്ടോ ചേട്ടനെ വിളിച്ചു നേരെ ആശുപത്രിയിലേക്ക്, അങ്ങനെ എത്രയോ തവണ അച്ഛൻ ഓടിയിരിക്കുന്നു..എന്റെ അച്ഛനും അച്ഛന്റെ അച്ഛനും അവരുടെ മുന്ഗാമികളും ചെത്തുകാരായിരുന്നു. ഒരു പക്ഷെ എന്റെ തലമുറയിലാണെന്ന് തോന്നുന്നു ഞങ്ങളുടെ കുടുബത്തിൽ ആരും ചെത്താത്തത്. അതായത് പന ചെത്തലാണ് എന്റെ പാരമ്പര്യം, അതിൽ എന്നും അഭിമാനമേ തോന്നിയിട്ടുള്ളു.
കാരണം അത്രയധികം അധ്വാനം വേണ്ട ഒരു തൊഴിലാണത്, കൂടാതെ അപകടകരവും. അച്ഛൻ ഈ കരിമ്പനയിൽ വലിഞ്ഞു കയറിയാണ് പത്ത് സെന്റ് സ്ഥലവും അതിലിന്നും പണി തീരാത്ത ഒരു വീടും ഉണ്ടാക്കിയത്, എന്നെയും എന്റെ അനുജനെയും യാതൊരു കുറവുമില്ലാതെ പഠിപ്പിച്ചതും. അച്ഛന് അന്നും ഇന്നും എന്നും ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു , ഞങ്ങൾ പഠിക്കണം, പഠിത്തത്തിലൂടെയല്ലാതെ ഞങ്ങളുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാവില്ല എന്ന് അച്ഛൻ അന്ധമായി വിശ്വസിച്ചിരുന്നു.
പഠിത്തത്തിനായി എന്ത് ചോദിച്ചാലും, അച്ഛൻ ഇത് വരെ പറ്റില്ല എന്ന് പറഞ്ഞിട്ടില്ല.എനിക്ക് പിണറായി വിജയനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അദ്ദേഹവും എന്നെ പോലെ ഒരു ചെത്തുകാരന്റെ മകനായതു കൊണ്ടാവാം. അദ്ദേഹത്തെ പണ്ട് ബി ജെ പി യുടെ മുഖപത്രം ‘തെങ്ങിൽ കയറേണ്ടവനെ പിടിച്ചു മുഖ്യമന്ത്രി ആക്കിയാൽ’ എന്ന ടൈറ്റിലിൽ ഒരു കാർട്ടൂണിലൂടെ അപമാനിച്ചത് ഓർക്കുന്നു. ഇപ്പോഴിതാ പുതുതായൊന്ന് ‘ചെത്തല്ല പാരമ്പര്യം, സ്വാതന്ത്ര്യ സമരമത്രേ’.. ഈ പോസ്റ്റിട്ട ‘അവനോട്’ എനിക്ക് ചോദിക്കാനുള്ളത് ‘ചെത്ത് തന്നെയാണ് %$#& ഞങ്ങളുടെ പാരമ്പര്യം, അതിനു നിനക്ക് എന്താണ് ? ‘-
Comments are closed.