വീടുകളിൽ ഐസൊലേഷനിലല്ല, കരുതലിൽ
സംസ്ഥാനത്ത് ഏതാണ്ട് ഇരുപത്തി ആറായിരത്തോളം പേർ വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. യഥാർത്ഥത്തിൽ ഐസൊലേഷനിലല്ല കരുതലിൽ കഴിയുകയാണ്. നമ്മുടെ സഹോദരങ്ങൾ രോഗം ബാധിക്കാനുള്ള സാഹചര്യത്തിൽ പെട്ടുപോയതുകൊണ്ട് അവരെ സംരക്ഷിക്കാനും അവർക്ക് രോഗം വന്നാൽ അത് മറ്റുള്ളവരിലേക്ക് പടർന്നു പിടിക്കാതിരിക്കാനും ഉള്ള കരുതൽ നാം ഏറ്റെടുക്കുകയാണ്. അവർ നിരീക്ഷണത്തിലാണ്.
അവരുടെ സംരക്ഷണം നമ്മുടെ, പ്രത്യേകിച്ച് പ്രാദേശിക ഭരണ സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമായി മാറുകയാണ്. നമുക്ക് മുന്നിലുള്ള കടമ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുക എന്നതാണ്.
അവർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകാം. ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള പ്രാഥമികമായ കാര്യങ്ങൾക്കൊന്നും ഒരു തടസ്സം വന്നുകൂടാ. നിരീക്ഷണത്തിൽ കഴിയേണ്ടിവരുന്നവർക്ക് ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകാതെ അവരുടെ സാധാരണ ജീവിതം ഉറപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടലുകൾ ഉണ്ടാകണം.
നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ തടങ്കലിൽ അല്ല. അങ്ങനെ അവർക്ക് തോന്നാനും പാടില്ല. അതുകൊണ്ടാണ് ക്വാറൻൈറൻ എന്ന വാക്കിനു പകരം കെയർ സെൻറർ എന്ന് ഉപയോഗിക്കാൻ നാം തീരുമാനിച്ചത്. ഇത് ആർക്കും വിഷമം ഉണ്ടാകാതിരിക്കാനാണ്. എന്നാൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ ചാടി പോകുന്ന അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്.
അത് അനുവദിക്കാനാവില്ല. ഏതെങ്കിലും തരത്തിൽ ബലംപ്രയോഗിച്ചു തടഞ്ഞുവെക്കാനല്ല പറയുന്നത്. സാമൂഹിക ജാഗ്രത ഉണ്ടെങ്കിൽ മാത്രമേ അത്തരം അനുഭവങ്ങൾ ഒഴിവാക്കാനാവൂ. സൗകര്യങ്ങളും സ്നേഹ പരിചരണവും നൽകുന്നതിനൊപ്പം അവർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം.
ഈ വൈറസിന്റെ ഒരു പ്രത്യേകത, ഇത് ആർക്ക് ബാധിച്ചു; ആരാണ് രോഗാണുവാഹി എന്ന് പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ല എന്നതാണ്. രോഗബാധയുള്ള ആളുകളുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽ ഏർപ്പെട്ട ആരെയും വൈറസ് പിടികൂടാം. അതുകൊണ്ടാണ് വിവാഹം, ആരാധന, ഉത്സവങ്ങൾ ഇതൊക്കെ നാം നിയന്ത്രിക്കുന്നത്. ഇങ്ങനെയുള്ള നിയന്ത്രണങ്ങളിൽ ആർക്കും പ്രത്യേകിച്ച് പ്രയാസമോ പരിഭവമോ ഇല്ല; എതിർപ്പുമില്ല എന്നതാണനുഭവം.
മത-സാമുദായിക നേതാക്കളോട് സംവദിച്ചപ്പോൾ എല്ലാവരും ഒരേ മനസ്സോടെയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. നാട്ടിൽ രൂപപ്പെടുന്ന ആൾക്കൂട്ടങ്ങൾ താൽക്കാലികമായി തടയുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന കാര്യം. സർക്കാരിൻറെ അഭ്യർത്ഥന മാനിച്ച് കോഴിക്കോട്ടെ പ്രസിദ്ധമായ പള്ളിയടക്കം ഏതാനും ആരാധനായലയങ്ങൾ ഇനിയൊരു അറിയിപ്പ് വരെ ജുമാ നമസ്കാരം ഉണ്ടാവില്ലെന്ന് തീരുമാനിച്ചു. ഇതൊക്കെ മാതൃകാപരമായ ഇടപെടലാണ്.
Comments are closed.