News in its shortest

തീവ്ര ജാഗ്രതയിലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കാം: മുഖ്യമന്ത്രി

കോവിഡ്-19 സംബന്ധിച്ച് ഓരോ നിമിഷവും ജാഗ്രത പാലിച്ചിലെങ്കിൽ കാര്യങ്ങൾ പിടിവിട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ്-19 വ്യാപനം അസാധാരണമായ ആരോഗ്യസുരക്ഷാ ഭീഷണിയാണ് ലോകത്താകെ ഉയർത്തിയിരിക്കുന്നത്. നമ്മുടെ രാജ്യവും സംസ്ഥാനവും അതിൽ നിന്ന് മുക്തമല്ല. കേരളത്തിൽ ബുധനാഴ്ച വരെ 27 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിൽ മൂന്നു പേർ രോഗത്തിൽ നിന്ന് മുക്തരായി. കാൽ ലക്ഷത്തിലേറെ പേർ നിരീക്ഷണത്തിലാണ്. ഇതിൽ ബഹുഭൂരിപക്ഷവും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ മാത്രം കേന്ദ്രീകരിക്കേണ്ടതോ വിദഗ്ദ്ധരുടെ കൈകളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതോ അല്ല. സാഹചര്യങ്ങൾ അസാധാരണമാകുമ്പോൾ അസാധാരണമായ പ്രതിരോധ മാർഗങ്ങൾ നാം സ്വീകരിക്കേണ്ടി വരും. സമൂഹം ഒറ്റക്കെട്ടായി കൂട്ടായി നീങ്ങണം. നാം പുലർത്തുന്ന അതീവ ജാഗ്രതയുടെയും കരുതലിന്റയും ഫലമാണ് രോഗ പ്രതിരോധത്തിൽ ഇതുവരെ നേടിയ നിർണ്ണായകമായ മുന്നേറ്റം. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആരോഗ്യ രംഗത്തെ ലോകോത്തര മാതൃകയുടെ അടിത്തറ നമ്മെ ഈ അതിജീവന പ്രവർത്തനങ്ങളിൽ കരുത്തരാക്കുന്നു. ഭീതിയോ സംഭ്രാന്തിയോ ഉണ്ടാകേണ്ട സാഹചര്യം നിലവിലില്ല എന്ന് പൊതുവെ പറയാം. അതിന്റെ അർത്ഥം ജാഗ്രതയിൽ കുറവ് വരാൻ പാടില്ല എന്നാണ്. ജാഗ്രതയിൽ ഒരു ചെറിയ പിഴവ് വന്നാൽ പോലും കാര്യങ്ങൾ വഷളാകും. നമ്മുടെ നാട്ടിലെ ജനജീവിതം സാധാരണഗതിയിൽതന്നെ മുന്നോട്ട് നീങ്ങേണ്ടതുണ്ട്.

ഇക്കാര്യത്തിൽ ഏറ്റവും വലിയ ഇടപെടൽ നടത്താനാകുന്നതും ഉത്തരവാദിത്വം നിർവഹിക്കാനാകുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അവയിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമാണ്. ഇക്കാര്യത്തിൽ ഒറ്റക്കെട്ടായാണ് നമ്മുടെ ഇടപെടൽ. ജനപ്രതിനിധികളെ അഭിസംബോധന ചെയ്യാൻ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും ഒപ്പം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറ്റെല്ലാ പ്രവർത്തനങ്ങളും മാറ്റിവെച്ച് ഉത്തരവാദിത്വം ഏറ്റെടുക്കുക

കൊവിഡ് വിപത്തിനെതിരായ സമരത്തിൽ അവിശ്രമം പങ്കെടുക്കുന്നവരാണ് കേരളത്തിലെ ഓരോരുത്തരും. നാട് ഒരു വലിയ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. ഈ ഘട്ടത്തിൽ മറ്റെല്ലാ പ്രവർത്തനങ്ങളും മാറ്റിവെച്ചുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് പൊതുപ്രവർത്തകർ എന്ന നിലയിലും ജനപ്രതിനിധികൾ എന്ന നിലയിലും മനുഷ്യർ എന്ന നിലയിലും നമ്മുടെ ഉത്തരവാദിത്വം. കൊവിഡ് 19 അണുബാധ പരിധിയില്ലാതെ പടരുന്ന സാഹചര്യം ലോകത്താകെയുണ്ട്. വികസിത രാജ്യങ്ങൾ പോലും സ്തംഭിച്ചു നിൽക്കുന്നു. എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് ഒട്ടുമിക്ക രാജ്യങ്ങളും. നിലവിൽ നൂറ്റി അറുപതോളം രാജ്യങ്ങളിലാണ് ഇത് പടർന്നു പിടിച്ചത്.
നമുക്ക് നമ്മുടെ ആരോഗ്യപരിപാലന രംഗത്തെ മഹത്തായ പാരമ്പര്യമുണ്ട്. അടി തൊട്ട് മുടിയോളം കുറ്റമറ്റ നിലയിൽ വളർത്തിക്കൊണ്ടുവന്ന ആരോഗ്യ സംരക്ഷണ മേഖലയാണ് നമുക്കുള്ളത്. ഗ്രാമ തലം മുതൽ അർപ്പണ മനോഭാവത്തോടെ അണിചേരുന്ന ആരോഗ്യ പ്രവർത്തകരുമുണ്ട്. ഇതിനെയൊക്കെ വെല്ലുവിളിക്കുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്.

ഡിസംബർ മാസത്തിൽ കണ്ടുപിടിക്കപ്പെട്ടതാണ് കൊവിഡ് 19 ബാധ. ജനുവരിയിൽ തന്നെ അതു സംബന്ധിച്ച് മുന്നറിയിപ്പ് നമുക്ക് ലഭിച്ചു. ഒരു ദിവസം വൈകാതെ നമ്മുടെ സംസ്ഥാനം തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു. ഒറ്റക്കെട്ടായി നടത്തിയ പ്രതിരോധ പ്രവർത്തനത്തിന്റെ ഫലമായാണ് ഇന്ന് ഈ രോഗബാധയെ വലിയൊരളവിൽ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ, ഇത് പൂർണ്ണമല്ല. മുന്നിലുള്ള ആദ്യത്തെ കടമ ജാഗ്രത ആണെങ്കിൽ രണ്ടാമത്തേത് ഒരു നിമിഷം പാഴാക്കാതെ, ഒരു പഴുതും അവശേഷിപ്പിക്കാതെ, ഒരു സാധ്യതയും ഒഴിവാക്കാതെയുള്ള നിരന്തരമായ ഇടപെടലാണ്.

Comments are closed.