പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നേട്ടങ്ങൾ മറയ്ക്കാനാവില്ല: മന്ത്രി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നേട്ടങ്ങളെ മറയ്ക്കാൻ വയനാട് സംഭവം കാരണമാകില്ലെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പറഞ്ഞു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 30 സ്‌കൂളുകളിൽ ആകർഷകവും സ്വയംപര്യാപ്തവുമായ 30 ക്ലാസ് മുറികൾ പൊതുപങ്കാളിത്തത്തോടെ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം വെള്ളാങ്ങല്ലൂർ പി സി കെ ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
വയനാട് സംഭവത്തിന്റെ മറവിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ ഇടിച്ചു താഴ്ത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ പേരിൽ മൊത്തം അധ്യാപകസമൂഹത്തെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണത ശരിയല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സ്‌കൂളുകളും ജാഗ്രത പാലിക്കണം. വിമർശനങ്ങളെ അതിന്റെ അർത്ഥത്തിലും വീഴ്ചകളെ അതിന്റെ ആഴത്തിലും മനസ്സിലാക്കി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ മേഖലയിലെ ഗവൺമെന്റ്, എയ്ഡഡ് സ്‌കൂളുകളിൽ നടപ്പാക്കിയ പദ്ധതിയാണ് ‘ഒന്നാന്തരം നാലാം ക്ലാസ്’ പദ്ധതി. അക്കാദമിക മികവ് ലക്ഷ്യമാക്കി ഓരോ എൽ പി സ്‌കൂളുകളിലെയും നാലാം ക്ലാസുകളെ പര്യാപ്തമാക്കുന്ന ഈ പദ്ധതി, കഴിഞ്ഞ വർഷം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനൊപ്പം നടപ്പാക്കിയ ‘ആറാം ക്ലാസ് എ’ എന്ന പദ്ധതിയുടെ പിന്തുടർച്ചയായിരുന്നു. പഠന-പാഠ്യേതര വിഷയങ്ങളിൽ ഉന്നതവിജയം നേടുവാൻ ക്ലാസ് മുറികൾ എങ്ങനെ സജ്ജമാക്കാമെന്ന ചോദ്യത്തിനുത്തരമാണ് ഒന്നാന്തരം നാലാം ക്ലാസ്.
ഗണിത-സാമൂഹ്യ-ശാസ്ത്ര പഠനോപകരണങ്ങൾ, വൈറ്റ് ബോർഡ്, അറ്റ്‌ലസ്, ക്ലാസ് ലൈബ്രറി, മൈക്രോ സ്‌കോപ്പ് തുടങ്ങിയ പഠനോപകരണങ്ങൾ, ക്യാരംസ്, ചെസ്സ്, റിംഗ്, തുടങ്ങിയ കളിയുപകരണങ്ങൾ ഇവയെല്ലാം സൂക്ഷിക്കുന്നതിന് പ്രത്യേകം രൂപകൽപന ചെയ്ത അലമാര എന്നിവ ബ്ലോക്ക് പഞ്ചായത്ത് നേരിട്ടാണ് വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി പ്രത്യേകം പി ടി എ യോഗങ്ങൾ ചേർന്നു. ഓരോ ക്ലാസ് മുറിയിലും വെളിച്ചം, കുടിവെള്ളം, കാറ്റ്, ശുചിത്വം, എന്നിവ ഉറപ്പാക്കി ടൈൽ പാകി, സീലിംഗ് വിരിച്ച്, പെയിന്റ് ചെയ്ത് മനോഹരമാക്കി.
എല്ലാ ക്ലാസ് മുറികൾക്കും എൽ ഇ ഡി ടി.വികളോ എൽ സി ഡി പ്രൊജക്ടറുകളോ സംഭാവനയായി ലഭ്യമാക്കി. സഹകരണ സ്ഥാപനങ്ങൾ, പൂർവ്വവിദ്യാർത്ഥി സംഘടനകൾ, സാംസ്‌കാരിക-യുവജന സംഘടനകൾ, വായനശാല എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കി. ബ്ലോക്ക് മാതൃക പിന്തുടർന്ന് ജില്ലയിലെ തെരഞ്ഞെടുത്ത 30 ഹൈസ്‌കൂളുകളിൽ എട്ടാം ക്ലാസ് മുറികളിൽ നടപ്പാക്കാൻ ജില്ലാ പഞ്ചായത്തും തീരുമാനിച്ചിട്ടുണ്ട്.
പ്രൊഫ കെ യു അരുണൻ എം എൽ എ അധ്യക്ഷത വഹിച്ചു. അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ അവാർഡ് ദാനം നിർവ്വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് ബി പി ഒ ടി എസ് സജീവൻ വിദ്യാർത്ഥികൾക്ക് സ്വയംപര്യാപ്ത ക്ലാസ് മുറികളിലെ കുട്ടികൾ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ എന്നിവർ മുഖ്യാതിഥികളായി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജയ സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് വത്സല ബാബു, വെള്ളാങ്ങല്ലൂർ ബി പി ഒ ഇ എസ് പ്രസീത, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വെള്ളാങ്ങല്ലൂർ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Comments are closed.