News in its shortest

ഡിജിറ്റലൈസേഷൻ: വായനയുടെ പുതിയ വാതായനം തുറന്ന് കേരള സാഹിത്യ അക്കാദമി

നവസാങ്കേതിക സങ്കേതകങ്ങൾ വായന ഇല്ലാതാകുന്നുവെന്ന് ആക്ഷേപമുയുരന്ന കാലത്ത് ഡിജിറ്റൽ സാങ്കേതികത മുതലാക്കി മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നവമാനം നൽകുകയാണ് കേരള സാഹിത്യ അക്കാദമി ലൈബ്രറി.

ലോകത്തിന്റെ ഏത് കോണിലുള്ള മലയാളികൾക്കും പഴയ കലാ സാഹിത്യ കൃതികൾ വായിക്കാൻ കഴിയും വിധം വിപുലമായ ഡിജിറ്റൽ ലൈബ്രറി ഒരുക്കിയാണ് കേരള സാഹിത്യ അക്കാദമി മലയാള കൈരളിക്ക് പുതിയമുഖം നൽകുന്നത്.

മലയാളത്തിലെ ആദ്യത്തെ യാത്രവിവരണമായ സംക്ഷേപ വേദാന്തത്തെ ഡിജിറ്റൽ രൂപത്തിലാക്കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. വെബ്സൈറ്റിൽ സ്‌കാൻ ചെയ്താണ് ലൈബ്രറി വിശാല വായനയ്ക്ക് അവസരം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ എഴുതപ്പെട്ട പഴയകാല ഗ്രന്ഥങ്ങൾ, ആനുകാലികങ്ങൾ, പുസ്തകങ്ങൾ എന്നിവ ദ്രവിച്ച് പോകുന്നതിന് മുൻപ് അതിന്റെ ആധികാരികത ഒട്ടും ചോർന്ന് പോകാതെ അതേപടി ഡിജിറ്റൽ രൂപത്തിൽ സമാഹരിച്ചിരിക്കുകയാണ് ഇവിടെ.

തികച്ചും സൗജന്യമായി മലയാള സാഹിത്യ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുന്നത്. ആയിരം പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ വായനക്കാർക്ക് ലഭ്യമാണ്. ശക്തൻ തമ്പുരാൻ തുടങ്ങിയ മംഗളോദയത്തിന്റെ ലക്കങ്ങളും ഡിജിറ്റൽ രൂപത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പതിനായിരത്തോളം പുസ്തകങ്ങൾ സ്‌കാൻ ചെയ്ത് ഇമേജ് രൂപത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ഈ പുസ്തകങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്തിനുള്ള ശ്രമത്തിലാണ് അക്കാദമിയിപ്പോൾ. ഒരു എഴുത്തുകാരൻ മരിച്ച് അറുപത് വർഷം കഴിഞ്ഞാൽ അദ്ദേഹത്തിന്റെ കൃതികളുടെ പകർപ്പവകാശം പൊതുസ്വത്തായി മാറും. ഈ സാധ്യത ഉപയോഗിച്ചാണ് ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഉള്ളൂർ എസ് പരമേശ്വരൻ നായരുടെ എല്ലാ കൃതികളും ഡിജിറ്റൽ രൂപത്തിൽ വെബ്സൈറ്റിൽ വായനക്കാർക്ക് വായിക്കാം. കേരള ഡിജിറ്റലൈസേഷൻ ഹബ് പദ്ധതിയുടെ ഭാഗമായി 2017 സാമ്പത്തിക വർഷത്തിൽ രണ്ട് കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. മഹാകവി വള്ളത്തോളിന്റെ 141-ാം ജന്മദിനത്തിന്റെ ഭാഗമായി ഒക്ടോബർ 13 ന് അദ്ദേഹത്തിന്റെ എല്ലാ കൃതികളും വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിരുന്നു.

2020 ജനുവരി ഒന്നിന് കുമാരനാശന്റെ എല്ലാ കൃതികളും വായനക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അക്കാദമിയും ലൈബ്രറി അംഗങ്ങളും. ഒരു എഴുത്തുകാരന്റെ കൃതികൾ എല്ലാം ഒരു പുസ്തകം പോലെ വായനക്കാർക്ക് ഒരുമിച്ച് ലഭിക്കുന്നതിനുള്ള സൗകര്യം ഡിജിറ്റലൈസേഷലൂടെ സാധ്യമാകും. keralasahithyaacademy.org എന്ന വെബ്സൈറ്റിലൂടെ ഡിജിറ്റൽ രൂപത്തിലുള്ള പുസ്തകങ്ങൾ വായിക്കാം.

Comments are closed.