News in its shortest

പള്ളൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തി

മാഹിയില്‍ പള്ളൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ബാബു കണ്ണിപ്പൊയിലിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. ബാബു മുന്‍ നഗരസഭ കൗണ്‍സിലര്‍ കൂടിയാണ്.

ചൊവ്വാഴ്ച സിപിഐഎം കണ്ണൂരിലും മാഹിയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് രണ്ടിടത്തും പൊലീസ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജാഗ്രത പുലര്‍ത്തുന്നുണ്ട്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

സിപിഐ(എം) മാഹി ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ മാഹി നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിനെ ആര്‍ എസ് എസ് ക്രിമിനലുകള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സമാധാനം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസിന്റെ കൊലക്കത്തി താഴെ വെക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകത്തിലൂടെ തെളിയുന്നത്.ഒരു വര്‍ഷം മുന്‍പ് ബാബുവിനെ ആര്‍ എസ് എസുകാര്‍ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നെങ്കിലും അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കൂത്തുപറമ്പില്‍ ആര്‍ എസ് എസിന്റെ ആയുധപരിശീലന ക്യാമ്പ് കഴിഞ്ഞതിന് ശേഷമാണ് നിഷ്ഠൂരമായിട്ടുള്ള ഈ കൊലപാതകം നടന്നത്.ഇത് ആര്‍ എസ് എസ് നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണ്.കൊലപാതക ഗൂഡാലോചനയെ കുറിച്ച് കൂടി പോലീസ് അന്വേഷിക്കണമെന്നും എത്രയും പെട്ടന്ന് പ്രതികളെ പിടികൂടണമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.ആര്‍ എസ് എസിന്റെ കാട്ടാളത്തത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് പാര്‍ട്ടി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Comments are closed.