News in its shortest

വര്‍ണ്ണവിസ്മയങ്ങളുടെ കുടമാറ്റകാഴ്ചകളുമായി തൃശൂര്‍ പൂരം


തേക്കിന്‍കാട് മൈതാനത്ത് നിറഞ്ഞുകവിഞ്ഞ പുരുഷാരത്തിനും ടെലിവിഷന്‍ ചാനലുകളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മുമ്പിലെത്തിയ പതിനായിരങ്ങള്‍ക്കും വര്‍ണവിസ്മയങ്ങളുടെ മഴവില്‍ കാഴ്ചകള്‍ സമ്മാനിച്ച് തൃശൂര്‍ പൂരത്തിന്റെ വിശ്വപ്രസിദ്ധ ചടങ്ങായ കുടമാറ്റം ! തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ക്കായി തെക്കെഗോപുര നടയില്‍ അണിനിരന്ന പതിനഞ്ച് വീതം കരിവീരന്മാരുടെ മുകളിലാണ് ആലവട്ടവും വെണ്‍ചാമരവും വര്‍ണക്കുടകളും നിറങ്ങളുടെ തിരമാല തീര്‍ത്തത്. മേളപ്പെരുക്കത്തിന്റെ കാലക്കണക്കുകള്‍ക്കൊപ്പിച്ച് താളമിട്ടലച്ച് കയറുന്ന പുരുഷാരപ്പെരുമ തേക്കിന്‍കാട് മൈതാനത്തെ മറ്റൊരു വര്‍ണക്കടലാക്കിമാറ്റി. ബുധനാഴ്ച രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെ പൂരത്തിന് വിളിച്ചുണര്‍ത്തായി. തുടര്‍ന്ന് താളമേളങ്ങളോടെ ഘടകപ്പൂരങ്ങള്‍ ശ്രീമൂലസ്ഥാനത്തേക്കു വരവ് തുടങ്ങി.

കണിമംഗലം ശാസ്താ ക്ഷേത്രത്തിനുപുറമേ ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രം, പനമുക്കമ്പിളളി ശ്രീധര്‍മ്മശാസ്താക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാണ് ഘടകപൂരങ്ങള്‍ ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നളളിയത്.

പഴയനടക്കാവില്‍ മഠത്തില്‍ വരവിന്റെ ആകര്‍ഷണമായ പഞ്ചവാദ്യത്തിനു പതിവുപോലെ ആയിരങ്ങള്‍ കാണികളായി. കോങ്ങാട് മധുവിന്റെ പ്രമാണത്തില്‍ കാലഭേദങ്ങളുടെ സൂക്ഷ്മാംശങ്ങള്‍ ശ്രോതാക്കള്‍ക്ക് പകര്‍ന്ന പഞ്ചവാദ്യം അവിസ്മരണീയ അനുഭവമായി. 17 വീതം തിമിലയും കൊമ്പും 9 മദ്ദളവും 4 ഇടക്കയും താളവാദ്യകലാകാരന്‍മാരും ചേര്‍ന്ന പഞ്ചവാദ്യവും നായ്ക്കനാലില്‍ മദ്ധ്യകാലവും തീരുകലാശവും കൊട്ടിതീര്‍ത്ത് എഴുന്നളളത്തായി വടക്കുംന്നാഥക്ഷേത്രത്തിലേക്ക് നീങ്ങി. ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു പാറമേക്കാവ് ഭഗവതിയുടെ പുറത്തേക്കെഴുന്നള്ളത്ത്. പാറമേക്കാവ് ദേവസ്വത്തിന്റെ ആന ശ്രീപത്മനാഭന് ശാരീരിക ക്ഷീണമുളളതിനാല്‍ ഗുരുവായൂര്‍ നന്ദന്റെ പുറത്ത്, പെരുവനം കുട്ടന്‍മാരാരുടെ ചെമ്പട മേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി പുറത്തേക്കെഴുന്നുളളി. തുടര്‍ന്ന് രണ്ട് മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ഇലഞ്ഞിത്തറയില്‍ പ്രസിദ്ധ ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി.

പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളത്തിന്റെ താളകണക്കുകളെ വിരലുയര്‍ത്തി എണ്ണം പിടിച്ച് ആസ്വാദിക്കുന്ന ആയിരങ്ങളുടെ ആസ്വാദന പെരുക്കം ! ഇലഞ്ഞിച്ചോട്ടില്‍ പ്രേക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടെ എത്തിയപ്പോള്‍ ആവേശത്തിന്റെ കാലം ഇരട്ടിച്ചു. മേള പ്രമാണി പെരുവനം കുട്ടന്‍മാരാരെ പൊന്നാട ചാര്‍ത്തി ആദരിച്ച മുഖ്യമന്ത്രിക്ക് നിരവധി മേളങ്ങള്‍ക്ക് നാദം വിരിയിച്ച വാദ്യകോല്‍ സമ്മാനിച്ച് കുട്ടന്‍മാരാര്‍ ഉപചാരം കാട്ടി. എത്ര കൊട്ടിയാലും ഇലഞ്ഞിത്തറയില്‍ മടപ്പുണ്ടാവില്ലെന്ന് കുട്ടന്‍മാരാരുടെ പ്രതിസ്പന്ദം. മന്ത്രി വി എസ് സുനില്‍കുമാര്‍, മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ തുടങ്ങിയവരും ഇലഞ്ഞിത്തറയില്‍ കീഴെ സജീവമായി. രണ്ടേമുക്കാലോടെ ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിയുടെ പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണം. ഇലഞ്ഞിത്തറയിലും ശ്രീമൂലസ്ഥാനത്തുമായി പാണ്ടിമേളപൂരം. ഇടത്ത് കലാശവും, അടിച്ച് കലാശവും, തകൃതയും ത്രിപുടയും മുട്ടിന്‍മേല്‍ ചെണ്ടയും കുഴഞ്ഞ് മറിയലുമായി കാണികളെ മേളപ്പെരുക്കാത്താന്‍ കുഴഞ്ഞ് മറിയിച്ച് ഇലഞ്ഞിത്തറ മേളവും ശ്രീമൂലസ്ഥാനം പാണ്ടിയും ഇത്തവണയും ഗംഭീരമായി.

തുടര്‍ന്ന് വൈകീട്ട് അഞ്ചരയോടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ തെക്കേ ഗോപുരനടയില്‍ മുഖാമുഖം അണിനിരന്നു. തുടര്‍ന്ന് പ്രസിദ്ധമായ കുടമാറ്റത്തിന്റെ വര്‍ണ്ണവിസ്മയങ്ങള്‍ക്ക് ലോകം സാക്ഷിയായി. ഇത്തവണ പുരാഘോഷങ്ങള്‍ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എം വി ജയരാജന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ,കേരള പോലീസ് അക്കാദമി ഡയറക്ടര്‍ പി സന്ധ്യ തുടങ്ങി നിരവധി പേരാണ് പൂരനഗരിയിലെത്തിയത്. രാത്രി പരയ്ക്കാട് തങ്കപ്പന്‍ മാരാരുടെ പ്രമാണത്തില്‍ നടന്ന പാറമേക്കാവിന്റെ പഞ്ചവാദ്യം ആസ്വാദകര്‍ക്ക് നവീനനുഭവമായി. തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ സവിശേഷ അലങ്കാരമായ വെടിക്കെട്ടും നടന്നു. ഇന്ന് രാവിലെ ഒന്‍പതരയോടെ പകല്‍പൂരത്തിന് ശേഷം ശ്രീമൂലസ്ഥാനത്ത് പൂരം വിട ചൊല്ലി പിരിയും.

Comments are closed.