ജനകീയ കൂട്ടായ്മയോടെ സിപിഐഎം കിള്ളിയാര്‍ പുനരുജ്ജീവിപ്പിക്കുന്നു
നദികളുടെ പുനരുദ്ധാരണം സിപിഐഎം പാര്‍ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന തീരുമാനങ്ങളിലൊന്നാണ്. ഓരോ ഏരിയാ കമ്മിറ്റിയും ഒരു നദിയോ തോടോ എങ്കിലും വൃത്തിയാക്കുകയും സുസ്ഥിരമാക്കുകയും വേണം. അങ്ങനെ വലിയ ബഹുജന പങ്കാളിത്തത്തോടെ കേരളത്തിലെ നദികള്‍ പുനരുജ്ജീവിക്കാന്‍ പോവുകയാണ്. തിരുവനന്തപുരത്ത് നെടുമങ്ങാട് ഏരിയാ കമ്മിറ്റി തിരഞ്ഞെടുത്തത് കിള്ളിയാറാണ്. നെടുമങ്ങാടിനടുത്ത് ആനാടു നിന്നും ഉത്ഭവിച്ച് തിരുവനന്തപുരം നഗരത്തിലൂടെ ഒഴുകി തിരുവല്ലത്ത് കരമനയാറുമായി ചേര്‍ന്ന് സമുദ്രത്തില്‍ ലയിക്കുന്നു.
തിരുവനന്തപുരം നഗരം വരെയുള്ള ഭാഗമാണ് ഇപ്പോള്‍ പുനരുദ്ധാരണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ഇതിന് കിള്ളിയാര്‍ ഒരുമയ്ക്കു രൂപം നല്‍കിയിരിക്കുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. കരകുളം പഞ്ചായത്തിന്റെ ജനകീയ പഠനകേന്ദ്രമാണ് ലഭ്യമായ സ്ഥിതിവിവരക്കണക്കുകള്‍ ക്രോഡീകരിച്ച് ഈ കര്‍മ്മ പരിപാടിയ്ക്കു രൂപം നല്‍കിയത്. ജനകീയാസൂത്രണത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഈ അഭിമാന നേട്ടങ്ങളിലൊന്നായ ഈ പഠനകേന്ദ്രം ഇന്നും സജീവമായി അരങ്ങില്‍ നില്‍ക്കുന്നതു കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
വിപുലമായ പരിപാടിയാണ് നദിയുടെ പുനരുദ്ധാരണത്തിനുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. ജനപ്രതിനിധികളെയും സാങ്കേതിക വിദഗ്ധരെയും ഗുണഭോക്താക്കളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകരും പ്രകൃതി സ്‌നേഹികളും പങ്കെടുത്ത കിള്ളിയാര്‍ കൂട്ടായ്മയാണ് ആദ്യത്തേത്. കഴിഞ്ഞ മാര്‍ച്ച് എട്ടിന് നെടുമങ്ങാട് ടൗണ്‍ ഹാളില്‍ തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി കിള്ളിയാര്‍ ഒരുമ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. അടുത്ത ഘട്ടം മുന്‍സിപ്പല്‍ ഗ്രാമപഞ്ചായത്തുതല കണ്‍വെന്‍ഷനാണ്.
തുടര്‍ന്ന് പ്രാദേശിക ജനകീയ കണ്‍വെന്‍ഷന്‍. ജനപ്രതിനിധികളും സാങ്കേതികവിദഗ്ധരും സന്നദ്ധ പ്രവര്‍ത്തകരും ഒന്നിച്ച് അഞ്ചു ഗ്രൂപ്പായി തിരിഞ്ഞ് പുഴയോരത്തു കൂടി നടക്കുന്നതാണ് അടുത്ത പ്രവര്‍ത്തനം. വിളമ്പര ജാഥകളും കലാജാഥകളും സംഘടിപ്പിക്കുന്നുണ്ട്. നെടുമങ്ങാട് മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, പനവൂര്‍, ആനാട്, അരുവിക്കര, കരകുളം ഗ്രാമപഞ്ചായത്തുകള്‍, ഹരിതകേരള മിഷന്‍, ജില്ലാ പഞ്ചായത്ത്, ജലശ്രീ എന്നിവ ചേര്‍ന്നുള്ള ജനകീയ സംരംഭമാണ് കിള്ളിയാര്‍ മിഷന്‍.
കരിഞ്ചാത്തിമൂലയിലെ ഉത്ഭവ സ്ഥലത്തു നിന്നും ആരംഭിച്ച് വഴയില വരെയുള്ള 22 കിലോമീറ്ററാണ് ശുചീകരിച്ച് സംരക്ഷിക്കപ്പെടുന്നത്. കൂടാതെ ഈ ഭാഗങ്ങളില്‍ കിള്ളിയാറില്‍ പതിക്കുന്ന 32 തോടുകളും നീര്‍ച്ചാലുകളും ഇതിന്റെ ഭാഗമായി സംരക്ഷിക്കപ്പെടുന്നു. ഈ പ്രദേശങ്ങളിലാകെ പ്രാദേശിക കിള്ളിയാര്‍ മിഷന്‍ സമിതികള്‍ക്കുള്ള ജനകീയ കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇത് മാര്‍ച്ച് 28 ന് പൂര്‍ത്തീകരിക്കും.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളാകെ ഈ പദ്ധതിയില്‍ പങ്കാളികളാകുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. വിപുലമായ ജനപങ്കാളിത്തത്തോടെ കിള്ളിയാര്‍ പുനര്‍ജനിക്കും.
Comments are closed.