സര്‍ക്കാരിലേക്ക് ഇനി ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം
ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കൈയിലുണ്ടോ? റെവന്യൂ, നികുതി, വിദ്യാഭ്യാസം, കോടതി, രജിസ്ട്രേഷന്, പോലീസ് തുടങ്ങി 63 വകുപ്പുകളുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് പണമടയ്ക്കാന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ബന്ധപ്പെട്ട ഓഫീസുകളിലേയ്ക്കോ ട്രഷറിയിലേയ്ക്കോ പോകേണ്ടതില്ല. വിവരവകാശനിയമപ്രകാരം പണമടയ്ക്കാനും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം ഏതു ബാങ്കിന്റെ കാര്‍ഡാണെങ്കിലും പ്രശ്നമില്ല.
സര്‍ക്കാരിലേയ്ക്ക് പണമടയ്ക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ www.etreasury.kerala.gov.in എന്ന സൈറ്റിലാണ് കാര്‍ഡ് വഴി പണമടയ്ക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഇ ട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളുടെ ബ്രാഞ്ചുകള്‍, സംസ്ഥാനത്തെ ട്രഷറി കൌണ്ടറുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി പണമടയ്ക്കാന്‍ നേരത്തെ സൗകര്യമുണ്ടായിരുന്നു. ഇപ്പോള്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കാന്‍ ഫെഡറല്‍ ബാങ്കാണ് സാങ്കേതിക സഹായം നല്‍കിയിരിക്കുന്നത്.
മറ്റു ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണം സര്‍ക്കാര്‍ ട്രഷറിയിലേയ്ക്ക് ഒടുക്കാനാണ് ഇപ്പോള്‍ സൗകര്യമുള്ളത്. അടുത്ത പടി ട്രഷറി അക്കൗണ്ടിലുള്ള പണം ഉപയോഗിച്ച് സാധാരണ സാമ്പത്തിക വിനിമയങ്ങള്‍ ഒരുക്കുന്നതിനുള്ള സൗകര്യമേര്പ്പെടുത്തലാണ്. കാര്‍ഡ് വഴി പണമടയ്ക്കാന്‍ സൗകര്യമുള്ള ഏതു വ്യാപാര സ്ഥാപനത്തിലും ട്രഷറിയില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന കാര്‍ഡുകള്‍ നടപ്പാക്കും. ഇതിനായി ഫെഡറല്‍ ബാങ്കുമായി കോ ബ്രാന്‍ഡിംഗ് നടത്തുന്നതാണ്.
പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ ബന്ധമുള്ള ധനകാര്യസ്ഥാപനം എന്ന നിലയില്‍ ട്രഷറികളുടെ പശ്ചാത്തല സൗകര്യങ്ങളും സേവനത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തണമെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഏറ്റവും ആധുനികമായ സൗകര്യങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ട്രഷറിയില്‍ യാഥാര്‍ത്ഥ്യമാകും.
Comments are closed.