News in its shortest

സിപിഐഎമ്മിന് മുന്നില്‍ ബിജെപി സര്‍ക്കാര്‍ കീഴടങ്ങി, കര്‍ഷക സമരം പിന്‍വലിച്ചു


മുംബൈയെ ചെങ്കടലാക്കി സിപിഐഎമ്മിന്റെ അഖിലേന്ത്യ കര്‍ഷക സഭ നടത്തിയ കര്‍ഷക സമരത്തിന് മുന്നില്‍ ബിജെപി സര്‍ക്കാര്‍ മുട്ടുകുത്തി. മഹാരാഷ്ട്രയുടെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് മുംബൈയിലേക്ക് ചെങ്കൊടിയേന്തി എത്തിയ ആയിരക്കണക്കിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ ഗത്യന്തരമില്ലാതെ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ അംഗീകരിച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി സര്‍ക്കാര്‍ എഴുതി ഒപ്പിട്ട് നല്‍കി.

കാര്‍ഷിക വായ്പ എഴുതി തള്ളണമെന്നും താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ 50,000 ത്തോളം ദരിദ്ര കര്‍ഷകരാണ് മുംബൈയില്‍ നിയമസഭ വളയാനെത്തിയത്. ഒരാഴ്ച കൊണ്ട് 180 കിലോമീറ്ററോളം നാസിക്കില്‍ നിന്നും നടന്നാണ് കര്‍ഷകര്‍ മുംബൈയിലെത്തിയത്. സമരത്തെ അവസാന നിമിഷം വരെ സര്‍ക്കാരും മാധ്യമങ്ങളും അവഗണിച്ചെങ്കിലും കര്‍ഷകരുടെ സമരവീര്യത്തിന് മുന്നില്‍ അവര്‍ അടിയറവ് പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള ശുപാര്‍ശകളും നടപ്പിലാക്കണമെന്ന് കര്‍ഷകര്‍ ആവശ്യമുന്നയിച്ചിരുന്നു.

വര്‍ഷങ്ങളായി തങ്ങള്‍ കൃഷി ചെയ്യുന്ന സ്ഥലം തങ്ങളുടെ പേരില്‍ എഴുതി നല്‍കണമെന്നും എക്‌സ്പ്രസ് ഹൈവേകള്‍ക്കും ബുള്ളറ്റ് ട്രെയിനിനും വേണ്ടി പിടിച്ചെടുത്ത കാര്‍ഷിക ഭൂമിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. കൃഷി നാശം സംഭവിച്ചവര്‍ക്ക് ഏക്കറിന് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.

കഠിനമായ ചൂടും പൊട്ടിയ പാദങ്ങളുമൊന്നും അവരുടെ സമരവീര്യത്തെ തളര്‍ത്തിയിരുന്നില്ല.

ത്രിപുരയിലെ തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടര്‍ന്ന് സിപിഐഎമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ബിജെപിയും കോണ്‍ഗ്രസും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതിനിടയിലാണ് ഒരു ആഴ്ച കൊണ്ട് ദേശീയ തലത്തില്‍ പാര്‍ട്ടി ശക്തി തെളിയിച്ചത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.