News in its shortest

കര്‍ഷക സമരം: പിന്തുണച്ച് സോഷ്യല്‍ മീഡിയ, രോഷംപൂണ്ട് ബിജെപി അനുകൂലികള്‍, വാ തുറക്കാതെ ബോളിവുഡും ക്രിക്കറ്റ് ലോകവും


പറ പെറും. ചക്കി കുത്തും. അമ്മ വയ്ക്കും. ഞാന്‍ തിന്നും. എന്ന് പറഞ്ഞതു പോലെയാണ് ഇന്ന് കാര്‍ഷികേതര കുടുംബങ്ങളിലെ അവസ്ഥ. എന്നാല്‍ മുംബൈയില്‍ കര്‍ഷകര്‍ നടത്തുന്ന ലോംഗ് മാര്‍ച്ചിന് സോഷ്യല്‍ മീഡിയയില്‍ ഏറെ പിന്തുണ ലഭിച്ചു. ഈ പിന്തുണയിലും ശക്തമായ സമരത്തിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതിലും രോഷം പൂണ്ട് ബിജെപി അനുകൂലികളും രംഗത്തെത്തി.

ഇന്ത്യയിലെ 99 ശതമാനം ജനങ്ങളുടേയും മുന്‍തലമുറ കര്‍ഷകരായിരുന്നതിനാല്‍ ഇന്നത്തെ തലമുറയ്ക്ക് കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുക എളുപ്പമായിരുന്നു. അതേസമയം ബിജെപി അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആശങ്ക കര്‍ഷകര്‍ ചെങ്കൊടിയേന്തുന്നതിലായിരുന്നു. കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ അവര്‍ കര്‍ഷകരെ ചുവപ്പ് ഭീകരതയുടെ വാഹകരായും അവരെ പിന്തുണയ്ക്കുന്നവരെ നാഗരിക നക്‌സലൈറ്റുകളായും ചിത്രീകരിച്ചു. കര്‍ഷകരെ അപമാനിക്കുന്ന രീതിയിലായിരുന്നു അവരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍.

കര്‍ഷകരെ അനുകൂലിച്ചവരാകട്ടെ ബിജെപി സര്‍ക്കാരിനോട് കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള  എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിങില്‍ മുമ്പന്തിയിലായിരുന്നു.

അതേസമയം മുംബൈയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നടക്കുന്ന കര്‍ഷക സമരത്തെ കുറിച്ച് അറിഞ്ഞ മട്ടില്ല ബോളിവുഡിലെ സൂപ്പര്‍ താരങ്ങളും ക്രിക്കറ്റ് താരങ്ങളും. ഇക്കൂട്ടരില്‍പ്പെട്ട ആരും സമരത്തെ കുറിച്ച് ഒരുഅക്ഷരവും മിണ്ടിയിട്ടില്ല.

ദേശീയ മാധ്യമങ്ങള്‍ സമരത്തെ അവഗണിച്ചതിന് ഒരുകാരണമുണ്ട്. കര്‍ഷകര്‍ ഈ പത്രങ്ങള്‍ വാങ്ങുകയോ ചാനലുകള്‍ കാണുകയോ ചെയ്യുന്നില്ല. പരസ്യം നല്‍കാനുള്ള പാങും കര്‍ഷകര്‍ക്കില്ല. സ്വഭാവികമായും രാഷ്ട്രീയ താല്‍പര്യങ്ങള്‍ കൂടി കലര്‍ന്നപ്പോള്‍ വാര്‍ത്തയെ തമസ്‌കരിക്കുകയായിരുന്നു മാധ്യമങ്ങള്‍.

മുപ്പതിനായിരത്തിലധികം കര്‍ഷകര്‍ സമര യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ മൊത്തം 7000-ത്തില്‍ അധികം പേര്‍ യാത്രയിലില്ലെന്നും കര്‍ഷകരായി അഞ്ഞൂറോളം പേര്‍ മാത്രമേയുള്ളൂവെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കി എഎന്‍ഐ പരിഹാസ്യരാകുന്ന കാഴ്ചയും കണ്ടു. പക്ഷപാതിത്വം കാട്ടുന്ന മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ തിരിച്ചടിച്ചു.

സിപിഐഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കര്‍ഷക സഭ നടത്തുന്ന സമരത്തിന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഈ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ അണിനിരന്നു. പലരും സ്വന്തം പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ വച്ച് പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ നിയമസഭയിലേക്ക് മാര്‍ച്ച് ചെയ്യുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നതിനാല്‍ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി ഞായറാഴ്ച രാത്രി തന്നെ നിയമസഭയുടെ അടുത്തുള്ള മൈതാനത്തില്‍ കര്‍ഷകര്‍ എത്തിച്ചേരാന്‍ തീരുമാനിച്ചതും സോഷ്യല്‍ മീഡിയയുടെ കൈയടി നേടി. നഗരവാസികളുടെ കുട്ടികളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെട്ട കര്‍ഷകരുടെ കുട്ടികളുടെ ഭാവിയെ കുറിച്ച് സര്‍ക്കാരും ചിന്തിക്കണമെന്ന് ആവശ്യവും ഉയര്‍ന്നു.

Comments are closed.