പി.എം.എ.വൈ: വീടിനുളള നിരക്ക് നാലു ലക്ഷം രൂപ; സര്‍ക്കാരിന് 460 കോടിയുടെ അധികബാധ്യത
പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവനപദ്ധതിയില്‍ ഒരു വീടിനുളള നിരക്ക് മൂന്നു ലക്ഷം രൂപയില്‍ നിന്ന് നാലു ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. 2017-18 സാമ്പത്തികവര്‍ഷം മുതല്‍ നടപ്പാക്കുന്ന ലൈഫ് മിഷന് സമ്പൂര്‍ണപാര്‍പ്പിടപദ്ധതിയില്‍ ഒരു വീടിനുളള ചെലവ് നാലു ലക്ഷം രൂപയാണ്. ലൈഫ് പദ്ധതിയുടെ യൂണിറ്റ് നിരക്കുമായി ഏകീകരിക്കാനാണ് പി.എം.എ.വൈ പദ്ധതിയിലെ നിരക്ക് ഉയര്‍ത്തിയത്.
നിലവില്‍ പി.എം.എ.വൈ പദ്ധതിയില്‍ 1.5 ലക്ഷം രൂപ കേന്ദ്രവിഹിതവും അമ്പതിനായിരം രൂപ സംസ്ഥാനവിഹിതവും അമ്പതിനായിരം രൂപ നഗരസഭാ വിഹിതവും അമ്പതിനായിരം രൂപ ഗുണഭോക്തൃ വിഹിതവുമാണ്. പുതിയ തീരുമാനമനുസരിച്ച് നഗരസഭാവിഹിതം രണ്ടുലക്ഷം രൂപയായി ഉയരും. ഗുണഭോക്തൃവിഹിതം ഉണ്ടാകില്ല. കേന്ദ്രവിഹിതം 1.5 ലക്ഷം രൂപയും സംസ്ഥാനവിഹിതം അമ്പതിനായിരം രൂപയും എന്നതില്‍ മാറ്റമില്ല.
പി.എം.എ.വൈ പദ്ധതിയുടെ യൂണിറ്റ് നിരക്ക് നാലുലക്ഷമായി ഉയര്‍ത്തുന്നതു മൂലം നടപ്പ് സാമ്പത്തികവര്‍ഷം 459 കോടി രൂപയുടെ അധികബാധ്യത സര്‍ക്കാരിനുണ്ടാകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ പരിധിയില്‍ ഭൂരഹിത-ഭവനരഹിതര്‍ക്ക് വീട് വെച്ചു നല്‍കുന്നതും കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ലൈഫ് സമ്പൂര്‍ണ ഭവനപദ്ധതിയുടെ വിജയത്തിന് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്ന സംഭാവനകള്‍ക്ക് പൂര്‍ണ ആദായനികുതി ഇളവ് ലഭ്യമാക്കുന്നതിന് ഈ തീരുമാനം.
അട്ടപ്പാടിയില്‍ ഐ.ടി.ഡി.പി ഓഫീസര്‍ തസ്തിക
അട്ടപ്പാടിയില്‍ ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്പ്മെന്റ് പ്രോജക്റ്റ് ഓഫീസറുടെ തസ്തിക (ഡെപ്യൂട്ടി ഡയറക്റ്റര്‍ കേഡര്‍) സൃഷ്ടിക്കുവാനും ഈ തസ്തികയില്‍ പട്ടികവര്ഗവികസനവകുപ്പിലെ ഡെപ്യൂട്ടി ഡയറക്റ്റര്‍ കേഡറിലുളള ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനിച്ചു. ഗ്രാമവികസനവകുപ്പിലെ എ.ഡി.സി. തസ്തിക നിര്‍ത്തലാക്കിയാണ് പുതിയ തസ്തിക സൃഷ്ടിക്കുന്നത്. വിവിധ വകുപ്പുകളിലൂടെ അട്ടപ്പാടിയില്‍ നടപ്പാക്കുന്ന പട്ടികവര്ഗക്ഷേമപദ്ധതികള് കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനാണ് പുതിയ തസ്തിക സൃഷ്ടിക്കുന്നത്.
ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷനില്‍ നിന്നും കുടിയിറക്കപ്പെട്ട 155 കുടുംബങ്ങളെ പുനഃരധിവസിപ്പിക്കുന്നതിന് കുടുംബത്തിന് ഒരു ഏക്കര്‍ വീതം ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചു. ഇവര്‍ക്ക് പെരിഞ്ചാംകുട്ടിയില്‍ തന്നെ ഭൂമി നല്‍കും.
വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളായ വിജയകുമാര്‍-ബിന്ദു ദമ്പതികളുടെ അനാഥരായ കുട്ടികളെ സാമൂഹ്യസുരക്ഷാ മിഷന്റെ സ്നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഈ പദ്ധതിയില്‍ വരുന്ന കുട്ടികള്‍ക്ക് പഠനത്തിന് നിശ്ചിത തുക സ്റ്റൈപെന്‍ഡായി ലഭിക്കും. ഈ കുട്ടികള്‍ക്ക് വീട് വെക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. ഇതിനു പുറമെ കുട്ടികളുടെ പേരില്‍ ഓരോ ലക്ഷം രൂപ ബാങ്കില്‍ സ്ഥിരം നിക്ഷേപമിടാനും അതിന്റെ പലിശ കുട്ടികളുടെ പഠനത്തിന് ഉപയോഗിക്കാനും തീരുമാനിച്ചു. ഇതിനുളള രണ്ടുലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കും.
മാര്‍ച്ച് ഒന്നുമുതല്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിക്കുമ്പോള്‍ സൂപ്പര്‍ എയര്‍ എക്സ്പ്രസ്, മള്‍ടി ആക്സില്‍, സ്കാനിയ, വോള്‍വോ, ജന്റം, ജന്റം എ.സി എന്നിവയുടെ നിരക്കും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. സൂപ്പര്‍ എയര്‍ എക്സ്പ്രസ്സിന്റെ നിരക്ക് കിലോമീറ്ററിന് 85 പൈസയില്‍നിന്ന് 93 പൈസയായി വര്‍ദ്ധിക്കും. മള്‍ടി ആക്സില്‍, സ്കാനിയ, വോള്‍വോ നിരക്ക് 1.91 രൂപയില്‍നിന്ന് 2 രൂപയാകും. ജന്റം എ.സി.യുടെ കിലോമീറ്റര്‍ നിരക്കില്‍ മാറ്റമില്ല. എന്നാല്‍ മിനിമം ചാര്‍ജ് 15 രൂപയില്‍ നിന്ന് 20 രൂപയാകും. ജന്റം നോണ്‍ എ.സി. നിരക്ക് 70 പൈസയില്‍നിന്ന് 80 പൈസയാകും.
സ്വാതന്ത്ര്യസമരപോരാളി അക്കമ്മ ചെറിയാന്റെ പേരില്‍ സാംസ്കാരികസമുച്ചയം നിര്‍മിക്കുന്നതിന് ഇടുക്കി ജില്ലയിലെ പീരുമേട് വില്ലേജില്‍ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുളള 4.31 ഏക്കര്‍ സ്ഥലം സാംസ്കാരികവകുപ്പിന്റെ ഉപയോഗത്തിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചു.
കിഫ്ബിയുടെ കീഴില്‍ 100 കോടി രൂപയുടെ അംഗീകൃതമൂലധനവും 50 കോടി രൂപയുടെ അടച്ചുതീര്‍ത്ത മൂലധനവുമുളള അസെറ്റ് മാനേജ്മെന്റ് കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭാനുമതി നല്കി. അടിസ്ഥാനസൗകര്യവികസനത്തിന് വ്യത്യസ്തധനസ്രോതസ്സുകള് പ്രയോജനപ്പെടുത്തുന്നതിനാണ് ഇത്തരം സംരംഭം ഉണ്ടാക്കുന്നത്.
കേരള സെറാമിക്സ് കമ്പനി ലിമിറ്റഡിലെ തൊഴിലാളികളുടെ ദീര്‍ഘകാലക്കരാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിന് 2011 ഏപ്രില്‍ മുതല്‍ പ്രാബല്യമുണ്ടാകും. കമ്പനിയുടെ തനത് ഫണ്ടില്‍ നിന്ന് ബാധ്യത നിര്‍വഹിക്കണമെന്ന വ്യവസ്ഥയിലാണ് കരാര്‍ നടപ്പാക്കാന്‍ അനുമതി നല്‍കിയത്.
Comments are closed.