News in its shortest

അട്ടപ്പാടിയില്‍ 2017-ല്‍ മരിച്ചത് 14 കുട്ടികള്‍

അട്ടപ്പാടിയില്‍ 2017-ല്‍ 14 കുട്ടികള്‍ മരിച്ചുവെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, പിന്നോക്ക സമുദായക്ഷേമമന്ത്രി എകെ ബാലന്‍ നിയമസഭയെ അറിയിച്ചു. അട്ടപ്പാടിയില്‍ കഴിഞ്ഞ വര്‍ഷം 1142 കുട്ടികളാണ് ജനിച്ചത്. അവിടത്തെ ശിശുമരണ നിരക്ക് ആയിരത്തിന് 12 എന്നതാണ്. ഇത് കേരളത്തിലെ പൊതു ശിശുമരണ നിരക്കിന് തുല്യമാണ്. എന്നാല്‍ അഖിലേന്ത്യാതലത്തിലെ ശിശുമരണനിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ കുറവാണ്. അഖിലേന്ത്യാ ശിശുമരണ നിരക്ക് ആയിരത്തിന് 34 എന്നതാണ്.

അമ്മമാരുടെ പോഷകാഹാര കുറവ്, തന്‍മൂലമുണ്ടാകുന്ന കുഞ്ഞുങ്ങളുടെ തൂക്കക്കുറവ്, ജന്മനാലോ, പിന്നീടോ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍, പ്രസവാനന്തര പരിചരണത്തില്‍ വീടുകളില്‍ ഉണ്ടാകുന്ന ചികിത്സാ വൈമുഖ്യം, വീടുകളില്‍ പ്രസവം നടക്കുന്നത് തുടങ്ങിയ നിരവധി കാരണങ്ങളാണ് ശിശുമരണത്തിന് കാരണമാകുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കിയ നടപടികള്‍ കാരണം ശിശുമരണ നിരക്ക് ഗണ്യമായി കുറച്ചു കൊണ്ടുവരാനായിട്ടുണ്ട്.

പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയിലെ ശിശുമരണത്തെ കുറിച്ച് സര്‍ക്കാര്‍ സമഗ്ര പഠനം നടത്തുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. പാലക്കാട് മെഡിക്കല്‍ കോളെജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗമാകും പഠനം നടത്തുക.

Comments are closed.